റഫറിയെ എടുത്തിട്ട് പെരുമാറി, സംഭവത്തിന്‌ പിന്നാലെ ലീഗിലെ എല്ലാ മത്സരങ്ങളും നിർത്തിവെച്ചു

ലോക ഫുട്ബോളിലെ മത്സരങ്ങൾ എല്ലാം ആവേശത്തോടെ അരങ്ങേറവെ തുർക്കിയിൽ നിന്നും സങ്കടകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. തുർക്കിഷ് ലീഗിൽ നടന്ന അങ്കരഗുച്ചു vs റിസസ്പോർ മത്സരം അവസാനിച്ചത് കയ്യാങ്കളിയിലാണ്. രണ്ട് റെഡ് കാർഡുകൾ പുറത്തെടുത്ത ഏറെ ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ ഒരു ഗോളിന്റെ സമനിലയിലാണ് ഇരു ടീമുകളും മത്സരം അവസാനിപ്പിച്ചത്. ഹോം ടീമിനെതിരെ അവസാന നിമിഷമാണ് റിസസ്പോർ സമനില ഗോൾ സ്വന്തമാക്കുന്നത്.

മത്സരം തുടങ്ങി 14 മിനിറ്റിൽ തന്നെ ഗോൾ സ്വന്തമാക്കി അങ്കരഗുച്ചു ലീഡ് നേടി. ആദ്യ പകുതി ഒരു ഗോളിന്റെ ലീഡിൽ കളി അവസാനിപ്പിച്ച ഹോം ടീമിന് 50 മിനിറ്റിൽ രണ്ടാം യെല്ലോ കാർഡ് കിട്ടിയതോടെ താരമായ സോവെ റെഡ് കാർഡ് കണ്ട് പുറത്തായി. തുടർന്ന് 10 പേരുമായി മത്സരം തുടർന്ന ഹോം ടീം ലീഡ് നിലനിർത്തി കളി അവസാനിപ്പിക്കാനാണ് ശ്രമങ്ങൾ നടത്തിയത്. ഇഞ്ചുറി ടൈമിൽ 95 മിനിറ്റിൽ റിസസ്പോർ താരം രണ്ടാം മഞ്ഞകാർഡ് വാങ്ങി റെഡ് കാർഡ് കണ്ട് പുറത്തായി.

എന്നാൽ മത്സരം അവസാനിക്കാനൊരുങ്ങവെ 97 മിനിറ്റിൽ റിസസ്പോർ മത്സരത്തിലെ സമനില ഗോൾ തിരിച്ചടിച്ചു. അവസാനം നിമിഷം വരെ ലീഡ് നേടിയ ഹോം ടീമിനെതിരെയാണ് റിസസ്പോർ സമനില ഗോൾ നേടിയത്. മത്സരം അവസാനിച്ചതിന് പിന്നാലെ റഫറിക്ക് നേരെ പാഞ്ഞടുത്ത ഹോം ടീമിന്റെ ക്ലബ്ബ് പ്രസിഡന്റ് റഫറിയുടെ മുഖത്ത് ഇടിച്ചതോടെയാണ് കയ്യാങ്കളി ആരംഭിച്ചത്. ഇതിന് പിന്നാലെ വന്ന ടീം താരങ്ങളും ഒഫീഷ്യൽസും റഫറിയെ മർദ്ദിക്കുകയായിരുന്നു.

ഇടി കൊണ്ട് നിലത്തുവീണ റഫറിയെ കാൽ കൊണ്ട് തൊഴുതും ചവിട്ടിയും ഹോം ടീമിന്റെ ഒഫീഷ്യൽസ് മർദ്ദിച്ചു. മത്സരം നിയന്ത്രിച്ച റഫറിക്ക് മുഖത്തും കാര്യമായ പരിക്കുകൾ ഉണ്ട്. സംഭവം വിവാദമായതോടെ തുർക്കി ലീഗിലെ എല്ലാ മത്സരങ്ങളും നിർത്തിവെക്കാൻ തുർക്കിഷ് ലീഗ് പ്രസിഡന്റ് ആഹ്വാനം ചെയ്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ശക്തമായ നടപടികൾ തുടർന്ന് ഉണ്ടാകുമെന്നാണ് ഫുട്ബോൾ ആരാധകർ പ്രതീക്ഷിക്കുന്നത്.

2.5/5 - (2 votes)