ചെൽസിയുടെ ഫ്രഞ്ച് സൂപ്പർ താരം ഒലിവർ ജിറൂദുമായി ബന്ധപ്പെട്ട വാർത്തകളായിരുന്നു കഴിഞ്ഞു ദിവസം ഫുട്ബോൾ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. താരത്തെ സ്വന്തമാക്കാൻ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് രംഗത്തിറങ്ങിയിട്ടുണ്ടെന്നും താരം ചെൽസി വിട്ട് യുവന്റസിലേക്ക് പോവുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ഈ വാർത്തകളിൽ യാതൊരു സത്യവുമില്ലെന്ന് ജിറൂദ് തുറന്നു പറഞ്ഞിരിക്കുകയാണിപ്പോൾ.
യുവന്റസുമായി ബന്ധപ്പെട്ട വാർത്ത തന്നെ അത്ഭുതപ്പെടുത്തി എന്നാണ് ജിറൂദ് അറിയിച്ചത്. ആ വാർത്ത സത്യത്തിൽ നിന്നും വളരെ ദൂരെയാണെന്നും താൻ ചെൽസിയിൽ തന്നെ തുടരുമെന്നും ജിറൂദ് ഉറപ്പ് നൽകി. ഗോൺസാലോ ഹിഗ്വയ്ൻ ടീം വിടുന്ന സ്ഥാനത്തേക്കാണ് ജിറൂദിനെ യുവന്റസ് പരിശീലകൻ ആൻഡ്രേ പിർലോ പരിഗണിക്കുന്നത് എന്നായിരുന്നു വാർത്തകൾ. എന്നാൽ ഈ വാർത്തകളിൽ യാതൊരു വിധ കഴമ്പുമില്ലെന്ന് ജിറൂദ് തുറന്നു പറയുകയായിരുന്നു.
” യുവന്റസുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ എന്റെ സഹതാരങ്ങളിൽ നിന്നും എനിക്ക് ലഭിച്ചപ്പോൾ യഥാർത്ഥത്തിൽ ഞാൻ അത്ഭുതപ്പെടുകയാണ് ചെയ്തത്. ഞാനൊരു ചെൽസി താരമാണ്. ഞാനിവിടെ നല്ല രീതിയിൽ തന്നെയാണ് തുടരുന്നതും. ആ വാർത്ത സത്യത്തിൽ നിന്നും വളരെ ദൂരയായിരുന്നു. എനിക്ക് സീസണിന്റെ അവസാനം നന്നായിട്ടില്ലെങ്കിലും ഞാനത് ഒഴിവാക്കുകയാണ് ചെയ്യാറുള്ളത് ” ടെലിഫൂട്ടിന് നൽകിയ അഭിമുഖത്തിൽ ജിറൂദ് പറഞ്ഞു.
മുപ്പത്തിമൂന്നുകാരനായ ജിറൂദിന് ഒരു വർഷം കൂടി ചെൽസിയിൽ കരാർ അവശേഷിക്കുന്നുണ്ട്. ചെൽസിക്ക് വേണ്ടി 88 മത്സരങ്ങളിൽ നിന്ന് 28 ഗോളുകളും 14 അസിസ്റ്റുകളും നേടാൻ കഴിഞ്ഞ താരമാണ് ജിറൂദ്. ചെൽസിയോടൊപ്പം എഫ്എ കപ്പ് കിരീടവും യൂറോപ്പ ലീഗ് കിരീടവും ജിറൂദ് നേടിയിട്ടുണ്ട്. ഏതായാലും ചെൽസി വിട്ട് എങ്ങോട്ടുമില്ലെന്ന് ജിറൂദ് പ്രഖ്യാപിച്ചു കഴിഞ്ഞു.