ബ്രസീലിനു കനത്ത തിരിച്ചടി, രണ്ടു താരങ്ങൾ ലോകകപ്പിൽ നിന്നും പുറത്താകും |Qatar 2022 |Brazil

ഖത്തർ ലോകകപ്പിൽ മുന്നേറാനുള്ള ബ്രസീലിന്റെ പദ്ധതികൾക്കു പരിക്കു വില്ലനാകുന്നു. നെയ്മർ അടക്കം മൂന്നു താരങ്ങൾ പരിക്കു മൂലം നിലവിൽ പരിക്കു മൂലം പുറത്തിരിക്കുകയാണ്. നെയ്മർക്കു പുറമെ റൈറ്റ് ബാക്കായ ഡാനിലോ, ലെഫ്റ്റ് ബാക്കായ അലക്സ് സാൻഡ്രോ എന്നിവരാണ് ഇപ്പോൾ പുറത്തിരിക്കുന്നത്. ഇവർക്കു പുറമെ രണ്ടു കളിക്കാരെക്കൂടി ബ്രസീലിന് നഷ്ടമാകും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവർ ലോകകപ്പിൽ ഇനി കളിക്കില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയുടെ റിപ്പോർട്ടുകൾ പ്രകാരം മുന്നേറ്റനിര താരം ഗബ്രിയേൽ ജീസസ്, ലെഫ്റ്റ് ബാക്കായ അലക്സ് ടെല്ലസ് എന്നിവർക്കാണ് പരിക്കു മൂലം ലോകകപ്പ് നഷ്ടമാവുക. ഈ രണ്ടു താരങ്ങളും ഇന്നലെ കാമറൂണിനെതിരെ നടന്ന മത്സരത്തിൽ ആദ്യ ഇലനിൽ കളിച്ചിരുന്നെങ്കിൽ മത്സരം പൂർത്തിയാക്കിയില്ല. ടെല്ലസിനു പരിക്കേറ്റതിനെ തുടർന്ന് അൻപത്തിനാലാം മിനുട്ടിലും ഗബ്രിയേൽ ജീസസിനെ അറുപത്തിനാലാം മിനുട്ടിലുമാണ് പിൻവലിച്ചത്.

രണ്ടു താരങ്ങൾക്കും കാൽമുട്ടിനാണു പരിക്കു പറ്റിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗബ്രിയേൽ ജീസസിന് മൂന്നു മുതൽ നാലാഴ്ച വരെ പുറത്തിരിക്കേണ്ടി വരുമ്പോൾ ടെല്ലസിന്റെ പരിക്ക് കുറച്ചു കൂടി ഗുരുതരമാണ്. സെവിയ്യ താരത്തിന് ശസ്ത്രക്രിയ നടത്തി കൂടുതൽ കാലം കളിക്കളത്തിനു വെളിയിൽ ഇരിക്കേണ്ടി വരും. ലോകകപ്പിൽ ഈ രണ്ടു താരങ്ങളും ഇനി കളിക്കില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.

ബ്രസീലിന് കനത്ത തിരിച്ചടിയാണ് ഈ താരങ്ങളുടെ പരിക്കുകൾ. നേരത്തെ പരിക്കു പറ്റിയ മൂന്നു താരങ്ങൾ പ്രീ ക്വാർട്ടർ മത്സരത്തിൽ തിരിച്ചു വരുമെന്നു റിപ്പോർട്ടുകളുണ്ടെങ്കിലും അക്കാര്യത്തിൽ നൂറു ശതമാനം ഉറപ്പില്ല. അതിനു പുറമെ കൂടുതൽ താരങ്ങൾക്കു പരിക്കു പറ്റിയത് സ്ക്വാഡ് ഡെപ്ത് കുറയുന്നതിനു കാരണമാകും. അത് ടീമിന്റെ കിരീടമോഹങ്ങൾക്കും തിരിച്ചടി നൽകും.