പരിക്കു വെച്ചു തന്നെയാണു കളിച്ചത്, വെളിപ്പെടുത്തലുമായി അർജന്റീന താരം |Qatar 2022

ഖത്തർ ലോകകപ്പിലെ തുടക്കം തോൽവിയോടെ ആയിരുന്നെങ്കിലും അതിനു ശേഷം തിരിച്ചു വന്ന് എല്ലാ മത്സരങ്ങളിലും വിജയം നേടി സെമി ഫൈനലിൽ എത്തി നിൽക്കുകയാണ് അർജന്റീന ടീം. ഹോളണ്ട് ഭീഷണി ഉയർത്തിയെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ അവരെ മറികടക്കാൻ കഴിഞ്ഞ അർജന്റീനക്ക് ക്രൊയേഷ്യയാണ് സെമി ഫൈനലിൽ എതിരാളികൾ. ഷൂട്ടൗട്ടിലെ അവസാനത്തെ പെനാൽറ്റി കിക്ക് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച ലൗടാരോ മാർട്ടിനസാണ് അർജന്റീനക്ക് വിജയം നൽകിയത്.

ലയണൽ സ്കലോണിയുടെ ടീമിലെ പ്രധാന താരമായിരുന്നു എങ്കിലും ടൂർണമെന്റിന്റെ തുടക്കം മുതൽ അത്ര മികച്ച ഫോമിലായിരുന്നില്ല ലൗടാരോ മാർട്ടിനസ്. ഇതു വരെയും ഒരു ഗോൾ കണ്ടെത്താൻ കഴിയാതിരുന്ന ലൗടാരോ മാർട്ടിനസിനു പകരം ജൂലിയൻ അൽവാരസാണ് കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇറങ്ങിയത്. ഇപ്പോൾ തന്റെ മോശം ഫോമിന്റെ കാരണം പരിക്കാണെന്നു വെളിപ്പെടുത്തിയിരിക്കയാണ് താരം.

“അതെ, കഴിഞ്ഞ ഏതാനും ആഴ്ചകളായി എന്റെ ആംഗിളിൽ വേദന ഉണ്ടായിരുന്നു. എന്നാൽ അതിൽ നിന്നും മുക്തനാവാൻ ഞാൻ കഠിനമായി അധ്വാനിച്ചതിനെ തുടർന്ന് ഇപ്പോൾ എല്ലാം ഭേദമായിട്ടുണ്ട്. ഞാൻ ചെയ്യുന്ന ജോലിയിൽ സന്തുഷ്ടനാണ്, എന്നിൽ വിശ്വാസവുമുണ്ട്. ഇനി ക്രൊയേഷ്യ ടീമിനെ നേരിടുന്നതിലാണ് മുഴുവൻ ശ്രദ്ധയും.” റായ് റേഡിയോയോടു സംസാരിക്കുമ്പോൾ ലൗടാരോ മാർട്ടിനസ് പറഞ്ഞു.

ഹോളണ്ടിനെതിരായ മത്സരത്തിനു മുൻപു തന്നെ ലൗടാരോയുടെ പരിക്കിനെ കുറിച്ചും അതു ഭേദമായെന്നും ഏജൻറ് വെളിപ്പെടുത്തിയിരുന്നു. മോശം ഫോം താരത്തിനു നിരാശ സൃഷ്ടിച്ച കാര്യമാണെങ്കിലും ഷൂട്ടൗട്ടിലെ അവസാനത്തെ പെനാൽറ്റി ഗോളാക്കി മാറ്റിയത് ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ടാകും എന്നുറപ്പാണ്. ഇനിയുള്ള മത്സരങ്ങളിൽ താരം തിളങ്ങുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.