മെസിയോടു ജേഴ്സി ചോദിച്ചെങ്കിലും തന്നില്ല, ബയേൺ താരത്തിന്റെ വെളിപ്പെടുത്തൽ
ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം ലയണൽ മെസിയുടെ ജേഴ്സി താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അതു ലഭിച്ചില്ലെന്ന് ബയേൺ കൗമാരതാരം അൽഫോൺസോ ഡേവീസിന്റെ വെളിപ്പെടുത്തൽ. മത്സരത്തിൽ രണ്ടിനെതിരെ എട്ടു ഗോളുകൾക്കാണ് ബാഴ്സ തോൽവിയേറ്റു വാങ്ങിയത്. ഇതിന്റെ നിരാശ കൊണ്ടാണ് മെസി അതു നൽകാതിരുന്നതെന്നു കരുതുന്നുവെന്നും ഡേവീസ് പറഞ്ഞു.
“ഞാൻ മെസിയോട് ജേഴ്സി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം കുറച്ച് അസ്വസ്ഥനായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. അടുത്ത തവണ അതു ലഭിക്കുമെന്നും കരുതുന്നു.” അൽഫോൺസോ ഡേവീസ് പറഞ്ഞത് പ്രമുഖ കായിക മാധ്യമമായ ഗോൾ റിപ്പോർട്ടു ചെയ്തു.
Alphonso Davies on if got his idol Lionel Messi’s shirt after Bayerns win over Barca: 😂😂 pic.twitter.com/UuSURMFaks
— Jordan Fabian Khan (@Jofkha) August 20, 2020
മെസിയുടെ ആരാധകനാണു താനെന്ന് നേരത്തെ തന്നെ ഡേവീസ് വെളിപ്പെടുത്തിയിട്ടുള്ളതാണ്. മെസിക്കൊപ്പം കളിക്കുന്നതിന്റെ ത്രിൽ അച്ഛനുമായി പങ്കു വെച്ച കാര്യവും താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ മത്സരത്തിൽ ബാഴ്സ കനത്ത തോൽവി വഴങ്ങിയത് ജേഴ്സി ലഭിക്കുന്നതിനു തടസമാവുകയായിരുന്നു.
പത്തൊൻപതാം വയസിൽ തന്നെ ലോകത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്ക് എന്ന തലത്തിലേക്കുയർന്ന ഡേവീസ് ബുണ്ടസ് ലിഗയിലെ ഏറ്റവും വേഗതയേറിയ താരമെന്ന റെക്കോർഡ് ഈ സീസണിൽ സ്വന്തമാക്കിയിട്ടുണ്ട്. ബാഴ്സക്ക് താരത്തെ മുൻപു സ്വന്തമാക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും ബർട്ടമൂ അതു നിഷേധിക്കുകയായിരുന്നു.