ഒടുവിൽ നീണ്ട കാലത്തെ അഭ്യൂഹങ്ങൾക്ക് വിരാമം. തനിക്ക് പിഎസ്ജിയിൽ തന്നെ തുടരണമെന്ന കാര്യം നെയ്മർ തന്റെ ഏജന്റിനെ അറിയിച്ചു !
ഏറെ കാലം നീണ്ട അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമാവുന്നു. സൂപ്പർ താരം നെയ്മർ ജൂനിയർ തന്റെ ഭാവിയെ പറ്റി നിർണായകമായ തീരുമാനം കൈകൊണ്ടതയാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. തനിക്ക് പിഎസ്ജിയിൽ തന്നെ തുടരണമെന്ന കാര്യം നെയ്മർ തന്റെ ഏജന്റിനെ നേരിട്ട് തന്നെ അറിയിച്ചതയാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇതോടെ താരം ക്ലബുമായി കരാർ പുതുക്കാനുള്ള സാധ്യതകൾ വർധിച്ചു വരികയാണ്.
ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകങ്ങളിലെല്ലാം സജീവമായി നിലനിൽക്കുന്ന ട്രാൻസ്ഫർ അഭ്യൂഹമായിരുന്നു ഈ സൂപ്പർ താരം തന്റെ മുൻ ക്ലബായ എഫ്സി ബാഴ്സലോണയിലേക്ക് മടങ്ങുമെന്നുള്ളത്. ബാഴ്സയിലേക്ക് മടങ്ങാൻ താരത്തിനും താരത്തെ തിരികെയെത്തിക്കാൻ ബാഴ്സക്കും ആഗ്രഹമുണ്ടായിരുന്നു. പരിക്കും മറ്റു കാരണങ്ങളാലും പിഎസ്ജിയിൽ നെയ്മർ അസംതൃപ്തനായ സമയത്തായിരുന്നു അത്. എന്നാൽ പിന്നീട് വിവിധ കാരണങ്ങളാൽ താരത്തെ തിരിച്ചെത്തിക്കാൻ ബാഴ്സക്ക് സാധിക്കാതെ വരികയായിരുന്നു.
Neymar tells his agent he wants to continue with Paris Saint-Germain https://t.co/ZEuxDNgWnO
— footballespana (@footballespana_) November 8, 2020
ഇപ്പോഴിതാ നെയ്മർ ബാഴ്സയിലേക്ക് മടങ്ങണമെന്ന ആഗ്രഹം ഉപേക്ഷിച്ചിരിക്കുകയാണ് എന്ന് മാത്രമല്ല പിഎസ്ജിയിൽ തന്നെ തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിലുൾപ്പടെയുള്ള പിഎസ്ജിയുടെ മികച്ച പ്രകടനം താരത്തെ തൃപ്തനാക്കുകയായിരുന്നു.ഏതായാലും തനിക്ക് കരാർ പുതുക്കണമെന്ന കാര്യം നെയ്മർ ഏജന്റിനെ അറിയിച്ചതായി ഫ്രഞ്ച് ജേണലിസ്റ്റ് ആയ ഹാഡ്രിയനാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ പിഎസ്ജിയും താരവും കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഉടൻ തുടക്കം കുറിച്ചേക്കും.നിലവിൽ 2022 വരെയാണ് നെയ്മർക്ക് കരാറുള്ളത്. ഇത് 2025 വരെ നീട്ടാനാണ് പിഎസ്ജി ആലോചിക്കുക.
ഇതോടെ താരം പിഎസ്ജി വിടുമെന്നുള്ള അഭ്യൂഹങ്ങൾക്ക് ഏറെക്കുറെ വിരാമമായിരിക്കുകയാണ്. 2013-ൽ ബ്രസീലിയൻ ക്ലബ് സാന്റോസിൽ നിന്നായിരുന്നു താരം ബാഴ്സയിൽ എത്തിയത്. തുടർന്ന് ബാഴ്സക്കൊപ്പം രണ്ട് ലാലിഗ, മൂന്ന് കോപ്പ ഡെൽ റേ,ഒരു സ്പാനിഷ് സൂപ്പർ കപ്പ്, ഒരു ക്ലബ് വേൾഡ് കപ്പ്, ഒരു ചാമ്പ്യൻസ് ലീഗ് എന്നിവ നേടിയ ശേഷം താരം 2017-ൽ ലോകറെക്കോർഡ് തുകക്ക് പിഎസ്ജിയിൽ എത്തുകയായിരുന്നു.