തിരിച്ചുവരവുകളുടെ രാജാവ്, അഥവാ മിസ്റ്റർ ചാമ്പ്യൻസ് ലീഗ് !!!
അതേ, ഒരിക്കൽ കൂടി ആ വിശ്വരൂപം രക്ഷകനായി അവതരിച്ചു. റൊണാൾഡോ ഇന്നലെയും അവസാനനിമിഷത്തിൽ ടീമിന്റെ നിർണായകഗോളിൽ പങ്കാളിയായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകനായി. ഈ മത്സരം ഓൾഡ് ട്രാഫൊർഡിലെ പുൽനാമ്പുകളെ പോലും കോരിത്തരിപ്പിച്ച ഒന്നാക്കി മാറ്റാൻ റൊണാൾഡോയ്ക്ക് സാധിച്ചു. അറ്റ്ലാന്റാക്കെതിരെ രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് വിജയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയശില്പി ആയി മാറിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. മത്സരത്തിന്റെ 82 ആം മിനുട്ടിൽ ലുക്ക് ഷായുടെ ക്രോസിൽ നിന്നും ട്രേഡ് മാർക്ക് ഹെഡ്ഡറിലൂടോടെയാണ് റൊണാൾഡോ യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്.
ലെസ്റ്റർ സിറ്റിക്ക് എതിരെ തോറ്റപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നല്ല കാലം ആണ് വരാൻ പോകുന്നത് എന്ന് പറഞ്ഞ റൊണാൾഡോ ഇന്നലത്തെ പ്രകടനത്തോടെ അത് ആവർത്തിക്കുക ആയിരുന്നു.തങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്. ഒരിക്കലും തങ്ങൾ പൊരുതാതെ ഇരിക്കില്ല എന്നും മത്സരത്തിൽ തോൽവി സമ്മതിച്ച് മുന്നേറില്ല എന്നും റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.ഇന്നലത്തെ റൊണാൾഡോയുടെ പ്രകടനത്തെ അഭിനന്ദിച്ച് പരിശീലകൻ സോൾഷ്യരും രംഗത്തെത്തി .റൊണാൾഡോയെ വിമർശിക്കുന്നവർ ഇന്നത്തെ മത്സരം കാണണം എന്ന് ഒലെ ഇന്നത്തെ അറ്റലാന്റയ്ക്ക് എതിരായ മത്സര ശേഷം പറഞ്ഞു. റൊണാൾഡോയുടെ പ്രയത്നങ്ങളും മനോഭാവവും കളി കാണുന്നവർക്ക് മനസ്സിലാകും എന്നും ഒലെ പറഞ്ഞു.
ലീഗിൽ റൊണാൾഡോയുടെ പ്രകടനം താഴപോയാലും ചാമ്പ്യൻസ് ലീഗിൽ സ്ഥായിയായായ ഫോം നിലനിര്ത്താന് സൂപ്പർ താരത്തിന് സാധിക്കാറുണ്ട്. അവസാന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിയ്യ റയലിനെതിരെ എന്ന പോലെ അറ്റ്ലാന്റാക്കെതിരെയും യുണൈറ്റഡിന്റെ രക്ഷകനായി മാറാൻ റോണോക്കായി. ക്രിസ്റ്റ്യാനോ അല്ലാതെ മറ്റാര്, ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ , ഏറ്റവും കൂടുതൽ ഗോളുകൾ , അസിസ്റ്റുകൾ , ഏറ്റവും കൂടുതൽ കിരീടങ്ങൾ, അതേ അക്ഷരം തെറ്റാതെ വിളിക്കാം മിസ്റ്റർ ചാമ്പ്യൻസ് ലീഗ് എന്ന്. ഇതിനെല്ലാം പുറമെ എണ്ണിയാൽ തീരാത്ത ചാമ്പ്യൻസ് ലീഗ് റെക്കോർഡുകൾ എല്ലാം ക്രിസ്റ്റ്യാനോയുടെ പേരിലാണെന്ന് പറഞ്ഞാൽ ഒരു പക്ഷെ വിശ്വസിക്കാൻ ബുദ്ധിമുട്ട് ആയെന്നു വരും.
