എസി മിലാന്റെ ബ്രസീലിയൻ പ്രതിഭ ലൂക്കാസ് പക്വറ്റയെ അന്വേഷിച്ച് ഫ്രഞ്ച് ശക്തികളായ ഒളിമ്പിക് ലിയോൺ. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സ് ഇറ്റാലിയയാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഇതുവരെ എസി മിലാനുമായി ലിയോൺ ഇക്കാര്യങ്ങൾ സംസാരിച്ചിട്ടില്ല. പക്ഷെ താരത്തിന് വേണ്ടിയുള്ള നീക്കങ്ങൾ ലിയോൺ തുടങ്ങി കഴിഞ്ഞു.
മിലാന്റെ മധ്യനിര താരമായ പക്വറ്റ കഴിഞ്ഞ ദിവസം ടീമിനോടൊപ്പം യാത്ര ചെയ്തിരുന്നില്ല. അയർലാന്റ് ടീമായ ശംറോക്ക് റോവേഴ്‌സിനെ ടുബ്ലിനിൽ വെച്ച് നേരിടാനൊരുങ്ങുകയാണ് എസി മിലാൻ. എന്നാൽ ടീമിനൊപ്പം പക്വറ്റ ചേർന്നിരുന്നില്ല. താരം മിലാനുമായി അത്ര നല്ല രീതിയിൽ അല്ല എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ തന്നെ പക്വറ്റ ക്ലബ് വിടുമെന്ന കണക്കുകൂട്ടലിലാണ് ലിയോൺ അന്വേഷണം ആരംഭിച്ചത്.
റോസോനേരികളുമായി ലിയോൺ ഉടൻ തന്നെ ചർച്ചകൾ തുടങ്ങിയേക്കും. ബ്രസീലിയൻ ക്ലബായ ഫ്ലെമെങ്കോയിൽ നിന്നായിരുന്നു താരം മിലാനിൽ എത്തിയത്. 2019-ൽ ജനുവരിയിൽ ആയിരുന്നു 38 മില്യൺ യുറോക്ക് താരം ഇറ്റാലിയൻ ക്ലബ്ബിൽ എത്തിയത്. എന്നാൽ താരത്തിന് ഫോം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇരുപത്തിമൂന്നുകാരനായ താരം നാല്പത്തിനാലു മത്സരങ്ങൾ മിലാന് വേണ്ടി കളിച്ചിട്ടുണ്ട്. ഇതിൽ നിന്നായി ഒരു ഗോളും മൂന്നു അസിസ്റ്റുകളും മാത്രമേ ഈ മധ്യനിരതാരത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളൂ.
ഇതിനാൽ തന്നെ താരത്തെ കൈവിടാൻ മിലാൻ തയ്യാറായേക്കും. മറുഭാഗത്ത് സമീപകാലത്ത് മിന്നും ഫോമിലാണ് ലിയോൺ കളിക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനൽ വരെ എത്തിയ ടീമാണ് ലിയോൺ. ബ്രസീലിന് വേണ്ടിയും പക്വറ്റ ജേഴ്സി അണിഞ്ഞിട്ടുണ്ട്.