അർജന്റീനിയൻ യുവ സൂപ്പർ താരത്തെ സ്വന്തമാക്കി എസി മിലാൻ|Luka Romero

അര്ജന്റീന യുവ സൂപ്പർ താരം ലൂക്കാ റൊമേറോയുടെ സൈനിങ്‌ പൂർത്തിയാക്കി എസി മിലാൻ. ഒരു ഫ്രീ ഏജന്റായാണ് 18 കാരനായ അറ്റാക്കിങ് മിഡ്ഫീൽഡർ ഇറ്റാലിയൻ വമ്പന്മാരിൽ ചേർന്നത്.2027 ജൂൺ വരെയുളള കരാറിലാണ് റോമെറോ മിലാനുമായി കരാറിൽ ഒപ്പിട്ടത്.

ലാസിയോയ്‌ക്കൊപ്പം രണ്ട് മുഴുവൻ സീസണുകൾ ചെലവഴിച്ചതിന് ശേഷമാണ് റൊമേറോ മിലാനിൽ ചേരുന്നത്.2004 നവംബർ 18 ന് മെക്സിക്കോയിലെ വിക്ടോറിയ ഡി ഡുറങ്കോയിൽ ജനിച്ച റൊമേറോ സ്പെയിനിലെ ആർസിഡി മല്ലോർക്കയുടെ യൂത്ത് സിസ്റ്റത്തിലൂടെയാണ് ഫുട്ബോളിലെ ബാലപാഠങ്ങൾ പഠിച്ചെടുത്തത്.2020 ജൂണിൽ ക്ലബ്ബിനൊപ്പം തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തുകയും ചെയ്തു.15 വയസ്സും 219 ദിവസവും മാത്രം പ്രായമുള്ളപ്പോൾ മല്ലോർക്കയ്ക്കുവേണ്ടി അരങ്ങേറി, ലാലിഗയിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരൻ എന്ന റെക്കോർഡും അർജന്റീനിയൻ സ്ഥാപിച്ചിരുന്നു.

2022-23 സീരി എ സീസണിൽ എസി മോൺസയ്‌ക്കെതിരായ 1-0 വിജയത്തിനിടെ റോമൻ ടീമിനായി തന്റെ ആദ്യ സീനിയർ ഗോൾ നേടിയപ്പോൾ, 2004-ൽ സീരി എ ഗോൾ നേടുന്ന ആദ്യത്തെ കളിക്കാരനായി. ഇടങ്കാലനായ റൊമേറോയുടെ ഉയരവും പന്തടക്കവും വേഗതയും ഡ്രിബ്ലിംഗ് കഴിവും കാരണം ലയണൽ മെസ്സിയുമായി ചിലർ താരതമ്യപ്പെടുത്തിയിരുന്നു . മാത്രമല്ല ചിലർ റൊമേറോയെ ‘ബേബി മെസ്സി’ എന്ന് വിശേഷിപ്പിക്കുന്നു. കൂടാതെ, ‘മെക്സിക്കൻ മെസ്സി’ എന്നൊരു പേര് കൂടെ ഉണ്ട്.മെക്സിക്കോയിൽ ജനിച്ച റൊമേറോ, മെക്സിക്കോക്ക് വേണ്ടിയും പിതാവിന്റെ രാജ്യമായ അർജന്റീനക്ക് വേണ്ടിയും ദേശീയ തലത്തിൽ കളിക്കാൻ യോഗ്യനാണ്.

എന്നാൽ, അവൻ അർജന്റീന തിരഞ്ഞെടുക്കുകയും, അർജന്റീന അണ്ടർ-15 ടീമിൽ കളിക്കുകയും ചെയ്തു. നിലവിലെ അർജന്റീന അണ്ടർ-20 ടീമിന്റെ ഭാഗമാണ് റൊമേറോ. 18 ആം വയസ്സിൽ തന്നെ, കളിക്കളത്തിലെ തന്റെ സാങ്കേതിക കഴിവിന് പേരുകേട്ട ലൂക്ക റൊമേറോ, അർജന്റീനിയൻ ആരാധകർക്ക് നൽകുന്ന മോഹങ്ങൾ ചെറുതല്ല. മെസ്സിയും, അഗ്വേരോയും, ഡി മരിയയുമെല്ലാം പടിയിറങ്ങുമ്പോൾ അർജന്റീനിയൻ ടീമിൽ ഉണ്ടാകാൻ പോകുന്ന വലിയ വിടവുകൾ നികത്താൻ ഉത്തരം തേടുന്ന ആരാധകർക്ക് ശുഭ പ്രതീക്ഷ നൽകുന്ന താരമാണ് ലൂക്ക റൊമേറോ.

Rate this post