❝ബാഴ്സലോണ വിടാൻ താൻ തയ്യാറായിരുന്നില്ല❞ ; പൊട്ടിക്കരഞ്ഞ് മെസി

അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണ വിടുന്നു എന്ന പ്രഖ്യാപനം വലിയ ഞെട്ടലോടെയാണ് ഫുട്ബോൾ ലോകം കേട്ടത്. 20 വര്ഷം നീണ്ടു നിന്ന ബാഴ്സ കരിയറിന് അവസാനം കുറിച്ച് കൊണ്ട് ഇന്ന് നടന്ന പത്ര സമ്മേളത്തിൽ വികാരനിർഭരമായാണ് മെസ്സി വിട പറഞ്ഞത്. പത്ര സമ്മേളത്തിനിടെ തുടക്കം മുതൽ തന്നെ മെസ്സിക്ക് തന്റെ കണ്ണ് നീർ നിയന്ത്രിക്കാനായില്ല. തന്റെ പ്രിയപ്പെട്ട ക്ലബിനോട് വിട പറയാൻ മെസ്സിക്ക് വാക്കുകൾ ലഭിക്കുന്നില്ലായിരുന്നു,

ഞാന്‍ അതീവ ദുഖിതനാണ്. ഈ നിമിഷവും ഇത് അംഗീകരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷം എന്നാണ് ക്ലബ് വിടുന്നതിനെ കുറിച്ച് മെസി പറഞ്ഞത്.തന്റെ ജീവിതം മുഴുവൻ ഇവിടെ ആയിരുന്നു എന്നും അവസാന 20 കൊല്ലം തനിക്ക് ബാഴ്സലോണ വീടായിരുന്നു എന്നും മെസ്സി പറഞ്ഞു. കഴിഞ്ഞ സീസണിൽ താൻ ക്ലബ് വിടാൻ ആലോചിച്ചിരുന്നു. എന്നാൽ ഇത്തവണ ബാഴ്സലോണയിൽ തുടരാൻ ആയിരുന്നു തീരുമാനം. എന്നാൽ കാര്യങ്ങൾ എല്ലാം അപ്രതീക്ഷിതമായി മാറിമറഞ്ഞു. മെസ്സി പറഞ്ഞു. ബാഴ്‌സലോണയുമായി എനിക്ക് യാതൊരു പ്രശ്‌നവുമില്ല. ക്ലബുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഞാൻ തൃപ്തനാണ്. ഞങ്ങൾ കരാറിലും എത്തിയിരുന്നു. ബാഴ്‌സലോണയിൽ തുടരാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്‌തു. എന്നാൽ ലാ ലിഗ നിയമങ്ങൾ പ്രകാരം അതു സാധ്യമല്ല.

ഞാന്‍ ഇവിടെ എത്തിയിട്ട് ഒരുപാട് വര്‍ഷമായി. എന്റെ ജീവിതം മുഴുവന്‍, എനിക്ക് 13 വയസുള്ളപ്പോള്‍ മുതല്‍. 21 വര്‍ഷത്തിന് ശേഷമാണ് ഞാന്‍ വിടപറയുന്നത്. വന്ന ദിവസം മുതല്‍ പടിയിറങ്ങുന്ന ഈ നിമിഷം വരെ ഈ ജേഴ്‌സി അണിഞ്ഞ് ക്ലബിനായി ഞാന്‍ എന്റെ എല്ലാം നല്‍കി. നിറഞ്ഞ സംതൃപ്തിയോടെയാണ് ഞാന്‍ പോകുന്നത്, മെസി പറഞ്ഞു. ബാഴ്സലോണ വിടുന്നതോടെ തന്റെ ജീവിതം മാറും എന്നും ഇനി പുതിയ ജീവിതമായിരിക്കും എന്നും മെസ്സി പറഞ്ഞു. ബാഴ്സലോണ ജേഴ്സി അണിഞ്ഞപ്പോൾ ഒക്കെ താൻ ആ ജേഴ്സിയെ ബഹുമാനിച്ചിട്ടുണ്ട് എന്നും ബാഴ്സലോണയിൽ ഇത്ര നാളും കളിച്ചതിലും ഇവിടെ നേടിയ കിരീടങ്ങളിലും താൻ സന്തോഷവാനാണെന്നും മെസ്സി പറഞ്ഞു.


പിഎസ്ജിയിലേക്കാണോ പോകുന്നത് എന്ന ചോദ്യത്തിനും മെസി മറുപടി നല്‍കി. ആരുമായും ധാരണയില്‍ എത്തിയിട്ടില്ല. പിഎസ്ജി എന്നത് ഒരു സാധ്യതയാണ്. ആ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ എനിക്ക് ഒരുപാട് കോളുകള്‍ ലഭിച്ചു. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ല. ബാഴ്സലോണ ക്ലബും ആരാധകരും തന്നോട് ഇത്രയും കാലം കാണിച്ച സ്നേഹത്തിന് എന്നും നന്ദിയുണ്ടായിരിക്കും എന്നും മെസ്സി പറഞ്ഞു. താരം കരഞ്ഞു കൊണ്ടാണ് പത്ര സമ്മേളനം പൂർത്തിയാക്കിയത്.

Rate this post