അർജന്റീനിയൻ ആരാധകർക്ക് ഒരിക്കലും മറക്കാനാവാത്ത നിമിഷം സമ്മാനിച്ച പോരാളി :ഹാവിയർ മഷറാനോ |Javier Mascherano

2014 ജൂലായ്‌ 9. ബ്രസീലിലെ സവോ പോളോയിലെ അരീന കൊറിന്ത്യൻസ് സ്റ്റേഡിയത്തിൽ പതിനായിരങ്ങളെ സാക്ഷിയാക്കി വിശ്വകിരീടത്തിന്റെ രണ്ടാം സെമി ഫൈനലിന്റെ ആദ്യ വിസിൽ മുഴങ്ങുന്നു. മറഡോണ യുഗത്തിന് ശേഷം ആദ്യ കിരീടം ലക്ഷ്യമിടുന്ന അർജന്റീനയും യോഹാൻ ക്രൈഫിന്റെ പിൻഗാമികളായ നെതർലാൻഡ്‌സുമായിരുന്നു ഏറ്റുമുട്ടിയത്.

ഡിർക്ക് ക്യൂറ്റ്, റോബിൻ വാൻ പേഴ്സി, ആര്യൻ റോബൻ, വെസ്ലി സ്നൈജർ തുടങ്ങിയ വമ്പൻപേരുകൾ തന്നെയാണ് ലൂയി വാൻ ഗാലിന്റെ ഓറഞ്ച് പടയുടെ കരുത്ത്.മറുഭാഗത്ത് അത്ഭുതങ്ങളുടെയും ദൃഷ്ടാന്തങ്ങളുടെയും മിശിഹാ തന്നെയായിരുന്നു അർജന്റീനക്കാരുടെ ആത്മവിശ്വാസം.ആദ്യ വിസിൽ മുഴങ്ങിയതോടെ കളിക്കളം ഉണർന്നു. ആക്രമണങ്ങളുടെയും പ്രത്യാക്രമണങ്ങളുടെയും നിമിഷങ്ങൾ. ഇടയ്ക്കൊപ്പോഴോ ആര്യൻ റോബന്റെ വേഗതയ്ക്ക് മുന്നിൽ അർജന്റീനൻ പ്രതിരോധമതിൽ തകർന്ന് വീഴുമോ എന്ന് അർജന്റീനക്കാർ ഭയപ്പെട്ട നിമിഷങ്ങൾ.

ആ ലോകകപ്പ് ടൂർണമെന്റിലൊടുനീളം മികച്ച കൂട്ട്ക്കെട്ട് സൃഷ്ടിച്ച ആര്യൻ റോബൻ- വാൻ പേഴ്സി സഖ്യം ഒരിക്കൽ കൂടി തങ്ങളുടെ ലോകകപ്പ് സ്വപ്നങ്ങളെ ചവിട്ടി ഞെരിക്കുമോ എന്ന് പോലും അവർ ഭയപ്പെട്ട് തുടങ്ങി. പക്ഷെ, ഡച്ച് പടയുടെ അക്രമണങ്ങൾ പതിയിരുന്നു പ്രതിരോധിക്കുന്ന ഹാവിയർ മഷറാനോ എന്ന പോരാളി ആ രാത്രിയിൽ അവരുടെ ദൈവമായി പ്രത്യക്ഷപ്പെടുമെന്ന് അവരാരും കരുതിയിരുന്നില്ല. ഒരൊറ്റ ടാക്കിളിലൂടെ അയാൾ അർജന്റീനക്കാരുടെ പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരമായി മാറുകയായിരുന്നു.

സെമി പോരാട്ടത്തിന്റെ ആദ്യ 90 മിനുട്ടുകൾ ഗോൾ രഹിത സമനിലയിൽ കലാശിക്കുമെന്നും എക്സ്ട്രാ ടൈമിലും പെനാൽറ്റി കിക്കിലും സംഭവിക്കുന്ന അത്ഭുതങ്ങൾക്കുമായി ലോകഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്ന സമയത്താണ് റെഗുലർ ടൈം അവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെ ആര്യൻ റോബൻ അർജന്റീനൻ ബോക്സിൽ പ്രകമ്പനം കൊള്ളിക്കുന്നത്. പന്തുമായി തന്ത്രപരമായി നീങ്ങിയ റോബൻ അർജന്റീനൻ ഗോൾ കീപ്പർ സെർജിയോ റെമോരെയും കബളിപ്പിച്ച് പന്ത് വലയിലെത്തിക്കാൻ ശ്രമിക്കവേയാണ് ഒരു സ്ലൈഡിങ് ടാക്കിളുമായി മഷറാനോ ആ പന്ത് ക്ലിയർ ചെയ്യുന്നത്.

ഒരുപക്ഷെ മഷറാനോ ആ പന്ത് ക്ലിയർ ചെയ്തില്ലായിരുന്നുവെങ്കിൽ അർജന്റീനയ്ക്ക് ഒന്ന് തിരിച്ചടിക്കാൻ പോലും കഴിയാതെ മത്സരത്തിന്റെ അവസാന നിമിഷത്തിൽ റോബനിലൂടെ ഡച്ച് പട വിജയം നേടിയേനെ… വീണ്ടും അർജന്റീനിയൻ ഹൃദയങ്ങൾ മുറിഞ്ഞേനെ.. പക്ഷെ അവിടെയാണ് മഷറാനോ എന്ന പോരാളി ഒരു ദൈവമായി മാറുന്നത്.ആര്യൻ റോബനെ തടഞ്ഞ മഷറാനോ ഒരു ഉദാഹരണം മാത്രമാണ്.. അങ്ങനെ എത്രെയെത്രെ ഗോൾ അവസരങ്ങൾ അയാൾ തടഞ്ഞ് നിർത്തിയിട്ടുണ്ട്. നേടിയ ഗോളുകളല്ല മഷറാനോ… എതിരാളികൾക്ക് നേടാൻ പറ്റാത്ത ഗോളുകളുടെ പേരാണ് ഹാവിയർ അലക്സാന്ദ്രോ മഷറാനോ.

Rate this post
ArgentinaJavier MascheranoNetherlands