ഹോളണ്ടിനെതിരായ പ്രകടനം, ബ്രസീലിന്റെയും അർജന്റീനയുടെയും ഇതിഹാസങ്ങളെ മറികടന്ന് ലയണൽ മെസി |Qatar 2022
ഒരിക്കൽക്കൂടി ലയണൽ മെസിയുടെ ഗംഭീര പ്രകടനം കണ്ട ലോകകപ്പ് മത്സരമായിരുന്നു ഹോളണ്ടിനെതിരെയുള്ളത്. അവസാന മിനിറ്റുകളിൽ ഹോളണ്ട് തിരിച്ചു വന്ന് ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ അർജന്റീനയെ മുന്നിലെത്തിച്ച രണ്ടു ഗോളുകളിലും മെസിയുണ്ടായിരുന്നു. മോളിന നേടിയ ആദ്യത്തെ ഗോളിന് മെസി മനോഹരമായ പാസ് നൽകിയപ്പോൾ രണ്ടാമത്തെ ഗോൾ പെനാൽറ്റിയിലൂടെ താരം തന്നെയാണ് നേടിയത്. ടൂർണമെന്റിൽ മെസിയുടെ നാലാമത്തെ ഗോളായിരുന്നു അത്. അതിനു പുറമെ രണ്ട് അസിസ്റ്റുകൾ ലോകകപ്പിൽ നേടാനും മെസിക്ക് കഴിഞ്ഞു.
മത്സരത്തിലെ ഗംഭീരമായ പ്രകടനത്തോടെ ബ്രസീലിന്റെയും അർജന്റീനയുടെയും ഇതിഹാസതാരങ്ങളുടെ റെക്കോർഡ് മറികടക്കാനും ലയണൽ മെസിക്കായി. ബ്രസീലിന്റെ എക്കാലത്തെയും ഇതിഹാസമായ പെലെ, അർജന്റീനയുടെ ഗോളടിവീരനായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട എന്നിവരുടെ റെക്കോർഡുകളാണ് മെസി ഇന്നലത്തെ മത്സരത്തിലെ പ്രകടനത്തിലൂടെ മറികടന്നത്.
മത്സരത്തിന്റെ ആദ്യപകുതിയിൽ മോളിനയുടെ ഗോളിന് അസിസ്റ്റ് നൽകിയതോടെ ലോകകപ്പിന്റെ നോക്ക്ഔട്ട് ഘട്ടങ്ങളിൽ ഏറ്റവുമധികം ഗോളുകൾക്ക് അവസരമൊരുക്കിയ താരമെന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്. അഞ്ചു ലോകകപ്പുകളിൽ കളിച്ചിട്ടുള്ള ലയണൽ മെസി ഇന്നലത്തെ മത്സരത്തിലെ അസിസ്റ്റോടെ ലോകകപ്പ് നോക്ക്ഔട്ട് ഘട്ടത്തിൽ അഞ്ചാമത്തെ ഗോളിനാണ് അസിസ്റ്റ് നൽകുന്നത്. നാല് ഗോളുകൾക്ക് അസിസ്റ്റ് നൽകിയിട്ടുള്ള പെലെയുടെ റെക്കോർഡാണ് മെസി മറികടന്നത്. 1966നു ശേഷമുള്ള കണക്കായി ഒപ്റ്റയാണ് ഇക്കാര്യം പുറത്തു വിട്ടത്.
രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ അർജന്റീനക്കായി ഗോൾ നേടിയതോടെ ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന അർജന്റീന താരമെന്ന ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡിനൊപ്പം മെസിയെത്തി. രണ്ടു താരങ്ങൾക്കും ഇപ്പോൾ പത്ത് ഗോളുകളാണ്. ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവുമധികം ഗോൾ നേടുന്ന രണ്ടാമത്തെ ലാറ്റിനമേരിക്കൻ താരമെന്ന പെലെയുടെ റെക്കോർഡിനൊപ്പമെത്താൻ രണ്ടു ഗോളുകൾ കൂടി നേടിയാൽ മെസിക്ക് കഴിയും. പതിനഞ്ചു ഗോളുകൾ നേടിയിട്ടുള്ള റൊണാൾഡോയാണ് ഈ റെക്കോർഡിൽ മുന്നിൽ നിൽക്കുന്നത്.
5 – Lionel Messi has assisted five goals in the World Cup knockout stages – since Opta have World Cup assists (from 1966), this is the most on record in the knockout rounds of the finals, surpassing Pelé's four. Goat. pic.twitter.com/ScHbh5oj1b
— OptaJoe (@OptaJoe) December 9, 2022
ലോകകപ്പിന്റെ നോക്ക്ഔട്ട് റൗണ്ടിൽ ഇതുവരെയും ഗോൾ നേടിയിട്ടില്ലായിരുന്ന മെസി ഈ ലോകകപ്പിലാണ് ആ നേട്ടം കുറിക്കുന്നത്. പ്രീ ക്വാർട്ടറിൽ ഓസ്‌ട്രേലിയക്കെതിരെയും ക്വാർട്ടറിൽ ഹോളണ്ടിനെതിരെയും ഗോളുകൾ കണ്ടെത്താൻ മെസിക്ക് കഴിഞ്ഞു. അടുത്ത മത്സരത്തിൽ ക്രൊയേഷ്യയെയാണ് അർജന്റീന നേരിടുന്നത്. ബ്രസീലിനെ കീഴടക്കിയെത്തുന്ന ക്രൊയേഷ്യ അർജന്റീനക്ക് വലിയ വെല്ലുവിളി സമ്മാനിക്കുമെന്നതിൽ സംശയമില്ല.