ലോകകപ്പിലിതു വരെ കണ്ട ലൗടാരോ മാർട്ടിനസാവില്ല ഇനിയിറങ്ങുക, താരത്തിന്റെ മോശം ഫോമിന്റെ കാരണം വെളിപ്പെടുത്തി ഏജന്റ് |Qatar 2022
ഖത്തർ ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ തോൽവിയോടെയാണ് അർജന്റീന തുടങ്ങിയതെങ്കിലും അതിനു ശേഷം വിജയങ്ങൾ നേടി ക്വാർട്ടർ ഫൈനൽ വരെയെത്താൻ ടീമിന് കഴിഞ്ഞിരുന്നു. എന്നാൽ ടീമിന്റെ പ്രകടനത്തിലും അർജന്റീന ആരാധകർക്ക് ആശങ്ക സമ്മാനിച്ചത് മുന്നേറ്റനിര താരമായ ലൗടാരോ മാർട്ടിനസിന്റെ ഫോം മങ്ങിയതാണ്.
മെസി കഴിഞ്ഞാൽ ലയണൽ സ്കലോണിയുടെ അർജന്റീനക്കു വേണ്ടി ഏറ്റവുമധികം ഗോൾ നേടിയ താരമായ ലൗടാരോ മാർട്ടിനസ് ടീമിന്റെ പ്രധാന സ്ട്രൈക്കർ കൂടിയായിരുന്നു. ഈ ലോകകപ്പിൽ താരം ടോപ് സ്കോറർ ആയേക്കുമെന്ന പ്രവചനവും പലരും നടത്തുകയുണ്ടായി.എന്നാൽ ടൂർണമെന്റ് ആരംഭിച്ച് ഇതുവരെയും മികച്ച പ്രകടനം നടത്താൻ ഇന്റർ മിലാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇതേതുടർന്ന് ലൗറ്റാരോയുടെ സ്ഥാനം ജൂലിയൻ അൽവാരസ് സ്വന്തമാക്കുകയും ചെയ്തു.
ഓസ്ട്രേലിയക്കെതിരെ പകരക്കാരനായിറങ്ങി നിരവധി അവസരങ്ങൾ നഷ്ടമാക്കിയതോടെ ലൗടാരോക്കെതിരെ ആരാധകരും രംഗത്തു വന്നിരുന്നു. എന്നാൽ അടുത്ത മത്സരത്തിൽ താരം തിരിച്ചു വരുമെന്ന പ്രതീക്ഷ നൽകുന്ന വെളിപ്പെടുത്തലാണ് ലൗറ്റാരോയുടെ ഏജന്റെ ഇപ്പോൾ നടത്തിയിരിക്കുന്നത്. മോശം ഫോമിന്റെ കാരണവും ഏജന്റ് പറയുകയുണ്ടായി.
“ആംഗിളിൽ വേദനയുമായാണ് ലൗടാരോ ലോകകപ്പിനായി എത്തിയത്. ഈ ലോകകപ്പിൽ താരം കളിച്ച ഓരോ മത്സരത്തിനും വേദനയുടെ ഗുളിക കഴിക്കേണ്ടി വന്നിരുന്നു. അതൊന്നും മാധ്യമങ്ങൾ അറിയേണ്ടെന്നാണ് താരം കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ലൗറ്റാറോ എന്നെ വിളിച്ചപ്പോൾ എല്ലാം ശരിയായി എന്നു പറഞ്ഞിരുന്നു.” റേഡിയോ ലാ റെഡിനോട് സംസാരിക്കുമ്പോൾ ലൗടാരോ മാർട്ടിനസിന്റെ ഏജന്റായ കമാണോ പറഞ്ഞു. താരത്തിന്റെ ഫോമിൽ ആശങ്കയുള്ള അർജന്റീന ആരാധകർക്ക് കൂടുതൽ ആശ്വാസം പകരുന്നതാണ് ഏജന്റിന്റെ ഈ വെളിപ്പെടുത്തൽ.
🚨 A.Camaño (Lautaro agent): “Lautaro arrived at the World Cup with severe pain in his ankle. This World Cup every game he played, he had to infiltrate with pain killers. He didn’t want to leak it to media. But today he told me that he feels perfect now.” @radiolared 🚑🇦🇷 pic.twitter.com/z47J4b1AEo
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 7, 2022
കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി നിരവധി അവസരങ്ങൾ നഷ്ടമാക്കിയെങ്കിലും ലൗടാരോ മാർട്ടിനസ് എത്തിയതിനു ശേഷം അർജന്റീന ആക്രമണം കൂടുതൽ ക്രിയാത്മകമായി ചലിച്ചിരുന്നു. അടുത്ത മത്സരത്തിലും ജൂലിയൻ അൽവാരസ് തന്നെയാകും ആദ്യ ഇലവനിൽ ഇറങ്ങാൻ സാധ്യതയെങ്കിലും അർജന്റീനക്ക് ആശ്രയിക്കാൻ മുന്നേറ്റനിരയിൽ മറ്റൊരു താരം കൂടിയുണ്ടെന്നത് ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകും. പരിക്ക് കാരണം കഴിഞ്ഞ മത്സരത്തിൽ ഇറങ്ങാതിരുന്ന ഏഞ്ചൽ ഡി മരിയയും പരിശീലനം ആരംഭിച്ചിട്ടുണ്ട്.