കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്. ഉറുഗ്വേൻ മിഡ്ഫീൽഡ് മാസ്‌ട്രോ അഡ്രിയാൻ ലൂണയുടെ കരാർ ബ്ലാസ്റ്റേഴ്‌സ് നീട്ടിയിരിക്കുകയാണ്. 2021-22 സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയ ലൂണയുടെ കരാർ 3 വർഷത്തെക്ക് കൂടി നീട്ടിയിരിക്കുകയാണ്. അഡ്രിയാൻ ലൂണയെ 2027 വരെ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ കാണാൻ സാധിക്കും. ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്‌ഷനോടെയാണ് കരാർ ഒപ്പിട്ടിരിക്കുന്നത്.
2021-ൽ കേരള ബ്ലാസ്റ്റേഴ്‌സിലേക്കുള്ള ലൂണയുടെ വരവ് സർഗ്ഗാത്മകതയുടെയും ചലനാത്മകതയുടെയും ഒരു പുതിയ യുഗത്തിന് സൂചന നൽകി.ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന്റെ മാസ്മരിക പ്രകടനങ്ങൾ കൊണ്ട് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറുകയും ചെയ്തു. ആദ്യ സീസണിൽ തന്നെ മിന്നുന്ന പ്രകടനമാണ് ലൂണ പുറത്തെടുത്തത്.6 ഗോളുകളും 7 അസിസ്റ്റുകളും നേടിയ ലൂണയായിരുന്നു ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചിൻ്റെ തന്ത്രങ്ങൾ ബ്ലാസ്റ്റേഴ്സിൽ നടപ്പിലാക്കിയത്. അദ്ദേഹത്തിന്റെ നേതൃപരവും ടീമിനെ ഒത്തിണക്കത്തോടെ ഒരു യൂണിറ്റായി കളിപ്പിക്കാനുള്ള കഴിവും കാരണം ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായി മാറുകയും ചെയ്തു.
ജെസൽ കാർനെയ്‌റോയുടെ വിടവാങ്ങലിന് ശേഷം 2023-24 സീസണിൽ ക്ലബ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തപ്പോൾ ലൂണയുടെ നേതൃത്വഗുണങ്ങൾ കാണാൻ സാധിച്ചു. ബംഗളൂരു എഫ്‌സി, ജംഷഡ്‌പൂർ തുടങ്ങിയ ശക്തരായ എതിരാളികൾക്കെതിരായ അദ്ദേഹത്തിൻ്റെ സുപ്രധാന ഗോളുകൾ ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോൾ മികച്ച പ്രകടനം നടത്താനുള്ള അദ്ദേഹത്തിൻ്റെ കഴിവിനെ അടിവരയിടുന്നു.അദ്ദേഹത്തിന്റെ ഗോളുകൾ ബ്ലാസ്റ്റേഴ്‌സിനെ അവിസ്മരണീയമായ വിജയങ്ങളിലേക്ക് നയിക്കുകായും ചെയ്തു.ലൂണയെ പോലെ കഠിനാധ്വാനിയായ ഒരു താരത്തെ ഏതു ടീമും ആഗ്രഹിക്കുന്നതാണ്. ലൂണയുടെ നീക്കങ്ങൾ മനസിലാക്കുക എന്നത് എതിരാളികൾക്ക് ബുദ്ധിമുട്ടാണ്.
Adrian Luna Signs 3-Year Contract Extension with Kerala Blasters
— First11 (@First11Official) February 12, 2024
More details ⤵️https://t.co/U3JUz1WRSt#AdrianLuna #KeralaBlasters #IndianFootball #IndianSuperLeague #ISL10
അദ്ദേഹത്തിന്റെ പെട്ടെന്നുള്ള റിഫ്ലെക്സുകളും മിന്നൽ നീക്കങ്ങളും പലപ്പോഴും എതിരാളികളുടെ പ്രതിരോധത്തെ തളർത്തുന്നുതാണ് കാണാൻ സാധിക്കുക്കുന്നത്. ബോക്‌സിനുള്ളിൽ സർഗ്ഗാത്മകതയോടെയും കൃത്യതയോടെയും കേരളത്തിന്റെ ആക്രമണ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് ലൂണയാണ്. ഊർജസ്വലമായ പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഓൾറൗണ്ട് സംഭാവനകൾ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഈ സീസണിന്റെ പാതി വഴിയിൽ വെച്ച് പരിക്കേറ്റ് പുറത്ത് പോയ ലൂണ ശസ്ത്രക്രിയയ്ക്ക് ശേഷം ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ഒരുക്കത്തയിലാണ് .
മാർച്ചിൽ ലൂണ ടീമിനൊപ്പം ചേരുമെന്ന് പരിശീലകൻ ഇവാൻ അറിയിരിക്കുകയും ചെയ്തു.കേരളാ ബ്ലാസ്റ്റേഴ്‌സ് അവരുടെ പ്രതാപം തേടിയിറങ്ങുമ്പോൾ, ലൂണയുടെ കരാർ നീട്ടിയ വാർത്ത “മഞ്ഞപ്പട”യുടെ പ്രതീക്ഷയുടെയും പ്രചോദനത്തിൻ്റെയും വെളിച്ചമായി വർത്തിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളുടെയും വിജയങ്ങളുടെയും മറ്റൊരു അധ്യായത്തിന് കളമൊരുങ്ങുകയാണ്.