മെസ്സിയുടെ മെക്സിക്കോക്കെതിരെ ഇതുവരെയുള്ള പ്രകടനം എങ്ങനെ? കണക്കുകൾ |Qatar 2022

അർജന്റീന അതിനിർണായകമായ ഒരു മത്സരത്തിന് ഇന്ന് ഇറങ്ങുമ്പോൾ ഏവരും പ്രതീക്ഷകൾ അർപ്പിച്ചിരിക്കുന്നത് നായകനായ ലയണൽ മെസ്സിയിലാണ്. ഖത്തർ വേൾഡ് കപ്പിലെ രണ്ടാം പോരാട്ടത്തിൽ മെക്സിക്കോയാണ് അർജന്റീനയുടെ എതിരാളികൾ.ആദ്യ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ പരാജയപ്പെട്ടതിനാൽ അർജന്റീനയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ഒരു മത്സരമാണിത്.

ലയണൽ മെസ്സിക്ക് ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന് പ്രധാനപ്പെട്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി അതിനെ തള്ളിക്കളഞ്ഞിട്ടുണ്ട്. മെസ്സിക്ക് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം മുമ്പുള്ളതിനേക്കാൾ കൂടുതൽ തയ്യാറായി കഴിഞ്ഞിട്ടുമുണ്ട് എന്നായിരുന്നു സ്കലോണി അറിയിച്ചിരുന്നത്.അതുകൊണ്ടുതന്നെ ഇന്നത്തെ ആദ്യ ഇലവനിൽ മെസ്സി ഉണ്ടാകും എന്നുള്ളത് ഉറപ്പായ കാര്യമാണ്.

മെസ്സിയുടെ മെക്സിക്കോക്കെതിരായ ഇതുവരെയുള്ള പ്രകടനത്തിന്റെ കണക്കുകൾ നമുക്കൊന്നു നോക്കാം. ആകെ അഞ്ച് മത്സരങ്ങളാണ് മെസ്സി മെക്സിക്കോക്കെതിരെ കളിച്ചിട്ടുള്ളത്.അതിൽ നിന്ന് മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും കരസ്ഥമാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.

അതായത് അഞ്ചുമത്സരങ്ങളിൽ നിന്ന് 5 ഗോളുകളിൽ സാന്നിധ്യമാവാൻ മെസ്സിക്ക് സാധിച്ചു. ഈ അഞ്ചു മത്സരങ്ങളിൽ ഒന്നിൽ പോലും അർജന്റീന പരാജയപ്പെട്ടിട്ടില്ല. നാല് വിജയവും ഒരു സമനിലയുമാണ് കണക്ക്. അവസാനമായി മെസ്സി മെക്സിക്കോക്കെതിരെ 2015 ലാണ് കളിച്ചിട്ടുള്ളത്.അതൊരു സൗഹൃദ മത്സരമായിരുന്നു.2-2 ന്റെ സമനിലയിലാണ് ആ മത്സരം അവസാനിച്ചത്. മത്സരത്തിൽ മെസ്സി ഗോൾ നേടുകയും ചെയ്തിരുന്നു. ചുരുക്കത്തിൽ മെസ്സിക്ക് മെക്സിക്കോക്കെതിരെ മികച്ച ഒരു കണക്ക് തന്നെ അവകാശപ്പെടാനുണ്ട്.

ഇന്നത്തെ മത്സരത്തിൽ മെസ്സി മികച്ച പ്രകടനം നടത്തേണ്ടതും അതുവഴി വിജയം വരിക്കേണ്ടതും അർജന്റീനക്ക് നിർബന്ധമായ കാര്യമാണ്. ഈയൊരു സങ്കീർണമായ സാഹചര്യത്തെ മറികടക്കാൻ മെസ്സിക്കും സംഘത്തിനും കഴിയുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം.