കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് അത്ര മികച്ച പ്രകടനമായിരുന്നില്ല. ടൂർണമെൻ്റിൻ്റെ ക്വാർട്ടർ ഫൈനലിൽ വിവാദ ഗോളിനോടുവിൽ സുനിൽ ഛേത്രിയുടെ ബെംഗളൂരു എഫ്സിയോടാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. എന്നാൽ അതെല്ലാം മറന്ന് ഈ സീസണിൽ കൂടുതൽ ദൂരം മുന്നോട്ട് പോവാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്.
ഐഎസ്എല്ലിൻ്റെ ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്സിന് പ്രധാന താരങ്ങളുടെ പരിക്കുകൾ മൂലം 2024 ൽ ആ മികവ് ആവർത്തിക്കാൻ സാധിച്ചില്ല.രണ്ടാം പാദത്തിൽ മോഹൻബഗാൻ സൂപ്പർജയൻ്റ്സ്, സെർജിയോ ലൊബേരയുടെ ഒഡീഷ എഫ്സി എന്നിവരുടെ കുതിപ്പാണ് കാണാൻ സാധിച്ചത്. എന്നാൽ നഷ്ടപ്പെട്ട താളം വീണ്ടെടുക്കാനും ടൂർണമെൻ്റിൻ്റെ പ്ലേ ഓഫ് ഉറപ്പിക്കാനും ഇവാൻ വുകോമാനോവിച്ചിൻ്റെ കേരളത്തിന് കഴിഞ്ഞു. മാർച്ച് 30 ന് ജാംഷെഡ്പൂരിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
അതിനിടയിൽ പരിക്കേറ്റ് പുറത്തിരിക്കുന്ന ഉറുഗ്വേൻ സൂപ്പർ താരം അഡ്രിയാൻ ലൂണ തിരിച്ചുവരുന്നു എന്ന വാർത്തകൾ ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ വലിയ സന്തോഷമാണ് നൽകിയിരിക്കുന്നത്. ലൂണ ഉടൻ തന്നെ സഹതാരങ്ങൾക്കൊപ്പം ടീമിൻ്റെ പരിശീലനത്തിൽ ചേരാൻ പോവുകയാണ്. നിലവിൽ ടീമിലെ ബാക്കിയുള്ള താരങ്ങൾ അവധിയിലാണെങ്കിലും അഡ്രിയാൻ ലൂണയും മാർക്കോ ലെസ്കോവിച്ചും കൊച്ചിയിൽ പരിശീലനത്തിലാണ്. എല്ലാം ശരിയായാൽ പ്ലേ ഓഫിന് മുമ്പ് ഈ താരം കളത്തിലിറങ്ങും.
🚨🥇Adrian Luna & Marko Leskovic are training at Kochi, while most of the players are in break. Club is expecting Luna to be back in pitch before Play-Off. @manoramanews #KBFC pic.twitter.com/PzELoS0211
— KBFC XTRA (@kbfcxtra) March 17, 2024
പരിശീലകന്റെയും വൈദ്യ സംഘത്തെയും മേൽനോട്ടത്തിലാണ് ലൂണ ട്രെയിനിങ് ആരംഭിച്ചിട്ടുള്ളത്.ലൂണ തിരിച്ചെത്തിയ സാഹചര്യം കൊണ്ടാണ് ഇവാൻ വുക്മനോവിച്ച് കൊച്ചിയിൽ തന്നെ തുടരുന്നത്. മറ്റുള്ള എല്ലാവരും അവധി എടുത്തിട്ടും പരിശീലകൻ ക്ലബ്ബിനോടൊപ്പം തുടരുകയാണ്. അതിന്റെ പ്രധാന കാരണം ലൂണയുടെ പുരോഗതി വിലയിരുത്തുക എന്നുള്ളത് തന്നെയാണ്. മാത്രമല്ല വരുന്ന മത്സരങ്ങൾക്ക് കൂടുതൽ മികച്ച രൂപത്തിൽ ഒരുങ്ങേണ്ടതുണ്ട്. പ്ലെ ഓഫിൽ ലൂണ ബ്ലാസ്റ്റേഴ്സിനായി കളിക്കുന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.