സുഹൃത്തിനുള്ള ആദരം, ഡോണി ബീക്ക് യൂണൈറ്റഡിനോട് ആവശ്യപ്പെട്ട ജേഴ്സി നമ്പറിന് പിറകിലുണ്ട് ഒരു സ്നേഹത്തിന്റെ കഥ.
ഈ സമ്മർ ട്രാൻസ്ഫറിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാനപ്പെട്ട സൈനിങ് ആവാനിരിക്കുകയാണ് അയാക്സിന്റെ ഡച്ച് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്ക്. നാല്പത് മില്യൺ പൗണ്ടിനാണ് താരം അയാക്സിൽ നിന്നും യുണൈറ്റഡിലേക്ക് ചേക്കേറുന്നത്. ഉടനെ തന്നെ ഔദ്യോഗികപ്രഖ്യാപനം ഉണ്ടാവും എന്നാണ് അറിയാൻ കഴിയുന്നത്. റയൽ മാഡ്രിഡ്, ബാഴ്സലോണ എന്നിവർ ലക്ഷ്യമിട്ട താരമായിരുന്നു ഡോണി വാൻ ഡിബീക്ക്. എന്നാൽ ഇവരെ മറികടന്നു കൊണ്ട് യുണൈറ്റഡ് താരത്തെ സ്വന്തമാക്കുകയാണ്.
ഇപ്പോഴിതാ താരം ക്ലബ്ബിനോട് ആവിശ്യപ്പെട്ട ജേഴ്സി നമ്പർ വെളിവായിരിക്കുന്നു. താരം അയാക്സിൽ അണിഞ്ഞിരുന്ന ആറാം നമ്പർ ജേഴ്സി നിലവിൽ പോഗ്ബയാണ് അണിയുന്നത്. യുവാൻ മാറ്റയുടെ എട്ടാം നമ്പർ താരം എടുത്തേക്കും എന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ 34-ആം നമ്പർ ജേഴ്സിയാണ് താരം യൂണൈറ്റഡിനോട് ആവിശ്യപ്പെട്ടത്. അയാക്സിലെ തന്റെ സുഹൃത്തിനോടുള്ള ആദരവ് ആയിട്ടാണ് ഡോണി ഈ നമ്പർ തിരഞ്ഞെടുത്തത്. അയാക്സ് താരമായിരുന്ന അബ്ദെൽഹഖ് നൗരിയോടുള്ള ആദരവ് ആയിട്ടാണ് ഡോണി ഇത് തിരഞ്ഞെടുത്തത്.
Man Utd new boy Donny van de Beek picks heartwarming new shirt number in tribute to tragic Ajax pal Abdelhak Nourihttps://t.co/4E8w4Iw7u1
— The Sun Football ⚽ (@TheSunFootball) September 1, 2020
മുമ്പ് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ വാർത്തയായിരുന്നു നൗരിയുടെ കാര്യത്തിൽ ഉണ്ടായിരുന്നത്. 2017-ൽ അയാക്സിന് വേണ്ടി കളിക്കുന്ന സമയത്ത് ഹൃദയാഘാതം സംഭവിച്ചു കൊണ്ട് നൗരി തളർന്നു വീഴുകയായിരുന്നു. തുടർന്ന് താരത്തിന്റെ തലച്ചോറിന് ക്ഷതമേൽക്കുകയും തുടർന്ന് കുറച്ച് കാലം കോമയിൽ കിടക്കുകയും ചെയ്തിരുന്നു. എന്നാൽ കോമയിൽ നിന്നുണർന്ന അദ്ദേഹം കുടുംബവുമായി ആശയവിനിമയം നടത്താൻ തുടങ്ങിയിരുന്നു. ഏതായാലും അദ്ദേഹം പുരോഗതി പ്രാപിച്ചു വരികെയാണ് തന്റെ സുഹൃത്തിന് വേണ്ടി ഡോണി ബീക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ 34-ആം നമ്പർ ജേഴ്സി ആവിശ്യപ്പെട്ടത്.
മുമ്പ് അയാക്സ് 34-ആം ലീഗ് കിരീടം നേടിയ ശേഷം ഡോണി ബീക്ക് നൗരിയെ കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് അപകടം സംഭവിച്ച അന്ന് മുതൽ താൻ ഒരു തീരുമാനം എടുത്തിരുന്നുവെന്നും 34-ആം കിരീടം നേടാതെ അയാക്സ് വിട്ട് പോവില്ല എന്നുമായിരുന്നു ആ തീരുമാനം എന്നും ബീക്ക് അറിയിച്ചു. അദ്ദേഹത്തെ അത്തരമൊരു അവസ്ഥയിൽ കണ്ടത് വളരെ വേദനാജനകമായിരുന്നുവെന്നും ആഴ്ച്ചകളോളം തനിക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നുവെന്നും ബീക്ക് പറഞ്ഞിരുന്നു.