ലോകകപ്പിലെ ഗോളടിയിൽ തനിക്കൊപ്പമെത്തിയ ലയണൽ മെസിക്ക് സന്ദേശവുമായി ബാറ്റിസ്റ്റ്യൂട്ട |Qatar 2022
ഒരിക്കൽക്കൂടി ലയണൽ മെസി മികച്ച പ്രകടനം നടത്തിയപ്പോൾ നെതർലാൻഡ്‌സിനെതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മുന്നേറാൻ ലയണൽ മെസിക്ക് കഴിഞ്ഞു. ആദ്യപകുതിയിൽ ഒരു ഗോളിന് അസിസ്റ്റ് നൽകുകയും രണ്ടാം പകുതിയിൽ ഒരു ഗോൾ നേടുകയും ചെയ്‌ത മെസിയുടെ പ്രകടനം അർജന്റീനക്ക് രണ്ടു ഗോളിന്റെ ലീഡ് നൽകിയെങ്കിലും അവസാന നിമിഷങ്ങളിൽ അത് കളഞ്ഞു കുളിച്ചപ്പോൾ ഷൂട്ടൗട്ട് വരെ മത്സരം നീണ്ടു. എങ്കിലും ഷൂട്ടൗട്ടിലും അർജന്റീന ഹോളണ്ടിനെ മറികടന്ന് സെമിയിൽ എത്തുകയായിരുന്നു.
മത്സരത്തിൽ ഗോൾ നേടിയതോടെ അർജന്റീന ഇതിഹാസമായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട സ്ഥാപിച്ച ഒരു റെക്കോർഡിനൊപ്പം ലയണൽ മെസി എത്തിയിരുന്നു. ലോകകപ്പിൽ അർജന്റീനക്കായി ഏറ്റവുമധികം ഗോളുകൾ നേടുന്ന താരമെന്ന ബാറ്റിയുടെ റെക്കോർഡിനൊപ്പമാണ് ലയണൽ മെസി എത്തിയത്. രണ്ടു താരങ്ങൾക്കും ലോകകപ്പിൽ പത്ത് ഗോളുകളാണുള്ളത്. എന്നാൽ മുൻ ഫിയോറെന്റീന താരം വെറും പന്ത്രണ്ടു മത്സരങ്ങളിൽ നിന്നാണ് പത്തു ഗോളുകൾ നേടിയതെങ്കിൽ മെസി അഞ്ചു ലോകകപ്പിലായി ഇരുപത്തിനാലു മത്സരങ്ങൾ കളിച്ചാണ് പത്ത് ഗോൾ നേടിയത്.
എന്തായാലും അർജന്റീനയുടെ വിജയത്തിനു സഹായിച്ചതിനും തന്റെ റെക്കോർഡിന് ഒപ്പമെത്തിയതിനും ലയണൽ മെസിക്ക് ബാറ്റിസ്റ്റ്യൂട്ട അഭിനന്ദനം നൽകുകയുണ്ടായി. “അഭിനന്ദനങ്ങൾ, പ്രിയപ്പെട്ട ലിയോ. കഴിഞ്ഞ ഇരുപതു വർഷമായി ഞാനീ റെക്കോർഡ് കൊണ്ടു നടക്കുന്നു. ഇപ്പോൾ അത് നിനക്കൊപ്പം പങ്കു വെക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്. അടുത്ത മത്സരത്തിൽ ആ റെക്കോർഡ് മറികടക്കാൻ നിനക്ക് കഴിയട്ടെയെന്ന് ഞാൻ എന്റെ ഹൃദയം കൊണ്ട് ആഗ്രഹിക്കുന്നു.” തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ബാറ്റി പറഞ്ഞു.
🇦🇷⚽👏 El posteo de Batistuta felicitando a Messi por haberlo alcanzado como máximo goleador de la Selección en mundiales pic.twitter.com/orOK9TaU3y
— Diario Olé (@DiarioOle) December 10, 2022
അടുത്ത മത്സരത്തിൽ ഒരു ഗോൾ നേടിയാൽ ബാറ്റിയുടെ റെക്കോർഡ് തകർക്കാൻ മെസിക്ക് കഴിയും. രണ്ടു ഗോൾ നേടിയാൽ ലോകകപ്പിൽ കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ ലാറ്റിനമേരിക്കൻ താരമെന്ന പെലെയുടെ റെക്കോർഡിനൊപ്പമെത്താനും താരത്തിനാകും. എന്നാൽ ബ്രസീലിനെ പൂട്ടി സെമിയിലേക്ക് മുന്നേറിയ ക്രൊയേഷ്യക്കെതിരെയാണ് അർജന്റീനക്ക് മത്സരിക്കേണ്ടത് എന്നതിനാൽ അതത്ര എളുപ്പമായിരിക്കാൻ സാധ്യതയില്ല.