മെസ്സിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായ ഒരു കൂട്ടം താരങ്ങൾ : അർജന്റീനയുടെ വിജയ രഹസ്യത്തെക്കുറിച്ച് പോച്ചെട്ടിനോ! |Qatar 2022

വേൾഡ് കപ്പിന്റെ തുടക്കത്തിൽ തന്നെ സൗദി അറേബ്യയോട് അർജന്റീന പരാജയപ്പെട്ടത് യഥാർത്ഥത്തിൽ എല്ലാവരിലും ഒരു ഞെട്ടൽ ഉണ്ടാക്കിയിരുന്നു. 36 മത്സരങ്ങളിൽ പരാജയപ്പെടാതെ വന്ന അർജന്റീനക്ക് തികഞ്ഞ ഒരു തിരിച്ചടി തന്നെയായിരുന്നു ആ തോൽവി. പക്ഷേ ആ തോൽവി യഥാർത്ഥത്തിൽ അർജന്റീനക്ക് പിന്നീട് സഹായകരമാകുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

ഓരോ മത്സരത്തിലും വർദ്ധിത വീര്യത്തോടുകൂടി പോരാടിയ ലയണൽ മെസ്സിയും സഹതാരങ്ങളും എല്ലാ മത്സരങ്ങളും വിജയിച്ചു കയറുകയായിരുന്നു. ഒടുവിൽ അർജന്റീന ഇപ്പോൾ ഫൈനൽ വരെ എത്തിനിൽക്കുന്നു. ഫ്രാൻസിനെ കൂടി കീഴടക്കാൻ സാധിച്ചാൽ അർജന്റീനക്ക് ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കാൻ സാധിക്കും.അർജന്റീന അർഹിച്ച രൂപത്തിൽ തന്നെയാണ് ഇപ്പോൾ ഫൈനൽ വരെ എത്തിനിൽക്കുന്നത്.

ഈ അർജന്റീന ടീമിനെ കുറിച്ച് അർജന്റൈൻ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ സംസാരിച്ചിട്ടുണ്ട്. ലയണൽ മെസ്സിയും അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായ ഒരു കൂട്ടം താരങ്ങളുമാണ് ഈ അർജന്റീന ടീമിന്റെ വിജയരഹസ്യമായി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല പന്ത് ലഭിച്ചാൽ പരമാവധി മെസ്സിക്ക് നൽകാൻ ശ്രമിക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

‘ അർജന്റീന ടീം ഇപ്പോൾ ഈ ഒരു ഫൈനലിൽ എത്താൻ പ്രധാനപ്പെട്ട കാരണമായി കൊണ്ട് എനിക്ക് പറയാൻ കഴിയുക, ടീമിലെ എല്ലാ താരങ്ങൾക്കും അവരവരുടെ റോൾ കൃത്യമായി മനസ്സിലാക്കാൻ സാധിച്ചു എന്നുള്ളതാണ്. മാത്രമല്ല പന്ത് ലഭിച്ചു കഴിഞ്ഞാൽ അവർ പരമാവധി മെസ്സിയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുമുണ്ട്. തീർച്ചയായും അർജന്റീനക്ക് മെസ്സിയെ ആവശ്യമാണ്,കിരീടം ഉയർത്താൻ മെസ്സിക്ക് ബാക്കിയുള്ള 10 താരങ്ങളെയും ആവശ്യമാണ്.ആ 10 താരങ്ങളും മെസ്സിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ്. താരങ്ങളെല്ലാവരും 120 ശതമാനവും കളത്തിൽ നൽകുന്നത് നമുക്ക് കാണാൻ കഴിയും.ഡി പോൾ,മാക്ക് ആല്ലിസ്റ്റർ, എൻസോ, ആൽവരസ് എന്നിവരൊക്കെ അവരുടെ പരമാവധി നൽകുന്നത് നമുക്ക് കാണാൻ കഴിയുന്നുണ്ട്.അവർ മെസ്സിക്ക് വേണ്ടിയാണ് അത് ചെയ്യുന്നത്. ലയണൽ മെസ്സി ഉണ്ടാവുമ്പോൾ എന്തും സാധ്യമാണ് എന്നുള്ളത് അവർക്കറിയാം ‘ പോച്ചെ പറഞ്ഞു.

ഗോൾഡൻ ബോൾ പോരാട്ടത്തിലും ഗോൾഡൻ ബൂട്ട് പോരാട്ടത്തിലുമൊക്കെ ലയണൽ മെസ്സി മുമ്പിൽ തന്നെ ഇപ്പോൾ ഉണ്ട്. പക്ഷേ മെസ്സിക്കും ആരാധകർക്കും ഏറ്റവും കൂടുതൽ ആവശ്യം വേൾഡ് കപ്പ് കിരീടമാണ്. ഫ്രാൻസിനെ കീഴടക്കാൻ കഴിഞ്ഞാൽ അത് മെസ്സിയെ സംബന്ധിച്ചിടത്തോളം വലിയ ഒരു ചരിത്രം തന്നെയായിരിക്കും.

Rate this post