പ്ലെ മേക്കിങ് മാസ്റ്റർ ക്ലാസ് : പെനാൽറ്റി പാഴാക്കിയാലും കളിക്കളം അടക്കി ഭരിച്ച് മെസ്സി |Qatar 2022| Lionel Messi

974 സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി അര്ജന്റീന പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.ആദ്യ പകുതിയിൽ ലയണൽ മെസ്സി പെനൽറ്റി നഷ്ടപെടുത്തിയെങ്കിലും രരണ്ടാം പകുതിയിൽ അലക്സിസ് മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ് എന്നിവർ നേടിയ ഗോളുകളിൽ ആയിരുന്നു അര്ജന്റീന വിജയം നേടിയത്.

പെനാൽറ്റി നഷ്ടപെടുത്തിയെങ്കിലും ഗോളുകൾ ഒന്നും നേടിയില്ലെങ്കിലും മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് ലയണൽ മെസ്സി തന്നെയായിരുന്നു. ഒരു പക്ഷെ ലോകകപ്പിൽ മെസ്സിയുടെ അവസാന മത്സരമാവാൻ സാധ്യതയുള്ളതായിരുന്നു പോളണ്ടിനെതിരെയുള്ള പോരാട്ടം.പോളണ്ടിനെതിരെ ലിയോണല്‍ മെസി തന്നെയായിരുന്നു അര്‍ജന്റീനയുടെ എഞ്ചിന്‍. നിരന്തരം പോളണ്ട് പ്രതിരോധത്തെയും ഗോൾ കീപ്പറെയും പരീക്ഷിച്ച മെസ്സി സഹ താരങ്ങൾക്ക് മികച്ച അവസരങ്ങൾ ഒരുക്കികൊടുക്കുകയും ചെയ്തു. മത്സരത്തിൽ അഞ്ച് അവസരങ്ങൾ സൃഷ്ടിച്ചു. അദ്ദേഹം നാല് ഡ്രിബിളുകൾ പൂർത്തിയാക്കി, നാല് കൃത്യമായ ലോംഗ് ബോളുകൾ നൽകി, ഒരു ടാക്കിളിന് ശ്രമിച്ചു, ഏഴ് ഡ്യുവലുകൾ നേടി.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച ഡീഗോ മറഡോണയുടെ റെക്കോര്‍ഡും മെസി മറികടന്നു. ലോകകപ്പില്‍ മെസിയുടെ ഇരുപത്തിരണ്ടാം മത്സരമായിരുന്നു ഇത്. 21 മത്സരങ്ങളുടെ ഡീഗോ മറഡോണയുടെ റെക്കോര്‍ഡാണ് മെസി മറികടന്നത്. ലോകകപ്പിൽ 2018 ൽ ഇതിനു മുമ്പ് പെനാൽട്ടി നഷ്ടമാക്കിയ മെസ്സി പക്ഷെ പെനാൽട്ടി പാഴാക്കിയ ശേഷം കളം നിറഞ്ഞു കളിക്കുന്നത് ആണ് കാണാൻ ആയത്. മത്സരത്തിൽ 7 ഷോട്ടുകൾ ഉതിർത്ത മെസ്സി 5 അവസരങ്ങൾ ഉണ്ടാക്കുകയും 5 തവണയിൽ കൂടുതൽ എതിരാളിയെ ഡ്രിബിൾ ചെയ്യുകയും ചെയ്തു.ഒരു ലോകകപ്പ് മത്സരത്തിൽ അഞ്ചിൽ അധികം അവസരങ്ങൾ ഉണ്ടാക്കുന്ന, ഷോട്ടുകൾ ഉതിർക്കുന്ന, എതിരാളികളെ ഡ്രിബിൾ ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ താരമായി 35 വർഷവും 159 ദിവസവും പ്രായമുള്ള മെസ്സി ഇതോടെ മാറി.

1994 ലോകകപ്പിൽ നൈജീരിയക്ക് എതിരെ സാക്ഷാൽ ഡീഗോ മറഡോണ സ്ഥാപിച്ച റെക്കോർഡ് ആണ് മെസ്സി പഴയ കഥയാക്കിയത്.കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പ്രതീക്ഷയ്‌ക്കൊത്ത കളി പുറത്തെടുക്കാന്‍ സാധിക്കാതെ പോയ അര്‍ജന്റീന തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് പോളണ്ടിനെതിരേ കാഴ്ചവച്ചത്. ഒരുപാട് ഗോളവസരങ്ങള്‍ കളിയില്‍ സൃഷ്ടിച്ചെടുക്കാന്‍ അവര്‍ക്കു സാധിച്ചു. ഗോള്‍കീപ്പര്‍ ഷെസ്‌നിയുടെ ചില തകര്‍പ്പന്‍ സേവുകളാണ് അര്‍ജന്റീനയുടെ വിജയ മാര്‍ജിന്‍ കുറച്ചത്.

Rate this post