ബയേൺ മ്യൂണിച്ച് വിടുമോ? മൗനം ഭജിച്ച് തിയാഗോ അൽകാന്ററ.

ഈ സമ്മർ ട്രാൻസ്ഫറിൽ ബയേൺ മ്യൂണിച്ച് വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോവാൻ താൻ ആഗ്രഹിക്കുന്നതായി തിയാഗോ അൽകാന്ററ ക്ലബ്ബിനെ അറിയിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനാൽ തന്നെ താരത്തിന് വേണ്ടി ഒട്ടേറെ ക്ലബുകൾ രംഗത്ത് വരികയും ചെയ്തു. എന്നാൽ താരത്തെ സ്വന്തമാക്കാൻ ഏറ്റവും മുമ്പിൽ ഉള്ളത് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ ആണ്. താരത്തിന് വേണ്ടിയുള്ള ചർച്ചകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

അതിനിടെ ബയേൺ വിടുമോ എന്ന കാര്യത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് തിയാഗോ. യുവേഫ നേഷൻസ് ലീഗിൽ ഉക്രൈനെ നേരിടുന്നതിന് മുന്നോടിയായി ശനിയാഴ്ച്ച നടന്ന പത്രസമ്മേളനത്തിലാണ് തിയാഗോ തന്റെ നിലപാട് അറിയിച്ചത്. എനിക്ക് ക്ലബ് വിടണം എന്ന കാര്യം ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല എന്നാണ് തിയാഗോ അറിയിച്ചത്. ഇത്തരം കാര്യങ്ങളിൽ ഒന്നും തനിക്ക് താല്പര്യമില്ലെന്നും താൻ പ്രാധാന്യം നൽകുന്നത് ഇപ്പോൾ നടക്കാൻ പോവുന്ന മത്സരങ്ങളിൽ ആണെന്നും തിയാഗോ കൂട്ടിച്ചേർത്തു.

” എനിക്ക് ക്ലബ് വിടണം എന്ന കാര്യം ഞാൻ ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. ഓരോ വർഷവും നിങ്ങൾ എന്റെ മേൽ ഓരോ ക്ലബുകൾ എടുത്തിടും. എന്നെ സംബന്ധിച്ചെടുത്തോളം ഞാൻ നാളത്തെ മത്സരത്തിനാണ് പ്രാധാന്യം നൽകുന്നത്. എനിക്ക് ഇത്തരം കാര്യങ്ങളിൽ ഒന്നും താല്പര്യമില്ല. എനിക്ക് താല്പര്യം നാളത്തെ മത്സരത്തിൽ മാത്രമാണ്. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല ” തിയാഗോ പറഞ്ഞു.അതിന് മുൻപത്തെ അഭിമുഖത്തിൽ താൻ ബയേണിൽ സന്തോഷവാനാണെന്നും ബയേൺ എന്റെ വീടാണ് എന്നും അറിയിച്ചിരുന്നു.

നിലവിൽ സ്പെയിൻ ടീമിനൊപ്പമാണ് തിയാഗോ ഉള്ളത്. ഈ ട്രാൻസ്ഫറിൽ ലിവർപൂൾ ഏറ്റവും കൂടുതൽ ടീമിൽ എത്തിക്കാൻ നോക്കുന്ന താരമാണ് തിയാഗോ.

Rate this post