ഗോളും അസിസ്റ്റും മാസ്മരിക പ്രകടനവും, റയൽ മാഡ്രിഡിൽ ഫോം വീണ്ടെടുത്ത് ഈഡൻ ഹസാർഡ്
ചെൽസിയിൽ നിന്നും വമ്പൻ തുകയുടെ ട്രാൻസ്ഫറിൽ തന്റെ സ്വപ്നക്ലബായ റയൽ മാഡ്രിഡിലേക്ക് ഈഡൻ ഹസാർഡ് ചേക്കേറിയിട്ട് ഏതാനും വർഷങ്ങളായെങ്കിലും ഇതുവരെയും തന്റെ പ്രതിഭയെ നീതീകരിക്കുന്ന ഒരു പ്രകടനം ബെൽജിയൻ താരത്തിന് പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഫിറ്റ്നസ് പ്രശ്നങ്ങളും പരിക്കും നിരന്തരമായി അലട്ടിയ താരത്തെ റയൽ മാഡ്രിഡ് ടീമിൽ നിന്നും ഒഴിവാക്കാനും ശ്രമിച്ചിരുന്നു. എന്നാൽ തന്റെ ഫോം വീണ്ടെടുക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിച്ച് റയൽ മാഡ്രിഡിൽ തന്നെ തുടരുകയാണ് ഹസാർഡ് ചെയ്തത്.
ഇന്നലെ സ്കോട്ടിഷ് ക്ലബായ സെൽറ്റിക്കുമായി നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താൻ റയൽ മാഡ്രിഡിൽ ഫോം കണ്ടെത്തുന്നതിന്റെ വ്യക്തമായ സൂചനകൾ താരം നൽകുകയുണ്ടായി. താരബാഹുല്യം നിറഞ്ഞ റയൽ മാഡ്രിഡിന്റെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യം അല്ലാതിരുന്ന ബെൽജിയൻ താരം ഇന്നലെ ബെൻസിമക്കു പരിക്കു പറ്റിയപ്പോൾ ലഭിച്ച അവസരം കൃത്യമായി മുതലെടുത്ത് റയലിനായി തനിക്ക് ഈ സീസണിൽ ഒരുപാട് നൽകാൻ കഴിയുമെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് നടത്തിയത്.
Hazard X Fede Valverde X Vinicius combining for our first goal against Celtic is so lovely 😍 pic.twitter.com/k3cs8IWGmn
— Chava🎈 (@Chava_snr) September 6, 2022
മത്സരത്തിന്റെ മുപ്പതാം മിനുട്ടിലാണ് ഈഡൻ ഹസാർഡ് പരിക്കേറ്റ ബെൻസിമക്കു പകരക്കാരനായി കളത്തിലിറങ്ങിയത്. അതിനു ശേഷം രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് നേടിയ മൂന്നു ഗോളുകളിലും ബെൽജിയൻ താരത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. അൻപത്തിയാറാം മിനുട്ടിൽ വിനീഷ്യസ് റയൽ മാഡ്രിഡിന്റെ ആദ്യത്തെ ഗോൾ നേടുമ്പോൾ അസിസ്റ്റ് നൽകിയ വാൽവെർദെക്ക് പാസ് നൽകിയത് ഈഡൻ ഹസാർഡായിരുന്നു. അതിനു ശേഷം ലൂക്ക മോഡ്രിച്ചിനു ഗോൾ നേടാനുള്ള പാസും താരം നൽകി.
Luka Modric goal on his 100th UCL game – Hazard assist made my day wallahi 😭🤍🫶🏼 pic.twitter.com/wu9w1naxd6
— J E E M (@JeemAlhashim) September 6, 2022
ലൂക്ക മോഡ്രിച്ചിന്റെ ഗോളിന് നൽകിയ പാസ് അസിസ്റ്റായി കണക്കുകൂട്ടാതിരുന്നത് ഹസാർഡിന്റെ നിർഭാഗ്യം കൊണ്ടാണ്. പാസ് സ്വീകരിച്ച് മോഡ്രിച്ച് ബോക്സിൽ മുന്നോട്ടു കുത്തിക്കുന്നതിനിടെ ഒരു സെൽറ്റിക് താരത്തിന്റെ ടച്ച് വന്നതു കൊണ്ടാണ് അത് ഹസാർഡിന്റെ പേരിൽ കണക്കു കൂട്ടാതിരുന്നത്. എന്നാൽ അതിനു ശേഷം റയലിന്റെ അവസാന ഗോൾ നേടാൻ താരത്തിന് കഴിഞ്ഞു. റൈറ്റ് ബാക്കായ ഡാനി കാർവാഹാൾ നൽകിയ അസിസ്റ്റിലാണ് ഹസാർഡ് ഗോൾ കണ്ടെത്തിയത്.
Watch Eden Hazard's goal for Real Madrid against Celtic.
— Chelsea FC (@InsideChelsea) September 6, 2022
If Hazard is happy, we are happy. pic.twitter.com/VUjbOJEszW
സെൽറ്റിക്കിനെതിരെ ഈഡൻ ഹസാർഡ് നടത്തിയ പ്രകടനം ചാമ്പ്യൻസ് ലീഗ് നിലനിർത്താൻ ഒരുങ്ങുന്ന റയൽ മാഡ്രിഡിന് വളരെയധികം പ്രതീക്ഷ നൽകുന്നതാണ്. ഈ പ്രകടനം കൊണ്ട് ഈ സീസണിൽ കൂടുതൽ അവസരങ്ങൾ ഹസാർഡിനെ തേടി വരുമെന്നുമുറപ്പാണ്. അതിനു പുറമെ ബെൽജിയൻ ടീമിന്റെ ലോകകപ്പ് പ്രതീക്ഷകൾക്കും ചിറകു നൽകാൻ ഹസാർഡിനു കഴിഞ്ഞിട്ടുണ്ട്.