ഗോളുമായി എംബപ്പേ, ഫ്രാൻസിന് ആദ്യ ജയം : പോളണ്ടിനെ വീഴ്ത്തി നെതർലാൻഡ്സ് : സെമി സാധ്യതകൾ സജീവമാക്കി ക്രൊയേഷ്യ : ബെൽജിയത്തിന് ജയം
യുവേഫ നേഷൻസ് ലീഗിലെ ഈ സീസണിലെ ആദ്യ ജയവുമായി ഫ്രാൻസ്. പാരീസിലെ സ്റ്റേഡ് ഡി ഫ്രാൻസിൽ നടന്ന മത്സരത്തിൽ ഓസ്ട്രിയയെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് പരാജയപ്പെടുത്തിയത് .രണ്ടാം പകുതിയിൽ കൈലിയൻ എംബാപ്പെയും ഒളിവർ ജിറൂദുമാണ് ഗോൾ നേടിയത്. ഫ്രറ്റേർസിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഹെൻറിയുടെ റെക്കോർഡിന് ഒപ്പമെത്താൻ ജിറൂഡിന് ഇനി രണ്ടു ഗോളുകൾ മതി.അഞ്ചു മത്സരങ്ങളിൽ നിന്നും അഞ്ചു പോയിന്റുമായി ഫ്രഞ്ച് ഗ്രൂപ്പിൽ മൂന്നാമതാണ്.ഡെന്മാർക്കിനെതിരെ ഞായറാഴ്ചയാണ് ഫ്രാൻസിന്റെ അടുത്ത മത്സരം. ജയം നേടി ഗ്രൂപ്പ് ബിയിലേക്കുള്ള റെലഗേഷൻ ഒഴിവാക്കാനാകും ഫ്രഞ്ച് പട ശ്രമിക്കുക.
യുവേഫ നേഷൻസ് ലീഗിൽ തകർപ്പൻ ജയവുമായി നെതർലാൻഡ്സ്. ഇന്നലെ നടന്ന എവേ മത്സരത്തിൽ ഡച്ച് ടീം പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയെപ്പെടുത്തി. ഗ്രൂപ്പിൽ അഞ്ചിൽ നാല് മത്സരങ്ങളും വിജയിച്ച ഡച്ച് ടീം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.കോഡി ഗാക്പോ സ്റ്റീവൻ ബെർഗ്വിജൻ എന്നിവരുടെ ഗോളുകൾക്കായിരുന്നു നെതർലാൻഡ്സിന്റെ ജയം.അടുത്ത വർഷത്തെ നാല് ടീമുകളുടെ നേഷൻസ് ലീഗ് ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ ഡച്ചിന് ഞായറാഴ്ച ആംസ്റ്റർഡാമിലെ ബെൽജിയത്തോട് ഹോം ഗ്രൗണ്ടിൽ ഒരു സമനില മതി.38-കാരനായ അജാക്സ് ആംസ്റ്റർഡാം ഗോൾകീപ്പർ റെംകോ പാസ്വീർ ഇന്നലെ ഹോളണ്ടിനായി അരങ്ങേറ്റം ക്കുറിച്ചു.2010 ലെ ലോകകപ്പ് സന്നാഹ സൗഹൃദ മത്സരത്തിൽ ഘാനയ്ക്കെതിരെ ഇറങ്ങിയ 40 കാരനായ സാണ്ടർ ബോഷ്ക്കറിനു ശേഷം രാജ്യത്തെ ഏറ്റവും പ്രായം കൂടിയ അരങ്ങേറ്റക്കാരനായി പാസ്വീർ മാറി.
യുവേഫ നേഷൻസ് ലീഗിൽ സെമി സാധ്യതകൾ സജീവമാക്കി ക്രൊയേഷ്യ. നിർണായക മത്സരത്തിൽ കരുത്തരായ ഡെൻമാർക്കിനെ 2-1നാണ് മോഡ്രിച്ചും സംഘവും തോൽപ്പിച്ചത്. ക്രൊയേഷ്യക്കായി സോസയും മജേറും സ്കോർ ചെയ്തപ്പോൾ, ഡെൻമാർക്കിന്റെ ഏക ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ക്രിസ്റ്റിയൻ എറിക്സൻ നേടി.ഇനി ഒരു മത്സരം മാത്രം ബാക്കി നിൽക്കെ ഗ്രൂപ്പ് എയിൽ 10 പോയിന്റുമായി ക്രൊയേഷ്യയാണ് ഒന്നാമത്. 9 പോയിന്റോടെ ഡെൻമാർക്ക് തൊട്ടു പിന്നിൽ ഉണ്ട്. അവസാന മത്സരത്തിൽ ക്രൊയേഷ്യ ഓസ്ട്രിയയേ നേരിടുമ്പോൾ, കരുത്തരായ ഫ്രാൻസാണ് ഡെൻമാർക്കിന്റെ എതിരാളികൾ. ഗ്രൂപ്പിൽ ആദ്യം എത്തുന്ന ടീമാണ് സെമിയിൽ കടക്കുക.
കിംഗ് ബൗഡോയിൻ സ്റ്റേഡിയത്തിൽ നടന്ന തങ്ങളുടെ നേഷൻസ് ലീഗ് എ പോരാട്ടത്തിൽ ബെൽജിയം 2-1ന് വെയ്ൽസിനെ പരാജയപ്പെടുത്തി.ഡി ബ്രൂയ്നും മിച്ചി ബാറ്റ്ഷുവായിയും ബെൽജിയത്തിനായി ഗോളുകൾ നേടിയപ്പോൾ കീഫർ മൂർ വെയ്ൽസിന്റെ ആശ്വാസ ഗോൾ നേടി.