ലയണൽ മെസ്സി തന്റെ പ്രതാപ കാലത്തെ നിമിഷങ്ങളെ വീണ്ടും സൃഷ്ടിക്കുമ്പോൾ
ബാഴ്സലോണ ഇതിഹാസമായ ലയണൽ മെസ്സി ബാഴ്സിലോണയിൽ 2020-21 സീസൺ തുടങ്ങിയത് അത്ര നല്ല പ്രതീക്ഷകളോടെയായിരുന്നില്ല. താരത്തിന് ബാഴ്സലോണ വിടാൻ താൽപര്യമുണ്ടെന്ന് താരം പ്രഖ്യാപിച്ചതും തുടർന്നുണ്ടായ സംഭവങ്ങൾക്കുമെല്ലാം ഫുട്ബോൾ ലോകം ഒരു പോലെ സാക്ഷ്യം വഹിച്ചതാണ്. പക്ഷെ സീസൺ മുന്നോട്ടു പോയപ്പോൾ മെസ്സി ടീം വിടുന്ന ലാര്യം തന്നെ മറന്നു പോയി. മാഞ്ചസ്റ്റർ സിറ്റിയും പി.എസ്.ജിയുമെല്ലാം അർജന്റീനയുടെ കപ്പിത്താനെ ടീമിലെടുക്കാൻ കാത്തിരിക്കുകയാണെങ്കിലും ബാഴ്സിലോണയിൽ മെസ്സിയിപ്പോൾ ചിലവഴിക്കുന്ന ഓരോ നിമിഷവും താരത്തിനു നൽകുന്നത് സന്തോഷമാണ്.
കഴിഞ്ഞ ഡിസംബറിൽ കേഡിസിനെതിരെ അവസാനമായി തോൽവിയറിഞ്ഞ ബാഴ്സലോണ തുടർന്ന് 14 വിജയങ്ങളും 3 സമനിലയും നേടി. കൂടാതെ ഫുട്ബോൾ ആരാധകരെ ത്രസിപ്പിച്ച സേവില്ലെക്കെതിരെ മികച്ചൊരു തിരിച്ചുവരവും ബാഴ്സലോണ നടത്തിയിരുന്നു. റൊണാൾഡ് കുമാനെ സംബന്ധിച്ചിടത്തോളം ബാഴ്സ പരിശീലകനായതിനു ശേഷമുള്ള തനിക്കേറ്റവും ഇഷ്ടപ്പെട്ട മത്സരം സേവില്ലെക്കെതിരായ തിരിച്ചുവരവായിരുന്നുവെന്ന് മുൻ ബാഴ്സ പ്രതിരോധ നിര താരവും കൂടിയായ കൂമാൻ വെളിപ്പെടുത്തി.
Lionel Messi and Joan Laporta have history at Barcelona 💙❤️ pic.twitter.com/LT12L1NlCw
— Goal (@goal) March 8, 2021
കളിക്ക് ശേഷം മെസ്സി കൂമാനെ കെട്ടിപിടിച്ചു ടീമിന്റെ ജയം ആഘോഷിച്ചപ്പോൾ ഏതൊരു ഫുട്ബോൾ ആരാധകന്റെയും കണ്ണുകൾ നിറഞ്ഞിട്ടുണ്ടാവും. കൂടാതെ ബാഴ്സിലോണയ്ക്ക് ഇപ്പോൾ ഒരു സ്ഥിര പ്രെസിഡന്റുണ്ട്. ക്ലബ്ബിൽ തന്റെ രണ്ടാമൂഴം ആരംഭിച്ച ലപ്പോർട്ട വളരെ മികച്ച വാഗ്ദാനങ്ങളാണ് നൽകിയിട്ടുള്ളത്. കൂടാതെ പ്രെസിഡന്റിന് ലയണൽ മെസ്സിയെ നന്നായി അറിയാം. 2010ലെ കോപ്പാ ഡെൽ റേയുടെ കിരീടം ഇരുവരും പിടിച്ചു നിൽക്കുന്ന ആ ദൃശ്യം ഇപ്പോഴും ബാഴ്സലോണ ആരാധകർക്ക് കുളിരേകുന്നതാണ്.
ഇരുവരും പി.എസ്.ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിന് മുന്നോടിയായി കണ്ടുമുട്ടിയിരുന്നു. ലപ്പോർട്ട എല്ലാ ടീം അംഗങ്ങളെയും അഭിനന്ദിച്ചപ്പോൾ മെസ്സിക്കായി ഒരു ആലിംഗനമാണ് നേർന്നത്. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ നിലവിലെ എല്ലാ ഫുട്ബോൾ പണ്ഡിറ്റുകളും അഭിപ്രായപ്പെടുന്നത് മെസ്സി ബാഴ്സലോണയിൽ തന്നെ തുടർന്നെക്കുമെന്നാണ്.