ഏഷ്യൻ ക്ലബ് ചാംപ്യൻഷിപ്പുകളിൽ ഇന്ത്യൻ ടീമുകളുടെ മികച്ച പ്രകടനം തുടരുകയാണ്. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ആദ്യ ജയം നെടുന്ന ഇന്ത്യൻ ക്ലബ്ബായി മുംബൈ സിറ്റി എഫ്സി ഇന്നലെ മാറിയിരുന്നു.ഇപ്പോഴിതാ എ എഫ് സി കപ്പ് യോഗ്യത റൗണ്ടിൽ എ ടി കെ മോഹൻ ബഗാൻ തകർപ്പൻ ജയം നേടിയിരിക്കുകയാണ്.
സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന എഎഫ്സി കപ്പിന്റെ പ്രാഥമിക പാദത്തിൽ ശ്രീലങ്കൻ സൂപ്പർ ലീഗ് ജേതാവ് ബ്ലൂ സ്റ്റാർ എസ്സിയെ 5-0 ത്തിനാണ് ബഗാൻ പരാജയപ്പെടുത്തിയത്.ഫിന്നിഷ് മിഡ്ഫീൽഡർ ജോണി കൗക്കോയും മൻവീർ സിങ്ങും രണ്ടു ഗോളുകൾ വീതം നേടിയപ്പോൾ ഡേവിഡ് വില്യംസ് ഒരു തവണ വല കണ്ടെത്തി എടികെഎംബിയെ മികച്ച വിജയത്തിലേക്ക് നയിച്ചു.ഈ വിജയത്തോടെ ATKMB പ്ലേ ഓഫ് ഘട്ടത്തിലേക്ക് നീങ്ങി. അവിടെ എടികെ ബംഗ്ലാദേശ് ക്ലബ്ബായ അബഹാനി ധാക്കയെ ഏപ്രിൽ 19 ന് ഇതേ വേദിയിൽ നേരിടും.പ്ലേ-ഓഫിലെ വിജയിക്ക് ഗ്രൂപ്പ് ലീഗ് ഘട്ടത്തിലേക്ക് ടിക്കറ്റ് ലഭിക്കും.
ലയനത്തിന് ശേഷം ആദ്യമായി 25000 ജനക്കൂട്ടത്തിന് മുന്നിൽ കളിച്ച എടികെ മോഹൻ ബഗാൻ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ഒന്ന് പൊരുതി നിൽക്കാൻ പോലും ശ്രീലങ്കൻ ടീമിനായില്ല. ആദ്യ പകുതിയിൽ തന്നെ മോഹൻ ബഗാൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. മാൻവീറിന്റെ പാസിൽ നിന്നും 24-ാം മിനിറ്റിൽ ശക്തമായ ഗ്രൗണ്ടറിലൂടെ കൗക്കോ എടികെയുടെ ആദ്യ ഗോൾ നേടി.
29-ാം മിനിറ്റിൽ മികച്ചൊരു സോളോ ഗോളിലൂടെ മൻവീർ ലീഡ് രണ്ടാക്കി ഉയർത്തി.39-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് കൗക്കോ തന്റെ പേരിലേക്ക് രണ്ടാം ഗോൾ കൂട്ടിച്ചേർത്തു.ഇടവേളയ്ക്ക് ശേഷവും മോഹൻ ബഗാൻ ആധിപത്യം പുലർത്തിയെങ്കിലും നാലാം ഗോൾ കണ്ടെത്താൻ 77-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.ഡേവിഡ് വില്യംസാണ് ഗോൾ നേടിയത്.89-ാം മിനിറ്റിൽ ഹ്യൂഗോ ബൗമസിന്റെ മികച്ച ത്രൂ പാസിൽ മൻവീർ സ്കോറിംഗ് പൂർത്തിയാക്കി.