“അതെന്റെ സ്വപ്നമാണ്”- അർജന്റീനക്കെതിരെ ഇറങ്ങാനിരിക്കെ മോഡ്രിച്ചിന്റെ വെളിപ്പെടുത്തൽ |Qatar 2022
ടോട്ടനം ഹോസ്പറിൽ നിന്നും റയൽ മാഡ്രിഡിൽ എത്തിയ ആദ്യ സമയങ്ങളിൽ ക്ലബിന്റെ ഏറ്റവും മോശം സൈനിങ് എന്നു വിശേഷിപ്പിച്ച ആരാധകരുടെ വായടപ്പിച്ചാണ് ചരിത്രത്തിലെ ഏറ്റവും മികച്ച മധ്യനിരതാരങ്ങളിൽ ഒരാളെന്ന നേട്ടത്തിലേക്ക് ലൂക്ക മോഡ്രിച്ച് എത്തിയത്. ചരിത്രം തിരുത്തിയ റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് നേട്ടങ്ങളിൽ നിർണായക ശക്തിയായിരുന്ന താരം കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിൽ എത്തിച്ചു. അർജന്റീനക്കെതിരെ ഇറങ്ങാൻ തുടങ്ങുമ്പോൾ വീണ്ടുമൊരു ലോകകപ്പിന്റെ ഫൈനലിൽ ടീമിനെയെത്തിക്കുകയാണ് മോഡ്രിച്ചിന്റെ ലക്ഷ്യം.
അർജന്റീനക്കെതിരെ ഇറങ്ങുന്നതിനു മുന്നോടിയായി തന്റെ സ്വപ്നം മോഡ്രിച്ച് വെളിപ്പെടുത്തുകയുണ്ടായി. നിലവിൽ മോഡ്രിച്ചിന്റെ റയൽ മാഡ്രിഡ് കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മുപ്പതു കഴിഞ്ഞ താരങ്ങൾക്ക് ഒരു സീസൺ മാത്രമേ കരാർ പുതുക്കി നൽകൂവെന്ന റയൽ മാഡ്രിഡിന്റെ പോളിസി കാരണമാണത്. ഈ സീസണോടെ കരാർ അവസാനിക്കുമെങ്കിലും അതു വീണ്ടും പുതുക്കി റയൽ മാഡ്രിഡിൽ തന്നെ തുടർന്ന് അവിടെ തന്നെ കരിയറിന് അവസാനം കുറിക്കുകയെന്നതാണ് മോഡ്രിച്ച് തന്റെ സ്വപ്നമായി പറയുന്നത്.
“ഇപ്പോൾ ഞാൻ ലോകകപ്പിലും ക്രൊയേഷ്യൻ ടീമിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. അടുത്തതായി എന്ത് സംഭവിക്കും, നമുക്ക് നോക്കാം, അതേക്കുറിച്ച് സംസാരിക്കാൻ ഒരുപാട് സമയം ഇനിയുമുണ്ട്. തീർച്ചയായും എനിക്ക് റയൽ മാഡ്രിഡിൽ തന്നെ വിരമിക്കണം, ഞാനത് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. എന്നാൽ അതിനു നൂറു ശതമാനം ഉറപ്പു നൽകാൻ കഴിയില്ല. പക്ഷെ അതാണെന്റെ ആശയം, അതാണ് എന്റെ സ്വപ്നവും.” മുപ്പത്തിയേഴുകാരനായ മോഡ്രിച്ച് കഴിഞ്ഞ ദിവസം പറഞ്ഞു.
🗣️ Luka Modrić: "My future? There's time to talk about that. Now I'm focused on the World Cup. Of course, I would like to retire at Real Madrid. That's my dream." 🇭🇷 pic.twitter.com/hMELpA2gHd
— Real Madrid News (@onlyrmcfnews) December 12, 2022
ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ലോകഫുട്ബോളില് ആധിപത്യം സ്ഥാപിച്ചിരുന്ന സമയത്ത് അവരെ മറികടന്ന് ബാലൺ ഡി ഓർ നേടിയ താരം കൂടിയായ മോഡ്രിച്ച് സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിര താരമാണ്. കളിക്കളത്തിൽ വളരെയധികം ബുദ്ധിവൈഭവം പ്രകടിപ്പിക്കുന്ന താരവും അതിനു പുറമെ കോവാസിച്ച്, ബ്രോസോവിച്ച് എന്നിവരടങ്ങുന്ന മധ്യനിരയാണ് ക്രൊയേഷ്യയുടെ പ്രധാന കരുത്ത്. അതിനാൽ തന്നെ അർജന്റീനയെ സെമിയിൽ ക്രൊയേഷ്യ മറികടന്നാലും അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.