പഴുതില്ലാത്ത പ്രതിരോധം : ഗോൾ പാസ്റ്റിലേക്ക് ഒരു ഷോട്ട് പോലും വഴങ്ങാതെ ബ്രസീൽ |Qatar 2022 |Brazil

ഖത്തർ വേൾഡ് കപ്പിലെ തുടർച്ചയായ രണ്ടാം വിജയം നേടിക്കൊണ്ട് നോക്ക് ഔട്ടിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് അഞ്ചു തവണ കിരീടം നേടിയ ബ്രസീൽ. ആദ്യ മത്സരത്തിൽ റിചാലിസൺ നേടിയ ഇരട്ട ഗോളിൽ സെർബിയയെ കീഴടക്കിയ ബ്രസീൽ ഇന്നലെ നടന്ന മത്സരത്തിൽ സ്വിറ്റ്സർലാൻഡിനെ കാസെമിറോ നേടിയ ഗോളിൽ പരാജയപ്പെടുത്തി ഫ്രാൻസിനും പോർചുഗലിനും ശേഷം പ്രീ ക്വാർട്ടർ ഉറപ്പിക്കുന്ന മൂന്നമത്തെ ടീമായി മാറി.

ഈ രണ്ട് വിജയങ്ങളോടെ ഗ്രൂപ്പ് ജിയില്‍ നിലവില്‍ ബ്രസീല്‍ ഒന്നാമതാണ്. ഈ രണ്ട് മത്സരങ്ങളിലും ബ്രസീല്‍ ഒരു ഗോള്‍ പോലും വഴങ്ങിയില്ല, മൂന്ന് ഗോളുകള്‍ അടിക്കുകയും ചെയ്തു.ഗോൾ വഴങ്ങാതിരിക്കുക മാത്രമല്ല, ഈ രണ്ടു മത്സരങ്ങളിൽ ഗോളിലേക്ക് ഒരു ഷോട്ട് പോലും ബ്രസീൽ നേരിടുകയുണ്ടായിട്ടില്ല. 1998 ലോകകപ്പിൽ ഫ്രാൻസിന് ശേഷം ആദ്യത്തെ രണ്ടു മത്സരങ്ങളിലും ഗോളിലേക്ക് ഒരു ഷോട്ട് പോലും നേരിടാത്ത ആദ്യത്തെ ടീം കൂടിയാണ്. ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി 17 ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ തോൽവിയറിയാതെ പോകുന്ന ആദ്യ ടീമാണ് ബ്രസീൽ.2010 ന് ശേഷം ആദ്യമായാണ് സെലെക്കാവോ ടൂർണമെന്റിൽ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങൾ ജയിക്കുന്നത്.

എല്ലാ കാലത്തും ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരുടെയും ഫോർവേഡുകളുടെയും പിൻബലത്തിൽ മത്സരങ്ങൾ വിജയിച്ചിരുന്നു ബ്രസീൽ ഇപ്പോൾ പ്രതിരോധത്തിന്റെ മികവ് കൊണ്ടണ് മുന്നേറുന്നത്. മുന്നേറ്റനിരയെക്കാൾ ബ്രസീലിന്റെ വിജയങ്ങളിൽ നിർണനായക പങ്കു വഹിക്കുന്നത് അവരുടെ ലോകോത്തര നിലവാരമുള്ള പ്രതിരോധ നിര തന്നെയാണ്. ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പറും മികച്ച സെൻട്രൽ ഡിഫെഡർമാരും ,ഡിഫെൻസിവ് മിഡ്ഫീൽഡർമാരും അണിനിരക്കുന്ന ബ്രസീലിയൻ പ്രതിരോധം തകർക്കാൻ എതിർ ടീം മുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.സെൻട്രൽ ഡിഫെൻസിൽ പ്രായം തളർത്താത്ത പാറ പോലെ ഉറച്ച പ്രധിരോധവുമായി നിൽക്കുന്ന 38 കാരനായ തിയാഗോ സിൽവയാണ് ബ്രസീലിന്റെ കരുത്ത്.

പിഎസ്ജി താരമായ മാർക്വിൻഹോസണ് സിൽവക്ക് ജോഡിയായി എത്തുന്നത്. മികച്ച ഹെഡ്ഡറുകളിലൂടെ നിർണായക ഗോളുകൾ നേടാൻ കഴിവുള്ളവരാണ് ഇരു താരങ്ങളും.ഇടതുവിങ് ബാക്കായി അലക്‌സ് സാൻഡ്രോ രണ്ടു മത്സരത്തിലും ഇറങ്ങിയപ്പോൾ റൈറ്റ് വിങ് ബാക്കായി ആദ്യത്തെ മത്സരത്തിൽ ഡാനിലോയും രണ്ടാമത്തെ മത്സരത്തിൽ എഡർ മിലിറ്റാവോയുമാണ് കളിക്കുന്നത്. ഡിഫെൻസിവ് മിഡ്ഫീൽഡറായ കാസെമിറോയുടെ സാനിധ്യം ബ്രസീലിനു പ്രതിരോധത്തിൽ വളരെയേറെ ഗുണം ചെയ്യുന്നുണ്ട്.

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഡിഫെൻസിവ് മിഡ്ഫീൽഡർമാരിൽ ഒരാളായ 30 കാരൻ കരുത്തുറ്റ ടാക്കിളുകൾ മിടുക്കനാണ്. ഡിഫെൻസിവ് മിഡ്ഫീൽഡർ ആണെങ്കിലും ആക്രമിച്ചു കളിക്കാനും താരം മിടുക്കു കാട്ടുന്നുണ്ട്. നിർണായക ഘട്ടങ്ങളിൽ ടീമിന്റെ ഗോൾ നേടാനും താരത്തിനായി. എല്ലാ പൊസിഷനിലും ഏറ്റവും മികച്ച താരങ്ങളുണ്ടെന്നതു തന്നെയാണ് ബ്രസീലിന്റെ ഏറ്റവും വലിയ നേട്ടം. മികച്ച മുന്നേറ്റ നിരക്കൊപ്പം ശക്തമായ പിഴവുകൾ ഇല്ലാത്ത പ്രതിരോധം കൂടി അണിനിരക്കുമ്പോൾ ആറാം കിരീടം ബ്രസീൽ നേടിയില്ലെങ്കിലേ അത്ഭുതമുള്ളു.

Rate this post