അർജന്റീനക്കെതിരെ ലോകകപ്പ് ഫൈനൽ പോരാട്ടത്തിനായി ഫ്രാൻസ് ടീമിൽ ബെൻസിമയുമുണ്ടാകും|Qatar 2022 |Karim Benzema

തുടർച്ചയായ രണ്ടാമത്തെ തവണയും ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ഇടം പിടിച്ചിരിക്കുകയാണ് ഫ്രാൻസ്. ഇത്തവണയും കിരീടം നേടാൻ തങ്ങൾക്ക് കഴിയുമെന്നു തെളിയിച്ച് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അവർ മൊറോക്കോയെ കീഴടക്കിയത്. അഞ്ചാം മിനുട്ടിൽ തന്നെ ആദ്യത്തെ ഗോൾ നേടിയ ഫ്രാൻസിനെതിരെ മൊറോക്കോ ശക്തമായി പൊരുതിയെങ്കിലും ഫ്രഞ്ച് പ്രതിരോധം പിടിച്ചു നിന്നു. ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ ഫ്രാൻസ് തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് അർജന്റീനയെ നേരിടും.

ഫൈനലിനൊരുങ്ങുന്ന ഫ്രാൻസിന് കൂടുതൽ ആത്മവിശ്വാസം നൽകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ലോകകപ്പിന് തൊട്ടു മുൻപു തന്നെ ഫ്രാൻസ് ടീമിലെ സൂപ്പർതാരവും ഈ വർഷത്തെ ബാലൺ ഡി ഓർ ജേതാവുമായ കരിം ബെൻസിമ പരിക്കേറ്റു പുറത്തു പോയിരുന്നു. ബെൻസിമക്കു പകരക്കാരെ ഉൾപ്പെടുത്താൻ അവസരം ഉണ്ടായിട്ടും പരിശീലകൻ ദെഷാംപ്‌സ് അതിനു തയ്യാറായില്ല. അതിനാൽ തന്നെ ഇപ്പോഴും ഫ്രഞ്ച് ടീമിന്റെ ഭാഗമായ കരിം ബെൻസിമ ഫൈനൽ കളിക്കുന്ന ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ.

സ്‌പാനിഷ്‌ മാധ്യമമായ മുണ്ടോ ഡീപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം ഫൈനലിനുള്ള ഫ്രാൻസ് ടീമിനൊപ്പം ചേരാൻ കരിം ബെൻസിമക്ക് റയൽ മാഡ്രിഡ് അനുമതി നൽകിയിട്ടുണ്ട്. നിലവിൽ റയൽ മാഡ്രിഡിനൊപ്പം പരിശീലനം നടത്തുകയാണ് താരം. എന്നാൽ ബെൻസിമ ഫൈനൽ പോരാട്ടത്തിൽ കളിക്കാനിറങ്ങാനുള്ള സാധ്യത തീരെയില്ല. ഫ്രാൻസ് ലോകകപ്പ് വിജയിച്ചാലും ഇല്ലെങ്കിലും ലഭിക്കുന്ന മെഡലിന് കരിം ബെൻസിമ അർഹനാണ്. ഫ്രാൻസ് ലോകകിരീടം നേടിയാൽ അവർക്കൊപ്പം അതാഘോഷിക്കാൻ കൂടിയാവും ബെൻസിമ ടീമിനൊപ്പം ചേരുന്നത്.

ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ കരിം ബെൻസിമയുടെ അഭാവത്തിൽ സ്‌ട്രൈക്കർ പൊസിഷനിൽ കളിക്കുന്ന ഒലിവർ ജിറൂദ് മികച്ച പ്രകടനം നടത്തുന്നുണ്ട്. നാല് ഗോളുകൾ താരം ടൂർണമെന്റിൽ നേടിക്കഴിഞ്ഞു. അതേസമയം ബെൻസിമയെപ്പോലൊരു താരം ഫൈനലിനായി ടീമിനൊപ്പം ചേരുന്നത് ഫ്രാൻസിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച താരം തന്റെ നേതൃഗുണം തെളിയിച്ചതാണ്.

Rate this post