താരങ്ങളുടെ സാലറി കുറക്കാനുള്ള കഠിനപരിശ്രമത്തിൽ ബാഴ്സ, തടസ്സം നിൽക്കുന്നത് മെസ്സി?
കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ക്ലബുകളിൽ ഒന്ന് എഫ്സി ബാഴ്സലോണയാണെന്ന കാര്യം മുമ്പ് തന്നെ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. വരുമാനത്തിൽ മില്യണുകളുടെ ഇടിവ് സംഭവിച്ച ബാഴ്സ പാപരത്വത്തിന്റെ വക്കിലാണെന്ന് ഈയിടെ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. താരങ്ങളുടെ സാലറി മുപ്പത് ശതമാനം കുറച്ചു കൊണ്ട് 190 മില്യൺ യൂറോയോളം സേവ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ബാഴ്സയുടെ സ്ഥിതി ഗുരുതരമാവുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതിനാൽ തന്നെ ടീമിലെ താരങ്ങളുമായി തുടർച്ചയായ ചർച്ചകൾ ബാഴ്സയുടെ താൽകാലിക മാനേജ്മെന്റും പ്രസിഡന്റും താരങ്ങളും തമ്മിൽ നടത്തിയിരുന്നു. എന്നാൽ ഇതുവരെ ഒരു ധാരണയിൽ എത്തിച്ചേരാൻ ഇരുവിഭാഗത്തിനും സാധിച്ചിട്ടില്ല. ഒട്ടേറെ താരങ്ങൾക്ക് സാലറി കട്ടിനോട് കടുത്ത വിയോജിപ്പാണ് ഉള്ളത്. അതിൽ പ്രധാനപ്പെട്ട താരമാണ് ലയണൽ മെസ്സി എന്നാണ് സ്പാനിഷ് മാധ്യമമായ ഡിപ്പോർട്ടസ് കുവാട്രോ പറയുന്നത്. ഫുട്ബോൾ ലോകത്ത് തന്നെ ഏറ്റവുമധികം സാലറി കൈപ്പറ്റുന്ന താരമായ മെസ്സി സാലറി കട്ടിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
Lionel Messi furthest away from Barcelona in salary reduction negotiations https://t.co/yhYu1VXh1h
— footballespana (@footballespana_) November 6, 2020
ലോക്ക്ഡൌൺ സമയത്ത് ബാഴ്സ സാലറി കട്ട് നടപ്പിലാക്കിയിരുന്നു. അന്ന് മെസ്സിയുൾപ്പെടുന്ന എല്ലാ താരങ്ങളും ഇതിന് സമ്മതം മൂളിയിരുന്നു. എന്നാൽ പിന്നീട് മെസ്സിയും ക്ലബും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതാണ് മെസ്സിയെ ഇങ്ങനെയൊരു കടുംപിടിത്തത്തിന് പ്രേരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. മെസ്സിയൊഴികെയുള്ള ഒട്ടുമിക്ക താരങ്ങൾക്കും സാലറി കട്ടിനോട് താല്പര്യമില്ല. അതിനാൽ തന്നെ ബാഴ്സ നിർബന്ധപൂർവ്വം സാലറി കട്ട് ചെയ്താൽ താരങ്ങൾക്ക് കോടതിയെ സമീപിക്കാൻ സാധിച്ചേക്കും. ഇതൊഴിവാക്കാൻ വേണ്ടിയുള്ള കഠിനപരിശ്രമത്തിലാണ് ബാഴ്സയുടെ നിലവിലെ പ്രസിഡന്റ് ആയ ടുസ്ക്കെറ്റ്സ്.
ഈ ബുധനാഴ്ച്ച വരെയാണ് ഇതിനുള്ള സമയം അനുവദിച്ചിരിക്കുന്നത്. അതിന് മുമ്പ് താരങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്. ബാഴ്സയുടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനായില്ലെങ്കിൽ അടുത്ത വർഷം ബാഴ്സയെ പാപ്പരായി പ്രഖ്യാപിക്കാൻ ലാലിഗക്ക് കഴിഞ്ഞേക്കും. ക്ലബ് വിടാനിരിക്കുന്ന മെസ്സി ബാഴ്സയുമായി യോജിപ്പിന് തയ്യാറാവുന്നില്ല എന്നാണ് വാർത്തകൾ. പുതിയ ബോർഡും പ്രസിഡന്റും വന്നാൽ മാത്രമേ ഇതിനൊരു പരിഹാരമാവുകയൊള്ളൂ എന്നാണ് അറിയാൻ കഴിയുന്നത്.