‘ഇതു മതിയാവില്ല, ഇനിയും കിരീടങ്ങൾ നേടണം’- കാത്തിരിപ്പവസാനിപ്പിച്ച കിരീടനേട്ടത്തിൽ പ്രതികരിച്ച് ബ്രൂണോ ഫെർണാണ്ടസ്

എറിക് ടെൻ ഹാഗ് പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു ശേഷം മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിലെ തങ്ങളുടെ ആദ്യത്തെ കിരീടമാണ് കറബാവോ കപ്പ് ഫൈനൽ വിജയത്തിലൂടെ സ്വന്തമാക്കിയത്. ഈ സീസണിലെ ആദ്യ കിരീടം എന്നതിലുപരി 2017നു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് നേടുന്ന ആദ്യത്തെ കിരീടം കൂടിയായിരുന്നു ഇത്. ആരാധകരുടെ വലിയൊരു കാത്തിരിപ്പിനാണ് ഇതവസാനം കുറിച്ചത്.

പ്രീമിയർ ലീഗിലെ ശക്തികേന്ദ്രമായി മാറുന്ന ന്യൂകാസിൽ യുണൈറ്റഡിനെയാണ് ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. ബ്രസീലിയൻ താരം കസമീറോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ആദ്യ ഗോൾ നേടിയപ്പോൾ ലോകകപ്പിന് ശേഷം മിന്നുന്ന ഫോമിൽ കളിക്കുന്ന റാഷ്‌ഫോഡാണ് മറ്റൊരു ഗോൾ കുറിച്ചത്.

എറിക് ടെൻ ഹാഗ് പരിശീലകനായതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെയധികം മുന്നോട്ടു പോയിട്ടുണ്ടെന്നതിൽ സംശയമില്ല. അതിന്റെ തെളിവ് കൂടിയാണ് സീസൺ പകുതി പിന്നിട്ടപ്പോൾ നേടിയ ഈ കിരീടനേട്ടം. അതേസമയം ഈ കിരീടം കൊണ്ട് മതിയാകില്ലെന്നും ഇനിയും നിരവധി കിരീടങ്ങൾ സ്വന്തമാക്കണമെന്നുമാണ് ടീമിലെ സൂപ്പർതാരം ബ്രൂണോ ഫെർണാണ്ടസ് പ്രതികരിച്ചത്.

“ഞങ്ങൾ ഈ നിമിഷത്തിനു വേണ്ടിയാണ് കാത്തിരുന്നത്, ആരാധകരും ക്ലബുമെല്ലാം. ഞങ്ങൾ അർഹിച്ച കിരീടം ഒടുവിൽ ഞങ്ങൾ സ്വന്തമാക്കി. ഈ സീസൺ ഇതുവരെ മനോഹരമായിരുന്നു. പക്ഷെ ഞങ്ങൾക്കിനിയും വേണം, ഇതീ ക്ലബിന് മതിയാകില്ല. എനിക്ക് സന്തോഷമുണ്ട്, കാരണം എനിക്കീ കിരീടം സ്വന്തമാക്കാനായി. പക്ഷെ ഇനി എനിക്കും ഞങ്ങൾക്കും കൂടുതൽ വേണം.” താരം പറഞ്ഞു.

കറബാവോ കപ്പ് സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസണിൽ മൂന്നു കിരീടങ്ങൾ കൂടി സ്വന്തമാക്കാനുള്ള അവസരമുണ്ട്. പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ടീം എഫ്എ കപ്പ്, യൂറോപ്പ ലീഗ് എന്നിവയിലും മത്സരിക്കുന്നു. നിലവിലെ ഫോമിൽ മുന്നോട്ടു പോയാൽ യുണൈറ്റഡ് ഈ സീസണിൽ ഇനിയും കിരീടം നേടുമെന്നതിൽ സംശയമില്ല.

Rate this post
Bruno Fernandes