ഇപ്പോൾ വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകൾ ആരൊക്കെയാണ്? മെസ്സി പറയുന്നു! |Qatar 2022

ഖത്തർ വേൾഡ് കപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്.പ്രീ ക്വാർട്ടർ മത്സരങ്ങളാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയയെ പരാജയപ്പെടുത്തിക്കൊണ്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്. ഇനി ഹോളണ്ടാണ് അർജന്റീനയുടെ എതിരാളികൾ.

ജർമ്മനി ഒഴികെയുള്ള പ്രധാനപ്പെട്ട ടീമുകളെല്ലാം ഇപ്പോഴും വേൾഡ് കപ്പിൽ തുടരുന്നുണ്ട്. ഈയൊരു അവസരത്തിൽ ലയണൽ മെസ്സി വേൾഡ് കപ്പിലെ ഇപ്പോഴത്തെ ഫേവറേറ്റുകളെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ബ്രസീൽ,സ്പെയിൻ,ഫ്രാൻസ് എന്നിവരെയാണ് മെസ്സി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മാത്രമല്ല അർജന്റീനയെയും ലയണൽ മെസ്സി ഈ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘ കഴിയാവുന്ന മത്സരങ്ങൾ എല്ലാം ഈ വേൾഡ് കപ്പിൽ ഞങ്ങൾ കണ്ടിട്ടുണ്ട്. തീർച്ചയായും ബ്രസീൽ നല്ല രൂപത്തിൽ കളിച്ചിട്ടുണ്ട്. കാമറൂണിനെതിരെയുള്ള മത്സരത്തിലെ തോൽവി മാറ്റി നിർത്തിയാൽ ബ്രസീൽ ഇപ്പോഴും കിരീട ഫേവറേറ്റുകൾ തന്നെയാണ്.കൂടാതെ ഫ്രാൻസിനും കിരീട സാധ്യതയുണ്ട്.അതോടൊപ്പം സ്പെയിനും വരുന്നു.അവർ നല്ല രൂപത്തിൽ കളിക്കുന്നുണ്ട്.പന്ത് കൈവശം വയ്ക്കുന്നതിൽ അവർ ഏറെ മികവ് പുലർത്തുന്നു ‘.

‘ ഇതിന് പുറമേ ഞങ്ങളും പവർഹൗസാണ്.മികച്ച ടീമുകളിൽ ഒന്നാണ് അർജന്റീന. ഇവിടെ വരുന്നതിനു മുന്നേ തന്നെ ഞങ്ങൾ ഫേവറേറ്റുകൾ ആണ് എന്നുള്ള കാര്യം ഞങ്ങൾക്കറിയാമായിരുന്നു.കാരണം അത്തരത്തിലുള്ള ഒരു പ്രകടനമായിരുന്നു ഞങ്ങൾ പുറത്തെടുത്തിരുന്നത്. അത് കളത്തിൽ കൂടി തെളിയിക്കണമായിരുന്നു. ഭാഗ്യവശാൽ ഞങ്ങൾ ഇപ്പോൾ മികച്ച രൂപത്തിലാണ് മുന്നോട്ടുപോകുന്നത്. അത് തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു ‘ മെസ്സി പറഞ്ഞു.

ഇതിനുപുറമേ ജർമനിയുടെ പുറത്താവലിലും മെസ്സി അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ മികച്ച പ്രകടനം നടത്തുന്ന ഇംഗ്ലണ്ടിനെ കുറിച്ച് മെസ്സി പരാമർശങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല. ഏതായാലും മെസ്സിയെ സംബന്ധിച്ചിടത്തോളം ബ്രസീൽ, ഫ്രാൻസ്, സ്പെയിൻ എന്നീ എതിരാളികൾക്കാണ് അദ്ദേഹം സാധ്യത കൽപ്പിക്കുന്നത്.