❛ലയണൽ മെസ്സിയെ ഞങ്ങൾക്ക് പേടിയില്ല, അർജന്റീനയെ ഫൈനലിൽ തോൽപ്പിച്ച് കിരീടം ഫ്രാൻസ് നേടും..❜ |Qatar 2022
ഇന്നലെ നടന്ന സെമി ഫൈനലിൽ മൊറോക്കൻ കരുത്തിനെ ഫ്രാൻസ് വീഴ്ത്തിയതോടെ ഖത്തർ ലോകകപ്പിലെ ഫൈനലിസ്റ്റുകൾ ആരൊക്കെയാണെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ലയണൽ മെസിയുടെ കരുത്തേറി കുതിക്കുന്ന അർജന്റീനയും കിലിയൻ എംബാപ്പെയെന്ന കൊള്ളിയാൻ വെളിച്ചം കാണിക്കുന്ന ഫ്രാൻസും തമ്മിലാണ് ഖത്തറിൽ സുവർണകിരീടത്തിൽ മുത്തമിടാൻ മത്സരിക്കുക. ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ ടീമാണ് ഫ്രാൻസെങ്കിൽ ആദ്യ മത്സരത്തിലെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം ആധികാരികമായ പ്രകടനം നടത്തിയാണ് അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തുന്നത്.
എല്ലാ പൊസിഷനിലും ഒന്നിലധികം മികച്ച താരങ്ങളുള്ള ഫ്രഞ്ച് ടീമിന്റെ എല്ലാ താരങ്ങളും യൂറോപ്പിലെ പ്രധാന ലീഗുകളിലെ പ്രധാന ക്ലബുകളിൽ കളിക്കുന്നവരാണ്. അതേസമയം ലോകഫുട്ബാളിലെ സൂപ്പർതാരമായ ലയണൽ മെസിയും പരിശീലകൻ സ്കലോണിയുടെ തന്ത്രങ്ങളുമാണ് അർജന്റീന ടീമിന്റെ കരുത്ത്. അതേസമയം ലയണൽ മെസിയെ തങ്ങൾക്ക് പേടിയില്ലെന്നും അർജന്റീന മികച്ച ടീമാണെങ്കിലും അവരെ തടഞ്ഞ് ലോകകപ്പ് നേടാൻ ശ്രമിക്കുമെന്നാണ്ഫ്രഞ്ച് താരമായ തിയോ ഹെർണാണ്ടസ് പറയുന്നത്.
“രണ്ടു ലോകകപ്പ് ഫൈനലുകളിൽ തുടർച്ചയായി കളിക്കുകയെന്നത് വലിയൊരു നേട്ടമാണ്. ഞങ്ങൾ മികച്ച നേട്ടമാണ് സ്വന്തമാക്കിയത്. കടുപ്പമേറിയ ജോലിയായിരുന്നു എങ്കിലും ഫൈനലിലെത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇനി അതേക്കുറിച്ച് ചിന്തിക്കാം. എനിക്ക് ക്ഷീണമുണ്ടെങ്കിലും ലോകകപ്പ് സെമി വിജയിച്ചതിൽ സന്തോഷമുണ്ട്. ഞായറാഴ്ചക്ക് തയ്യാറെടുക്കുകയാണ് ഇനി മുന്നിലുള്ള കാര്യം. മെസി ഞങ്ങളെ ഭയപ്പെടുത്തുന്നില്ല. അര്ജന്റീന വളരെ മികച്ച ടീമാണെങ്കിലും ഞങ്ങൾക്ക് ഏതാനും ദിവസങ്ങളുടെ ജോലി കൂടി ബാക്കിയുണ്ട്.” ഹെർണാണ്ടസ് മത്സരത്തിന് ശേഷം പറഞ്ഞു.
🗣️ Theo Hernandez to RAI: “Messi doesn't scare us, we know Argentina have an incredible team. We need to recover well to be at our best on Sunday.” 🇫🇷 pic.twitter.com/ayNLXG3Dds
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 14, 2022
കഴിഞ്ഞ ലോകകപ്പിലെ കിരീടനേട്ടം ഫ്രാൻസ് ആവർത്തിച്ചാൽ ആറു പതിറ്റാണ്ടുകൾക്ക് ശേഷം ലോകകപ്പ് നിലനിർത്തുന്ന ആദ്യത്തെ ടീമായി അവർ മാറും. അർജന്റീനയെക്കാൾ കരുത്തരാണ് ഫ്രാൻസ് എന്നതിനാൽ തന്നെ മത്സരത്തിൽ അവർക്ക് മുൻതൂക്കവുമുണ്ട്. അതേസമയം 1986നു ശേഷം ആദ്യത്തെ ലോകകപ്പ് കിരീടമാണ് അർജന്റീന ലക്ഷ്യമിടുന്നത്. ലോകകപ്പ് നേടിയാൽ സ്കലോണിക്ക് കീഴിൽ അർജന്റീന സ്വന്തമാക്കുന്ന മൂന്നാമത്തെ കിരീടമാകുമത്. കോപ്പ അമേരിക്ക, ഫൈനലൈസിമ എന്നിവയാണ് അർജന്റീന ഇതിനു മുൻപ് നേടിയത്.