എല്ലാവരും ലൗട്ടാരോ മാർട്ടിനെസിന്റെ അടുത്തേക്ക് ഓടിയപ്പോൾ മെസ്സി മാത്രമെത്തിയത് ഈ താരത്തിന്റെ അടുത്തേക്ക് |Qatar 2022

അത്യന്ത്യം ആവേശവും നാടകീയതും 16 മഞ്ഞകാർഡുകൾ കണ്ടതുമായ മത്സരത്തിനോടുവിൽ ഹോളണ്ടിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി സെമിയിൽ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് രണ്ടു തവണ കിരീടം നേടിയ അര്ജന്റീന. നിശ്ചിത സമയത്തും എക്സ്ട്രാ സമയത്തും ഇരു ടീമുകളും 2 -2 സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് പോയത് .

ഹോളണ്ടിന്റെ ആദ്യ രണ്ടു കിക്കുകളും തടുത്തിട്ട അര്ജന്റീന ഗോൾ കീപ്പർ എമി മാര്ടിനെസാണ് അവരുടെ വിജയം സുഗമമാക്കിയത്.ആദ്യ പകുതിയിൽ നഹുവൽ മൊലിനയുടെ ഗോളിൽ അര്ജന്റീന ലീഡ് നേടിയത്. രണ്ടാം പകുതിയിൽ ലയണൽ മെസ്സി പെനാൽറ്റിയിൽ നിന്നും ലീഡ് വർധിപ്പിച്ചു. എന്നാൽ പകരക്കാരനായി ഇറങ്ങിയ വൗട്ട് വെഘോർസ്റ്റ് അവസാന പത്തു മിനുട്ടിൽ നേടിയ ഇരട്ട ഗോൾ മത്സരം അധിക സമയത്തേക്ക് നീട്ടി.

പെനാൽറ്റി ഷൂട്ട് ഔട്ടിൽ അര്ജന്റീന 4 -3 എന്ന സ്കോറിനാണ് വിജയം നേടിയത്. ഷൂട്ട് ഔട്ടിന് ശേഷം വിജയിച്ച പെനാൽറ്റി കിക്ക് എടുത്ത ലൗട്ടാരോ മാർട്ടിനെസിന്റെ അടുത്തേക്ക് സഹതാരങ്ങൾ ഓടിയപ്പോൾ ഷൂട്ടൗട്ടിന്റെ തുടക്കത്തിൽ രണ്ട് തകർപ്പൻ സേവുകൾ നടത്തി അർജന്റീനയെ മുന്നിലെത്തിച്ച ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ അടുത്തേക്ക് മെസ്സി ഓടുന്നത് കാണാമായിരുന്നു.

ഹൃദയസ്പർശിയായ ഒരു നിമിഷത്തിൽ മെസ്സി എമി മാർട്ടിനെസിനെ ആലിംഗനം ചെയ്തു.മെസി മാത്രമായിരുന്നു ഈ സമയം ഗോള്‍ കീപ്പറുടെ അടുത്തുപോയത്. ആരാധകന്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. അർജന്റീനയുടെയും മെസ്സിയുടെയും ലോകകപ്പ് പ്രതീക്ഷകൾ നിലനിറുത്തുന്ന സേവുകൾ ആണ് മാർട്ടിനെസ് മത്സരത്തിൽ നടത്തിയത്.