2026 ലോകകപ്പിൽ ഇന്ത്യക്ക് കളിക്കാനാവുമെന്ന് ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ |FIFA World Cup
ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്ന വാക്കുകളുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. 2026ൽ യുഎസ്എ, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽ വെച്ചു നടക്കുന്ന ലോകകപ്പിൽ കളിക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീമിന് സാധ്യതയുണ്ടെന്നാണു ഇൻഫാന്റിനോ പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ ആരാധകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇന്ത്യൻ ഫുട്ബോൾ വളർത്താൻ ഫിഫക്ക് വിപുലമായ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെയാണ് ഇൻഫാന്റിനോ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. കഴിഞ്ഞ ദിവസം തന്റെ അക്കൗണ്ടിലൂടെആരാധകരിൽ ചിലരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയിരുന്നു. ഇതിലൊരു ചോദ്യം “2026 ലോകകപ്പിൽ ഇന്ത്യ കളിക്കുമോ, ഞങ്ങളെല്ലാവരും അതിനായി കാത്തിരിക്കുകയാണ്” എന്നായിരുന്നു. ഈ ചോദ്യത്തിന് വളരെ പ്രതീക്ഷ നൽകുന്ന മറുപടിയാണ് ഇൻഫാന്റിനോ നൽകിയത്.
“അതിനു സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. 32 ടീമുകൾക്ക് പകരം 48 ടീമുകൾ കളിക്കുന്നതാണ് 2026 ലോകകപ്പ്. ഇന്ത്യക്കും അതിനു യോഗ്യത നേടാൻ കഴിയും. ആരാധകർക്ക് ഉറപ്പു നൽകാൻ കഴിയുന്ന ഒരു കാര്യം ഇന്ത്യയിലെ ഫുട്ബോൾ വളർത്താൻ വിപുലമായ പദ്ധതികൾ ഞങ്ങൾക്കുണ്ട് എന്നതാണ്. വലിയ രാജ്യമായ ഇന്ത്യക്ക് നല്ലൊരു ഫുട്ബോൾ ടീമും നല്ല ഫുട്ബോൾ മത്സരങ്ങളും വേണം.” അദ്ദേഹം പറഞ്ഞു.
FIFA president Giani Infantino on Intagram👇🤞@IndSuperLeague @KeralaBlasters#IndianFootball #ISL #ILeague #KBFC #KeralaBlasters #India #Football pic.twitter.com/C9S3Nt1NQM
— Abdul Rahiman Masood (@abdulrahmanmash) December 20, 2022
ഫിഫ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് ചീഫായ ആഴ്സൺ വെങ്ങർ ഇന്ത്യയിൽ ഫുട്ബോൾ വളർത്താനുള്ള പദ്ധതികൾക്ക് സഹായം ചെയ്യുമെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. അത് ശരി വെക്കുന്നതാണ് ഇന്ഫന്റിനോയുടെ വെളിപ്പെടുത്തൽ. കൃത്യമായ പാതയിലൂടെ മുന്നോട്ടു പോയാൽ ഇന്ത്യൻ ഫുട്ബോൾ വളരുമെന്ന കാര്യത്തിൽ സംശയമില്ല. ടീമുകളുടെ എണ്ണം വർധിപ്പിച്ചതിനാൽ ലോകകപ്പ് കളിക്കാനും ഇന്ത്യക്ക് സാധ്യതയുണ്ട്.