അഡ്രിയാൻ ലൂണയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി | Adrian Luna

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹൃദയമിടിപ്പായ അഡ്രിയാൻ ലൂണയ്ക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. പരിക്ക് പറ്റിയ ഉറുഗ്വേ പ്ലേ മേക്കർക്ക് സീസണിന്റെ ഗണ്യമായ ഒരു ഭാഗം നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനിൽ പരിക്കേറ്റതിനെത്തുടർന്ന് ഉറുഗ്വേൻ പ്ലേമേക്കർ തന്റെ ഇടതു കാൽമുട്ടിലെ ഓസ്റ്റിയോകോണ്ട്രൽ ഓട്ടോഗ്രാഫ്റ്റ് ട്രാൻസ്ഫർ സിസ്റ്റം (OATS) ശസ്ത്രക്രിയയ്ക്ക് വിധേയനായി.

ഇന്നലെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. നാലാഴ്ചത്തെ വിശ്രമമാണ് ലൂണക്ക് വേണ്ടത്. ഏകദേശം മൂന്ന് മാസത്തേക്ക് ഫീൽഡിൽ ലൂണയുണ്ടാവില്ല. ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് നൽകുക എന്നുറപ്പാണ്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിൽ ലൂണ നിർണായക പങ്കാണ് വഹിച്ചത്.ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് ഉറുഗ്വേൻ മിഡ്ഫീൽഡർ, മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടി,26 അവസരങ്ങളും ക്രിയേറ്റ് ചെയ്തു.

ഈ സീസണിൽ ടീമിന്റെ വിജയത്തിലെ നിർണായക വ്യക്തിയായ ലൂണ, സ്‌കോറിംഗിലും അസിസ്‌റ്റിംഗിലും മാത്രമല്ല, പ്രതിരോധപരമായ സംഭാവനകളിലും അസാധാരണമായ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചു.അദ്ദേഹത്തിന്റെ അഭാവം കേരള ബ്ലാസ്റ്റേഴ്‌സ് ലൈനപ്പിൽ ഒരു വിടവ് ഉണ്ടാക്കുമെന്നതിൽ സംശയമില്ല.അഡ്രിയാൻ ലൂണയുടെ കേരള ബ്ലാസ്റ്റേഴ്സിലെ കരാർ 2024 വരെയാണ്.

എന്നാൽ ഈ തിരിച്ചടിയെത്തുടർന്ന് ടീമുമായുള്ള അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ഊഹാപോഹങ്ങൾ ഉയർന്നുവരുന്നു. സ്ക്വാഡിലെ ലൂണയുടെ ശൂന്യത നികത്താൻ വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അനുയോജ്യമായ പകരക്കാരനെ മാനേജ്മെന്റ് തിരയാൻ തുടങ്ങിയിട്ടുണ്ട്.വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം, 31-കാരൻ സുഖം പ്രാപിക്കാൻ ഉറുഗ്വേയിലെ വീട്ടിലേക്ക് മടങ്ങി.

Rate this post
Kerala Blasters