സമ്പൂർണ ആധിപത്യത്തോടെ പോളണ്ടിനെ കീഴടക്കി ഒന്നാം സ്ഥാനക്കാരായി അർജന്റീന പ്രീ ക്വാർട്ടറിലേക്ക് |Qatar 2022 |Argentina

ഖത്തർ ലോകകപ്പിൽ ഗ്രൂപ് സിയിലെ നിർണായക മത്സരത്തിൽ പോളണ്ടിനെ പരാജയപെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ച് അർജന്റീന. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം . രണ്ടാം പകുതിയിലാണ് അർജന്റീനയുടെ ഗോളുകൾ പിറന്നത്.അലക്സിസ് മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ് എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ ലയണൽ മെസ്സി പെനാൽറ്റി നഷ്ടപെടുത്തിയിരുന്നു. പോളിഷ് കീപ്പർ സ്‌സെസ്‌നിയുടെ മിന്നുന്ന പ്രകടനമാണ് കൂടുതൽ വഴങ്ങുന്നതിൽ നിന്നും പോളണ്ടിനെ രക്ഷിച്ചത്.

നാല് മാറ്റങ്ങളുമായാണ് അര്ജന്റീന ഇന്നിറങ്ങിയത്.ലൗട്ടാറോ മാര്‍ട്ടിനെസ്, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ഗൈഡോ റോഡ്രിഗസ്, ഗോണ്‍സാലോ മൊണ്ടിയേല്‍ എന്നിവര്‍ക്ക് പകരം ജൂലിയന്‍ അല്‍വാരസ്, ക്രിസ്റ്റ്യന്‍ റൊമേറോ, എന്‍സോ ഫെര്‍ണാണ്ടസ്, നഹ്വെല്‍ മൊളീന എന്നിവര്‍ ടീമിലിടം നേടി. അർജന്റീനയുടെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്.പത്താം മിനിറ്റിൽ മെസ്സിയുടെ ഉ​ഗ്രൻ ഷോട്ട് ​ഗോൾകീപ്പർ സിസ്നി തട്ടിയകറ്റി.17-ാം മിനിറ്റിൽ അർജന്റീനുടെ ലെഫ്റ്റ് ബാക്ക് അക്യൂനയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

ജൂലിയൻ അൽവാരസ് ബോക്സിനുള്ളിൽ നിന്നും ഗോൾ ശ്രമം നടത്തിയെങ്കിലും അത് ഉജ്ജ്വലമായി തടഞ്ഞു. 29 ആം മിനുട്ടിൽ മാർക്കോസ് അക്യൂനയുടെ മികച്ചൊരു ഷോട്ട് പുറത്തേക്ക് പോയി.33-ാം മിനിറ്റില്‍ ഏയ്ഞ്ജല്‍ ഡി മരിയയുടെ തകര്‍പ്പന്‍ കോര്‍ണര്‍ കിക്ക് മഴവില്ല് പോലെ വളഞ്ഞ് വലയിലേക്ക് വീഴാനൊരുങ്ങിയെങ്കിലും സെസ്‌നിയുടെ കൃത്യമായ ഇടപെടല്‍ വലിയ അപകടം ഒഴിവാക്കി.36-ാം മിനിറ്റില്‍ അല്‍വാരസിന്റെ ഗോളെന്നുറച്ച അപകടകരമായ ഷോട്ട് സെസ്‌നി അത്ഭുതകരമായി രക്ഷപ്പെടുത്തിയെടുത്തു.37 ആം മിനുട്ടിൽ അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. എന്നാൽ ലയണൽ മെസ്സിയെടുത്ത കിക്ക് ഗോൾ കീപ്പർ ഷെസ്നി മനോഹരമായി തടുത്തിട്ടു. കഴിഞ്ഞ മത്സരത്തിലും പോളിഷ് കീപ്പർ പെനാൽട്ടി തടുത്തിരുന്നു.ആദ്യ പകുതി അവസാനിച്ചപ്പോൾ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അര്ജന്റീന ഗോൾ നേടി. അലക്സിസ് മാക് അലിസ്റ്റർ ആണ് ഗോൾ നേടിയത്. ഹുവൽ മോളിന വലതു വിങ്ങിൽ നിന്നും കൊടുത്ത പാസിൽ നിന്നാണ് അലക്‌സിസ് മാക് അലിസ്റ്റർ അർജന്റീനക്ക് വേണ്ടിയുള്ള തന്റെ ആദ്യ ഗോൾ നേടിയത്. 50 ആം മിനുട്ടിൽ ഫ്രീകിക്കിൽ നിന്ന് വന്ന മനോഹരമായ ക്രോസ് പോളിഷ് ഡിഫൻഡർ കാമിൽ ഗ്ലിക്ക് ഹെഡ്ഡ് ചെയ്‌തെങ്കിലും പുറത്തേക്ക് പോയി.

68 ആം മിനുട്ടിൽ രണ്ടാമത്തെ ഗോളും നേടി അർജന്റീന. ജൂലിയൻ അൽവാരസ് ആണ് അര്ജന്റീനക്ക് വേണ്ടി ഗോൾ നേടിയത്. എൻസോ ഫെര്ണാണ്ടസിൽ നിന്നും പാസ് സ്വീകരിച്ച മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ മികച്ചൊരു ഫിനിഷിംഗിലൂടെ പന്ത് വലയിലെത്തിച്ചു.67 ആം മിനുട്ടിൽ മെസ്സിയുടെ ഷോട്ട് വോയ്‌സിക് സ്‌സെസ്‌നി തടുത്തിട്ടു. 73 ആം മിനുട്ടിൽ ലയണൽ മെസ്സി പാസിൽ നിന്നും അൽവാരസിന്റെ ഷോട്ട് പുറത്തേക്ക് പോയി.85 ആം മിനുട്ടിൽ ലൗടാരോ മാർട്ടിനെസിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി.ഇഞ്ചുറി ടൈമിൽ നിക്കോളാസ് ടാഗ്ലിയാഫിക്കോക്ക് സ്കോർ മൂന്നാക്കാനുള്ള അവസരം ലഭിച്ചെങ്കിലും പോളിഷ് പ്രതിരോധം തടുത്തിട്ടു.