തോൽവിയുടെ കാരണത്തെക്കുറിച്ച് ലൗതാരോ മാർട്ടിനസ് |Qatar 2022 |Argentina
ഫുട്ബോൾ ലോകത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയ ഒരു അത്ഭുത വിജയമാണ് കഴിഞ്ഞദിവസം ഖത്തർ വേൾഡ് കപ്പിൽ പിറന്നത്. യാതൊരുവിധ സാധ്യതകളും കൽപ്പിക്കാത്ത സൗദി അറേബ്യ കിരീട ഫേവറേറ്റുകളായ അർജന്റീനയെ പരാജയപ്പെടുത്തുകയായിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അർജന്റീന തോൽവി അറിഞ്ഞത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ട് ഗോളുകൾ നേടിക്കൊണ്ട് സൗദി അറേബ്യ അർജന്റീന വരിഞ്ഞുമുറുക്കുകയായിരുന്നു. സൗദി അറേബ്യയുടെ ഓഫ്സൈഡ് ട്രാപ്പ് പൊട്ടിക്കാൻ കഴിയാത്തത് അർജന്റീനക്ക് തിരിച്ചടിയായി. മാത്രമല്ല സൗദിയുടെ പ്രതിരോധനിരയുടെ മികവും അർജന്റീനയുടെ സ്വപ്നങ്ങളെ തല്ലിക്കൊടുത്തുകയായിരുന്നു.ചുരുക്കത്തിൽ വലിയ ഒരു പാഠമാണ് ഈ മത്സരത്തിലൂടെ അർജന്റീനക്ക് ലഭിച്ചിട്ടുള്ളത്.
ഈ മത്സരത്തിനുശേഷം അർജന്റീനയുടെ മുന്നേറ്റ നിരയിലെ സൂപ്പർതാരമായ ലൗറ്ററോ മാർട്ടിനസ് സംസാരിച്ചിട്ടുണ്ട്. ഈ തോൽവിക്ക് കാരണം ഞങ്ങൾ തന്നെയാണെന്നും ഞങ്ങളുടെ പിഴവുകളാണ് പരാജയത്തിലേക്ക് തള്ളിവിട്ടത് എന്നുമാണ് ലൗറ്ററോ മാർട്ടിനസ് സമ്മതിച്ചിട്ടുള്ളത്. എന്നാൽ ഇനി വരുന്ന മത്സരങ്ങളിൽ ശ്രദ്ധ പുലർത്തണമെന്നും ലൗറ്ററോ കൂട്ടിച്ചേർത്തു.
‘ ഈ മത്സരത്തിൽ ഞങ്ങൾ പരാജയപ്പെടാൻ കാരണം ഞങ്ങളുടെ പിഴവുകൾ തന്നെയാണ്. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ ഞങ്ങൾ പിഴവുകൾ വരുത്തിവെച്ചു. ഇത്തരം കാര്യങ്ങളാണ് തിരിച്ചടിയായിട്ടുള്ളത്.ഞങ്ങൾ അത് പരിഹരിക്കേണ്ടതുണ്ട്. ആദ്യ പകുതിയിൽ ഒരു ഗോളിനേക്കാൾ കൂടുതൽ ഗോളുകൾ ഞങ്ങൾ നേടണമായിരുന്നു.പക്ഷേ ഇത് വേൾഡ് കപ്പ് ആണ്.ഇവിടെ ഇങ്ങനെയൊക്കെയാണ്.ഇനി ഞങ്ങൾ രണ്ട് ഫൈനലുകൾ കളിക്കേണ്ടതുണ്ട്.ഈ തോൽവി വളരെയധികം വേദനിപ്പിക്കുന്നു.വിജയത്തോടെ തുടങ്ങാൻ കഴിയും എന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷകൾ.പക്ഷേ ഇത് അവസാനിച്ചിട്ടുണ്ട്.ഇനി വരുന്ന മത്സരങ്ങളിൽ ഞങ്ങൾ ശ്രദ്ധ ചെലുത്തണം ‘ ലൗറ്ററോ പറഞ്ഞു.
Lautaro Martínez: “We lost the game due to our mistakes”. https://t.co/XHM1OdPHnj pic.twitter.com/IgO8Pdq7am
— Roy Nemer (@RoyNemer) November 22, 2022
യഥാർത്ഥത്തിൽ രണ്ട് ഗോളുകൾ ലൗറ്ററോ മാർട്ടിനസ് നേടിയിരുന്നുവെങ്കിലും രണ്ടും ഓഫ് സൈഡ് ആവുകയായിരുന്നു. ആദ്യ പകുതിയിലെ ഓഫ് സൈഡുകൾ അർജന്റീനക്ക് തിരിച്ചടിയായി.ഏതായാലും പോരായ്മകൾ എല്ലാം പരിഹരിച്ചുകൊണ്ട് അർജന്റീന തിരിച്ചുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.