ലാ ലീഗാ വമ്പന്മാരായ എഫ്.സി.ബാഴ്സലോണ എ.സി മിലാന്റെ പ്രതിരോധനിരയിലെ കപ്പിത്താനായ റോമാഗ്നോളിയെ ടീമിലെത്തിക്കാനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്.
റൊണാൾഡ് കൂമാൻ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സയുടെ പ്രതിരോധ നിരയെ എന്തു വിലകൊടുത്തും ശക്തിപ്പെടുത്തുമെന്നു ഇതിനു മുൻപ് വ്യക്തമാക്കിയിരുന്നു. ബാഴ്സ പരിശീലകന്റെ നീണ്ട ലിസ്റ്റിലെ പ്രധാന കണ്ണിയാണ് ഈ ഇറ്റാലിയൻ ഡിഫൻഡർ.
താരത്തിന്റെ നിലവിലെ കരാർ 2022ൽ അവസാനിക്കും. ലാ ഗസ്സ്റ്റാ ഡെല്ലോ സ്പോർട് റിപ്പോർട്ട് ചെയ്തതു പ്രകാരം എ.സി മിലാൻ അധികൃതർ താരവുമായി കരാർ പുതുക്കുന്നതിനെ കുറിച്ചു ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെയായിട്ടും ഒരു ധാരണയിൽ എത്തിയിട്ടില്ല.
നിലവിലെ വേതനത്തിൽ നിന്നും താരം അൽപം വർദ്ധനവിന് ആവശ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ മിലാൻ താരത്തെ ഈ സീസണിൽ തന്നെ ടീം വിറ്റേക്കും, കാരണം താരത്തെ വിൽകുന്നതിലൂടെ മിലാന് സാമ്പത്തികമായി അല്പം ലാഭം നേടാൻ സാധിക്കും.
കോവിഡ് മൂലം ബാഴ്സയുടെ സാമ്പത്തിക സ്ഥിതിയും കടുത്ത പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. താരത്തിനായി വൻ മുതൽ മുടക്കൊന്നും ഈ അവസ്ഥയിൽ ബാഴ്സ നടത്തിയേക്കില്ല.
വരുന്ന ജൂണിൽ ഫ്രീ ട്രാൻസ്ഫറിലൂടെ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും എറിക് ഗാർഷ്യയെ ബാഴ്സയിലെത്തിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ലാ ലീഗാ വമ്പന്മാരിപ്പോൾ. ഇപ്പോൾ തന്നെ ബാഴ്സയുടെ പ്രതിരോധ നിര വളരെ ശക്തമാണ്. ഓസ്കാർ മിൻഗ്വെസ, റൊണാൾഡ് അരാജോ, ക്ലമന്റ് ലെങ്ലെറ്റ്, ജറാർഡ് പിക്ക്വെ എന്നിവരെയെല്ലാം കൊണ്ട് ഇപ്പോൾ തന്നെ ബാഴ്സ പ്രതിരോധനിര ശക്തമാണ്.