എങ്ങനെയാണ് മെസ്സിയെ തടയുക? പ്ലാനുകൾ വ്യക്തമാക്കി ക്രൊയേഷ്യയുടെ കോച്ച് |Qatar 2022

ഖത്തർ വേൾഡ് കപ്പിന്റെ ആദ്യ സെമിഫൈനൽ മത്സരത്തിൽ അർജന്റീനയും ക്രൊയേഷ്യയും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ രാത്രിയാണ് ഈയൊരു പോരാട്ടം നടക്കുക. ബ്രസീലിനെ തറ പറ്റിച്ചു കൊണ്ടാണ് ക്രൊയേഷ്യ വരുന്നതെങ്കിൽ ഹോളണ്ടിനെയാണ് അർജന്റീന മറികടന്നിട്ടുള്ളത്.

എല്ലാ എതിരാളികളെ പോലെയും ക്രൊയേഷ്യയും ഭയപ്പെടുത്തുന്നത് ലയണൽ മെസ്സി എന്ന നായകന്റെ സാന്നിധ്യമാണ്. ഈ വേൾഡ് കപ്പിലും മെസ്സി അസാമാന്യ പ്രകടനമാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും മെസ്സി ഈ വേൾഡ് കപ്പിൽ നേടിക്കഴിഞ്ഞു. ക്രൊയേഷ്യക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുന്ന താരം മെസ്സിയാണ് എന്നുള്ള കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല.

മെസ്സിയെ എങ്ങനെയാണ് തടയുക.. തന്റെ പ്ലാനുകൾ ഇപ്പോൾ ക്രൊയേഷ്യയുടെ പരിശീലകനായ ഡാലിച്ച് വ്യക്തമാക്കിയിട്ടുണ്ട്.മെസ്സിയിലേക്ക് പാസ്സുകൾ എത്തുന്നത് പരമാവധി ഒഴിവാക്കുമെന്നാണ് ക്രൊയേഷ്യയുടെ കോച്ച് പറഞ്ഞിട്ടുള്ളത്. മാത്രമല്ല മെസ്സിക്ക് സ്പേസ് അനുവദിക്കുന്നത് വളരെയധികം ചുരുക്കാനും തങ്ങൾക്ക് പദ്ധതിയുണ്ടെന്നും ഡാലിച്ച് കൂട്ടിച്ചേർത്തു.

‘ ലയണൽ മെസ്സിയിലേക്ക് പാസ്സുകൾ എത്താതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കണം. മാത്രമല്ല മെസ്സിക്ക് സ്പേസുകൾ അനുവദിക്കാനും പാടില്ല.മെസ്സി അധികമൊന്നും ഓടില്ലെങ്കിലും പന്ത് കിട്ടിക്കഴിഞ്ഞാൽ സർവ്വ കഴിവും അദ്ദേഹം പുറത്തെടുക്കും. കഴിഞ്ഞ 10 വർഷമായി ലോകത്തെ ഏറ്റവും മികച്ച താരമാണ് മെസ്സി.അത്ഭുതപ്പെടുത്തുന്ന ക്വാളിറ്റിയുള്ള താരമാണ് അദ്ദേഹം.അദ്ദേഹത്തെ നേരിടാൻ ഞങ്ങൾ തയ്യാറാവേണ്ടതുണ്ട്.ഇത് അദ്ദേഹത്തിന് വേൾഡ് കപ്പ് കിരീടം നേടാനുള്ള അവസാനത്തെ അവസരമാണ്. അതുകൊണ്ടുതന്നെ മെസ്സി വളരെയധികം മോട്ടിവേറ്റഡ് ആണ് ‘ ഡാലിച്ച് പറഞ്ഞു.

ലയണൽ മെസ്സിയിൽ തന്നെയാണ് അർജന്റീന ഏറ്റവും കൂടുതൽ പ്രതീക്ഷകൾ വച്ച് പുലർത്തുന്നത്. ഏത് പ്രതിരോധനിരയെയും തകർക്കാൻ കെൽപ്പുള്ള താരമാണ് മെസ്സി. ഈ വേൾഡ് കപ്പിൽ ഒട്ടേറെ തവണ മെസ്സി അർജന്റീന രക്ഷകനായിട്ടുണ്ട്. ക്രൊയേഷ്യക്കെതിരെയും അത് ആവർത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.