ഓസ്ട്രേലിയക്കെതിരെ ഏഞ്ചൽ ഡി മരിയക്കു പകരം ആരിറങ്ങുമെന്നു തീരുമാനമായി |Qatar 2022
ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്നു തുടക്കമാകുമ്പോൾ അർജന്റീനയും കളത്തിലുണ്ട്. സൗദി അറേബ്യക്കെതിരെ നടന്ന ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും പിന്നീട് നടന്ന രണ്ടു മത്സരങ്ങളിലും വിജയം നേടി ഗ്രൂപ്പ് സിയിൽ ജേതാക്കളായാണ് അർജന്റീന നോക്കൗട്ടിൽ എത്തിയത്. സമാനമായ രീതിയിൽ ഫ്രാൻസിനെതിരെ തോൽവിയോടെ തുടങ്ങി പിന്നീട് നടന്ന രണ്ടു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലെത്തിയ ഓസ്ട്രേലിയയാണ് അർജൻറീനയുടെ എതിരാളികൾ.
പോളണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരം കഴിഞ്ഞപ്പോൾ തന്നെ അർജന്റീനക്ക് ആശങ്ക നൽകി ടീമിലെ സൂപ്പർതാരം ഏഞ്ചൽ ഡി മരിയക്ക് ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ അർജൻറീന പരിശീലകൻ സ്കലോണി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇന്നലത്തെ പത്ര സമ്മേളനത്തിൽ ഏഞ്ചൽ ഡി മരിയ അടക്കം എല്ലാ താരങ്ങളും ഫിറ്റ്നസ് വീണ്ടെടുത്തോ എന്ന കാര്യം ഇന്നു പരിശോധിച്ച് ടീമിൽ ഉൾപ്പെടുത്തുന്നണോയെന്ന തീരുമാനം എടുക്കുമെന്നാണ് സ്കലോണി പറഞ്ഞത്.
എന്നാൽ ഡി മരിയ ഇന്നത്തെ മത്സരത്തിൽ ഇറങ്ങില്ലെന്നു തന്നെയാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഡി മരിയക്കു പകരം ആദ്യ ഇലവനിൽ ആരിറങ്ങുമെന്ന കാര്യത്തിൽ അർജന്റീന തീരുമാനമെടുത്തുവെന്ന് ടൈക് സ്പോർട്ടിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്പാനിഷ് ക്ലബായ അത്ലറ്റികോ മാഡ്രിഡിന്റെ മുന്നേറ്റനിര താരം ഏഞ്ചൽ കൊറേയയാണ് ഡി മരിയക്ക് പകരം കളിക്കുക. ലോകകപ്പിൽ താരത്തിന്റെ ആദ്യത്തെ മത്സരമാകും ഓസ്ട്രേലിയക്കെതിരെയുള്ളത്.
ℹ️ | TyC Sports
— BD Albiceleste 🇧🇩💙🇦🇷 (@bd_albiceleste) December 3, 2022
Amgel Correa will replace Angel Di Maria in the starting XI. pic.twitter.com/RI50bhOCZ9
ഏഞ്ചൽ ഡി മരിയയുടെ അഭാവം അർജന്റീന ടീമിന് വലിയ തിരിച്ചടിയാണെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കു വഹിക്കാൻ ഡി മരിയക്കു കഴിഞ്ഞിരുന്നു. ലയണൽ മെസിയുമായി വളരെയധികം ഒത്തിണക്കം പുലർത്തുന്ന ഒരു താരത്തെയാണ് ഇന്നത്തെ മത്സരത്തിൽ ടീമിനു നഷ്ടമാവുക.