ലിവർപൂളിന്റെ മോശം അവസ്ഥ, മെസ്സിയെയും ക്രിസ്റ്റ്യാനോയെയും ചൂണ്ടിക്കാണിച്ച് ക്ലോപ്

കഴിഞ്ഞ കുറച്ചു വർഷങ്ങളായി യുർഗൻ ക്ലോപിന്റെ കീഴിൽ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച ടീമാണ് ലിവർപൂൾ. യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും പ്രീമിയർ ലീഗ് കിരീടവുമൊക്കെ ക്ലോപ്പിന് കീഴിൽ നേടാൻ അവർക്ക് സാധിച്ചിരുന്നു. ഒരു ശക്തമായ ടീം തന്നെ ലിവർപൂളിന് അവകാശപ്പെടാൻ ഉണ്ടായിരുന്നു.

എന്നാൽ ഈ സീസൺ കാര്യങ്ങൾ തകിടം മറിഞ്ഞിട്ടുണ്ട്.രണ്ട് മത്സരങ്ങൾ മാത്രമാണ് ഇതുവരെ പ്രീമിയർ ലീഗിൽ വിജയിക്കാൻ സാധിച്ചിട്ടുള്ളത്.യുവേഫ ചാമ്പ്യൻസ് ലീഗിൽ നാപ്പോളിയോട് നാണംകെട്ട പരാജയം ലിവർപൂളിന് ഏൽക്കേണ്ടി വരികയും ചെയ്തിരുന്നു.

മാധ്യമപ്രവർത്തകർ ഈ മോശം അവസ്ഥയുടെ കാരണം പരിശീലകനോട് ചോദിച്ചിരുന്നു. ടീമിന്റെ കോൺഫിഡൻസ് നഷ്ടപ്പെട്ടുവെന്നും അടിസ്ഥാനപരമായ കാര്യങ്ങളിൽ നിന്ന് ഇനി തുടങ്ങേണ്ടതുണ്ട് എന്നുമാണ് ക്ലോപ് പറഞ്ഞത്. മാത്രമല്ല മെസ്സിക്കും ക്രിസ്റ്റ്യാനോക്കും വരെ ഈ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ ഒരുപാട് കാലം ഞങ്ങളുടെ ശൈലികൾ എല്ലാം നല്ല രൂപത്തിൽ വർക്ക് ചെയ്തിരുന്നു.പക്ഷേ ഇപ്പോൾ അത് വർക്ക് ചെയ്യുന്നില്ല.അങ്ങനെയെങ്കിൽ ഞങ്ങൾ അടിസ്ഥാനപരമായ കാര്യങ്ങളിലേക്ക് തന്നെ തിരിച്ചു പോകേണ്ടതുണ്ട്.ഞങ്ങളുടെ ടീമിനെ ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ട്. ആത്മവിശ്വാസമാണ് വീണ്ടെടുക്കേണ്ടത്. ഇത് സാധാരണമായ ഒരു കാര്യമാണ്. ഉദാഹരണത്തിന് ക്രിസ്റ്റ്യാനോ ഈ സീസണിൽ അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന ആത്മവിശ്വാസത്തിലാണ് എന്ന് പറയാൻ നിങ്ങൾക്ക് സാധിക്കുമോ? ലയണൽ മെസ്സിയുടെ കാര്യത്തിലേക്ക് വരുമ്പോൾ കഴിഞ്ഞ സീസണിൽ അദ്ദേഹത്തിന്റെ അവസ്ഥ എന്തായിരുന്നു.അതുകൊണ്ട് ഞങ്ങൾ ചെയ്യേണ്ടത് ആത്മവിശ്വാസം വീണ്ടെടുക്കാൻ ശരിയായ വഴിയിലൂടെ സഞ്ചരിക്കുക എന്നുള്ളതാണ് ‘ ക്ലോപ് പറഞ്ഞു.

കഴിഞ്ഞ സീസണിൽ മെസ്സിക്ക് ബുദ്ധിമുട്ടേറിയ ഒരു സീസണായിരുന്നു. എന്നാൽ ഈ സീസണിൽ മെസ്സി മികവ് തിരിച്ചു പിടിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മികച്ച രൂപത്തിൽ കളിച്ച റൊണാൾഡോക്ക് ഈ സീസണിൽ കളിക്കാനുള്ള അവസരങ്ങൾ പോലും ഇപ്പോൾ ലഭ്യമല്ല.