അർജന്റീനക്ക് വലിയ തിരിച്ചടി, സൂപ്പർ താരത്തിന് ലോകകപ്പ് നഷ്ടപ്പെടും |Qatar 2022 |Argentina
ലോകകപ്പിന് മൂന്നാഴ്ചയോളം മാത്രം ബാക്കി നിൽക്കെ അർജൻറീനിയൻ മധ്യനിര താരം ജിയോവാനി ലൊ സെൽസോയുടെ പരിക്ക് ടീമിന് ആശങ്ക സമ്മാനിക്കുന്നു. നേരത്തെ ലോകകപ്പിനു മുൻപ് താരത്തിനു ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അക്കാര്യത്തിൽ പൂർണമായും ഉറപ്പില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
അർജൻറീനിയൻ മാധ്യമമായ ടൈക് സ്പോർട്ടിന്റെ ജേർണലിസ്റ്റായ ഗാസ്റ്റൻ എഡുലിന്റെ റിപ്പോർട്ടുകൾ പ്രകാരം ലൊ സെൽസോക്ക് ശസ്ത്രക്രിയ വേണ്ടി വന്നേക്കാൻ സാധ്യതയുണ്ട്. ഏതാനും പരിശോധനകൾ കൂടി പൂർത്തിയാക്കിയാലേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകൂ. ശസ്ത്രക്രിയ വേണ്ടി വന്നാൽ താരത്തിന് ലോകകപ്പ് പൂർണമായും നഷ്ടമാകും.
നിലവിൽ വിയ്യാറയൽ താരമായ ജിയോവാനി ലൊ സെൽസോക്ക് കഴിഞ്ഞ ലാ ലിഗ മത്സരത്തിന്റെ ഇടയിലാണ് പരിക്കു പറ്റിയത്. അത്ലറ്റിക് ക്ലബിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ അസിസ്റ്റ് നൽകാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ താരം അപ്പോൾ തന്നെ കളിക്കളം വിട്ടു. ലൊ സെൽസോയുടെ കാലിന്റെ മസിലിനാണ് പരിക്കു പറ്റിയതെന്നാണ് നിലവിൽ ലഭ്യമായ വിവരം.
Gio Lo Celso might require surgery, decision to be made after test. https://t.co/sMi7tUjpD0
— Mundo Albiceleste 🇦🇷 (@MundoAlbicelest) November 1, 2022
ലൊ സെൽസോയുടെ പരിക്ക് അർജൻറീനയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ്. ലയണൽ സ്കലോണിയുടെ ആദ്യ ഇലവനിലെ സ്ഥിരസാന്നിധ്യമാണ് വിയ്യാറയൽ താരം. താരത്തിന് ലോകകപ്പ് നഷ്ടമായാൽ നിരവധി കാലമായി ഒരുമിച്ചു കളിക്കുന്ന ഒരു ലൈനപ്പ് തന്നെ സ്കലോണി മാറ്റേണ്ടി വരും.