“സഹലിന്റെ ഗോളിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം നേടി ഇന്ത്യ”

എഎഫ്സ് യോഗ്യതയിലെ രണ്ടാമത്തെ മത്സരത്തിലും ഇന്ത്യക്ക് ജയം . ഇന്ന് നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ സഹൽ നേടിയ ഗോളിനായിരുന്നു ഇന്ത്യയുടെ ജയം.അഫ്ഗാനിസ്ഥാനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യ ജയം നേടിയത്. സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്. ഈ വിജയത്തോടെ ഇന്ത്യ 2 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ ഉള്ളത്. ഒന്നാമതുള്ള ഹോങ്കോങിനും 6 പോയിന്റാണ്. ഇനി അവസാന മത്സരത്തിൽ ഹോങ്കോങിനെ ആകും ഇന്ത്യ നേരിടുക.

സ്റ്റിമാച് കംബോഡിയക്ക് എതിരായ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ടീമിനെ ഇറക്കിയത്. മലയാളി താരം ആഷിഖും കേരള ബ്ലാസ്റ്റേഴ്സ് താരം ജീക്സണും ആദ്യ ഇലവനിൽ എത്തി. ബ്രാണ്ടണും താപയും ആണ് പുറത്ത് പോയത്. മത്സരത്തിന്റെ തുടക്കം മുതൽ ഇന്ത്യയുടെ ആധിപത്യമാണ് കാണാൻ സാധിച്ചത്.ആദ്യ പകുതിയിൽ ഒമ്പതോളം കോർണറുകൾ ഇന്ത്യക്ക് ലഭിച്ചു. പക്ഷെ ഒന്നും മുതലെടുക്കാൻ ഇന്ത്യക്ക് ആയില്ല.

അഫ്ഗാനും ഇടക്ക് നല്ല അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷെ ഗുർപ്രീതിന് കാര്യമായ വെല്ലുവിളി ഉയർത്തിയില്ല. ആദ്യ പകുതിയിൽ അഫ്ഗാൻ താരവും ഗോലുലം ക്യാപ്റ്റനുമായ ഷരീഫ് മുഹമ്മദ് അരിക്കേറ്റ് പുറത്ത് പോയത് സന്ദർശകർക്ക് തിരിച്ചടി ആയി.ആദ്യ പകുതിയിൽ സുനിൽ ഛേത്രിയുടെ ഒരു ആക്രൊബാറ്റിക് ശ്രമവും ഗോളായില്ല.

രണ്ടാം പകുതി ആരംഭിച്ച് അഞ്ചു മിനുട്ടിന് ശേഷം ഇന്ത്യക്ക് ഗോൾ നേടാൻ മികച്ച അവസരം ലഭിച്ചു. മൺവീറിന്റെ ക്രോസിൽ നിന്നും ഛേത്രിയുടെ ഹെഡ്ഡർ അവിശ്വസനീയമായി പുറത്തേയ്ക്ക് പോയി. 63 ആം മിനുട്ടിൽ അഫ്ഗാനിസ്ഥാന് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.അതായിരുന്നു അഫ്ഗാനിസ്ഥാന്റെ മത്സരത്തിലെ ഏറ്റവും മികച്ച അവസരം.

70 ആം മിനുട്ടിൽ ആഷിഖ് തൊടുത്ത മികച്ചൊരു ഷോട്ട് പുറത്തേയ്ക്ക് പോയി. 73 ആം മിനുട്ടിൽ ബ്രാൻഡന്റെ ക്രോസ്സ് അൻവറിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. 74 ആം മിനുട്ടിൽ അഫ്ഗാന് ലഭിച്ച അവസരം ഗുർപ്രീത് മികച്ചൊരു സേവിലൂടെ തടുത്തു. 78 ആം മിനുട്ടിൽ ആഷിക്കിന്റെ മികച്ചൊരു ക്രോസിൽ നിന്നും ബ്രെൻഡറെ ഷോട്ട് പുറത്തേക് പോയി.

86 ആം മിനുട്ടിൽ സുനിൽ ഛേത്രിയിലൂടെ ഇന്ത്യ മുന്നിലെത്തി.മനോഹരമായ ഫ്രീകിക്കിലൂടെയാണ് ഛേത്രി ഗോൾ നേടിയത്. ഇന്ത്യക്കായി ഛേത്രിയുടെ 83 മത്തെ ഗോളായിരുന്നു ഇത്. രണ്ടു മിനുട്ടിനു ശേഷം അമീറിയുടെ ഹെഡ്ഡറിലൂടെ അഫ്ഗാൻ ഒപ്പമെത്തി.എന്നാൽ ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ സഹൽ ഇന്ത്യയുടെ രണ്ടാമത്തെ ഗോളും വിജയവും ഉറപ്പിച്ചു.

Rate this post