“മെസി പാസ് നൽകിയില്ലെങ്കിലും അതിനൊരു കാരണമുണ്ടാകും”- മെസിയെ പ്രശംസിച്ച് പിഎസ്‌ജി സഹതാരം

ബ്രെസ്റ്റിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ പിഎസ്‌ജിക്കു വിജയം സമ്മാനിച്ച ഒരേയൊരു ഗോൾ നേടിയത് നെയ്‌മറാണെങ്കിലും അതിലേറെ ശ്രദ്ധിക്കപ്പെട്ടത് ആ ഗോളിനു വഴിയൊരുക്കിയ ലയണൽ മെസിയുടെ പാസാണ്. മധ്യവരക്കടുത്ത് വലതു വിങ്ങിനോട് ചേർന്ന ഭാഗത്തു നിന്നും മെസി ഉയർത്തി നൽകിയ പന്ത് പെനാൽറ്റി ബോക്‌സിന്റെ വലതു ഭാഗത്തേക്കാണ് ഓടിയ നെയ്‌മറിലേക്ക് കൃത്യമായി എത്തിയത് ആരാധകർക്ക് വിശ്വസിക്കാൻ കഴിയാത്ത ഒന്നായിരുന്നു. രണ്ടു താരങ്ങളും തമ്മിലുള്ള അപാരമായ ഒത്തിണക്കം കൂടി വ്യക്തമാക്കി നൽകുന്നതായിരുന്നു ആ ഗോൾ.

സൂപ്പർതാരങ്ങൾ ടീമിലുണ്ടായിട്ടും അവർ തമ്മിൽ കളിക്കളത്തിൽ ഒത്തിണക്കം ഇല്ലാതിരുന്നതിനെ തുടർന്നാണ് കഴിഞ്ഞ സീസണിൽ പിഎസ്‌ജിക്ക് തിരിച്ചടികൾ നേരിടേണ്ടി വന്നത്. എന്നാൽ ഈ സീസണിൽ അതിന്റെ കുറവുകളെല്ലാം നികത്തി മുന്നേറ്റനിരയിലെ താരങ്ങൾ തമ്മിൽ മികച്ച കൂട്ടുകെട്ട് കളിക്കളത്തിൽ സൃഷ്ടിക്കുന്നു. ഇന്നലത്തെ മത്സരത്തിൽ നെയ്‌മർക്ക് നൽകിയ അസിസ്റ്റോടെ ഫ്രഞ്ച് ലീഗിൽ ഏറ്റവും അസിസ്റ്റ് നൽകിയ താരമെന്ന ലിസ്റ്റിൽ മെസി ഒന്നാം സ്ഥാനത്തേക്ക് വന്നിട്ടുണ്ട്. മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പിഎസ്‌ജി റൈറ്റ് ബാക്കായ അഷ്‌റഫ് ഹക്കിമി ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്‌തു.

“ഞാൻ വിളിക്കുകയും മെസി പന്തു തരാതിരിക്കുകയും ചെയ്യുമ്പോൾ അതിനർത്ഥം താരം പാസ് ചെയ്യാൻ കഴിയുന്ന തരത്തിൽ മറ്റൊരു കളിക്കാരനെ കാണുന്നുണ്ട് എന്നതാണ്. അതൊരു പ്രശ്നമുള്ള കാര്യമേയല്ല. അതുപോലെയാണ് മെസി ഇന്നത്തെ മത്സരത്തിൽ നെയ്‌മർക്ക് പാസ് നൽകിയതും ഞങ്ങൾ മത്സരത്തിൽ മൂന്നു പോയിന്റ് സ്വന്തമാക്കിയതും.” മത്സരത്തിലെ ലയണൽ മെസിയുടെ പ്രകടനത്തെക്കുറിച്ച് മുൻ റയൽ മാഡ്രിഡ് താരമായ ഹക്കിമി പറഞ്ഞു.

നേരത്തെ പിഎസ്‌ജിയിലെ താരങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും മെസി, നെയ്‌മർ തുടങ്ങിയ താരങ്ങൾ എംബാപ്പയുടെ സെൽഫിഷായ മുന്നേറ്റങ്ങളിൽ അതൃപ്‌തരാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഓരോ മത്സരം കഴിയുമ്പോഴും ഇത് സംബന്ധിച്ച പുതിയ റിപ്പോർട്ടുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും അതൊന്നും ഈ താരങ്ങളുടെ പ്രകടനത്തെ യാതൊരു തരത്തിലും ബാധിക്കുന്നില്ല. അതുകൊണ്ടു തന്നെ ഈ സീസണിൽ പിഎസ്‌ജി വലിയ കുതിപ്പ് കാണിക്കുമെന്ന പ്രതീക്ഷ ഓരോ ആരാധകനുമുണ്ട്.

സീസണിൽ ഒരു തോൽവി പോലും വഴങ്ങാത്ത പിഎസ്‌ജി ഫ്രഞ്ച് ലീഗിൽ ഏഴു മത്സരങ്ങൾ കളിച്ച് പതിനേഴു പോയിന്റുമായി ഒന്നാം സ്ഥാനത്തു നിൽക്കുകയാണ്. അത്രയും മത്സരങ്ങളിൽ നിന്നും അതെ പോയിന്റുള്ള മാഴ്‌സ രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുവന്റസിനെതിരെ വിജയം നേടിയ പിഎസ്‌ജി അടുത്തത് നടക്കാനിരിക്കുന്ന യുസിഎൽ മത്സരത്തിൽ ഇസ്രായേലി ക്ലബായ മക്കാബി ഹൈഫയെയാണ് നേരിടുന്നത്.

Rate this post
Achraf HakimiLionel MessiPsg