റൊണാൾഡോയുടെ അവസാന നിമിഷ വിജയഗോളുകൾ ഇതിനു മുൻപും നാം ഒരുപാട് കണ്ടതാണ്. എന്നാൽ കൂടുതൽ തിരിച്ചടികളും അദ്ദേഹം കൊടുത്തിട്ടുള്ളത് ചാമ്പ്യൻസ് ലീഗ് ടീമുകൾക്ക് എതിരെയാണ്. അവസാനം കളിച്ച രാജ്യാന്തര മത്സരത്തിൽ അയർലന്റിനെതിരെ ഇന്റർനാഷണൽ റെക്കോർഡോടെ ടീമിന്റെ രക്ഷകനായി റൊണാൾഡോ അവതരിച്ചത് നാം ആവശത്തോടെ നോക്കി നിന്നു. ഒരു പെനാൽറ്റി കിട്ടി അത് പാഴാക്കിയ ശേഷമാണ് അവസാന നിമിഷത്തെ രണ്ടു ഗോളുകളോടെ ക്രിസ്റ്റ്യാനോ ആരാധകരുടെ മനം കവർന്നത്. ഇത് പോലെ സ്വീഡനെതിരെയും , ഈജിപ്ത് നെതിരെയും , സ്പെയിനെതിരെയുമെല്ലാം റൊണാൾഡോ മാജിക് ആവർത്തിച്ചത് നാം കണ്ടതാണ്.
ക്ലബ് തലത്തിൽ നോക്കുമ്പോൾ തന്നെ റയൽമാഡ്രിഡിൽ ക്രിസ്റ്റ്യാനോ നടത്തിയ തിരിച്ചു വരവെല്ലാം ലോകപ്രശസ്തമാണ്. എന്നാൽ ഇതിലധികവും ചാമ്പ്യൻസ് ലീഗിൽ തന്നെയാണ്. ഒന്നാം പാദ മത്സരത്തിൽ തന്റെ ടീം എത്ര ഗോളുകൾക്ക് തോറ്റു നിൽക്കുകയാണെങ്കിൽ പോലും രണ്ടാം പാദമത്സരത്തിൽ മുറിവേറ്റ പാമ്പിന്റെ വീര്യത്തോടെ റൊണാൾഡോ തിരിച്ചടിക്കുന്നത് എതിരാളികളെ ഭയപ്പെടുത്തി. ഇതിൽ സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡും ജർമെൻ കരുത്തരായ ബയേൺ മ്യൂണിച്ചും ,വുൾഫ്ബർഗുമെല്ലാം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രഹരമേറ്റവരാണ്.
റയൽ മാഡ്രിഡിൽ മാത്രമല്ല, ഇറ്റാലിയൻ ക്ലബായ യുവന്റസിൽ കളിക്കുമ്പോഴും,പണ്ട് യുണൈറ്റഡിൽ കളിച്ചിരുന്നപ്പോഴുമെല്ലാം താൻ നടത്തിയ തിരിച്ചു വരവുകൾ മൈതാനം കണ്ടതാണ്. ഏറെ ദിവസമായി പതറിനിന്ന യുണൈറ്റഡ് റൊണാൾഡോയുടെ ചിറകിലേറി പറക്കുന്ന കാഴ്ചക്കാണ് ഇന്നലെ ഫുട്‌ബോൾ ലോകം സാക്ഷിയായത്. എതിരാളികൾക്ക് കളിയാക്കാം കല്ലെറിയാം, എന്നാൽ അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തെ തകർക്കാൻ മാത്രം സാധിക്കില്ല. റെക്കോർഡുകൾ കൊണ്ടും തിരിച്ചു വരവുകൾ കൊണ്ടും റൊണാൾഡോ തന്റെ ആരാധകരെ അമ്പരപ്പിക്കുമ്പോൾ യു.സി.എൽ എന്നത് തീർത്തും യുവേഫ ക്രിസ്റ്റ്യാനോ ലീഗ് ആക്കി മാറ്റുകയാണ് ആ മനുഷ്യൻ.
𝙎𝙘𝙚𝙣𝙚𝙨 🔊🔴
— United Zone (@ManUnitedZone_) October 20, 2021
🐐 @Cristiano #MUFC | #UCL
pic.twitter.com/vXyCzrgCTd