❝പിന്നിൽ തിരിച്ചു വന്നു സമനിലയുമായി ഹോളണ്ട് : ഇറ്റലിയോടും ജയിക്കാനാവാതെ ഇംഗ്ലണ്ട് : ബെൽജിയത്തെ പിടിച്ചു കെട്ടി വെയ്ൽസ് :ഹംഗറിയോടും സമനില വഴങ്ങി ജർമ്മനി❞ |UEFA Nations League

യുവേഫ നേഷൻസ്‌ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ജയമില്ലാതെ ഇംഗ്ലണ്ട്. സൂപ്പർ താരങ്ങൾ നിറഞ്ഞ ഇംഗ്ലീഷ് ടീമിനെ ഇറ്റലിയുടെ യുവനിര ഗോൾ രഹിത സമനിലയിൽ തളയ്ക്കുകയായിരുന്നു. ഇംഗ്ലണ്ടിലെ വോൾവർഹാംപ്ടണിൽ നടന്ന പോരാട്ടത്തിൽ അന്താരാഷ്ട്ര മത്സര പരിചയം തീരെ കുറഞ്ഞ ഇറ്റാലിയൻ യുവനിരക്കെതിരെ ജയം നേടാനുള്ള സുവർണ്ണാവസരമാണ് സൗത്ത്ഗേറ്റിന്റെ ടീം കളഞ്ഞു കുളിച്ചത്.

മത്സരത്തിൽ നേരിയ മുൻതൂക്കം ഇംഗ്ലണ്ടിന് ആയിരുന്നു എങ്കിലും ഏതാണ്ട് ഇരു ടീമുകളും തുല്യ അവസരങ്ങൾ ആണ് സൃഷ്ടിച്ചത്. മേസൻ മൗണ്ടിന്റെ ഷോട്ട് ബാറിലേക്ക് ഇടിച്ചു മടങ്ങിയപ്പോൾ ടൊണാലിയുടെയും പെസ്സിനയുടെയും ഗോൾ ശ്രമങ്ങൾ അതുഗ്രൻ മികവിലൂടെ ഗോൾ കീപ്പർ ആരോൺ റാംസ്ഡേൽ രക്ഷിച്ചു.2018 നു ശേഷം ഇത് ആദ്യമായാണ് ഇംഗ്ലണ്ടിന് 3 മത്സരങ്ങളിൽ തുടർച്ചയായി ജയം കാണാൻ ആവാതെ പോവുന്നത്. ഒരു തോൽവിയും രണ്ട് സമനിലയുമായി യുവേഫ നേഷൻസ്‌ ലീഗിലെ ഗ്രൂപ്പ് സിയിൽ അവസാന സ്ഥാനത്ത്‌ തുടരുകയാണ് ഇംഗ്ലണ്ട്. മൂന്ന് മത്സരങ്ങളിൽ നിന്ന് 5 പോയിന്റുമായി ഇറ്റലിയാണ് ഒന്നാമത്.

മറ്റൊരു മത്സരത്തിൽ ഹംഗറി ജർമനിയെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേത്യത്.കളിയുടെ ആദ്യ 10 മിനിറ്റിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്. ആറാം മിനിറ്റിൽ നാഗി ഹംഗറിക്ക് ലീഡ് സമ്മാനിച്ചു. ഒൻപതാം മിനിറ്റിൽ യോനസ് ഹോഫ്മാനിലൂടെ ജർമ്മനി ഒപ്പമെത്തി.രണ്ടാം പകുതിയിൽ ഹോഫ്മാനു അവസരം മുതലാക്കാൻ ആവാതിരുന്നപ്പോൾ ഹംഗറിക്ക് ആയി ലഭിച്ച രണ്ടു സുവർണ അവസരങ്ങൾ ഗോളിലേക്ക് ഹെഡ് ചെയ്യാൻ മാർട്ടിൻ ആദമിനു ആയില്ല ഗ്രൂപ്പ് സിയിൽ 4 പോയിന്റുമായി ഇറ്റലിക്ക് പിന്നിൽ രണ്ടാമതാണ് ഹംഗറി. 3 പോയിന്റുള്ള ജർമ്മനി നിലവിൽ മൂന്നാം സ്ഥാനത്താണ്. ചൊവ്വാഴ്ച നടക്കുന്ന ഹോം മാച്ചിൽ ജർമ്മനി വീണ്ടും ഇറ്റലിയെ നേരിടും.

യുഫേഫ നേഷൻസ് ലീഗിൽ ഹോളണ്ട്, പോളണ്ട് മത്സരം 2-2 നു സമനിലയിൽ അവസാനിച്ചു.ഡച്ച് ടീമിനായി ക്ലാസ്സെനും ഡംഫ്രിസും സ്‌കോർ ചെയ്തപ്പോൾ, പോളണ്ടിന്റെ ഗോളുകൾ മാറ്റി കാഷും സിയെലിൻസ്കിയും നേടി. പോളണ്ട് രണ്ട് ഗോളിന് ലീഡ് ചെയ്ത ശേഷമാണ് നെതർലൻഡ്സ്‌ രണ്ടെണ്ണം തിരിച്ചടിച്ചത്.മത്സരത്തിൽ 18 മത്തെ മിനിറ്റിൽ നികോള സലവ്സ്കിയുടെ പാസിൽ നിന്നു മാറ്റി കാശ് പോളണ്ടിനു മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു. രണ്ടാം പകുതി തുടങ്ങി മിനുട്ടിനുളിൽ ഫ്രാങ്കോവ്സ്കിയുടെ പാസിൽ നിന്ന് പിയോറ്റർ സിലിൻസ്കി പോളണ്ടിനു രണ്ടാം ഗോളും സമ്മാനിച്ചു.

എന്നാൽ 51 ആം മിനുട്ടിൽ ഡാവി ക്ലാസൻ ഹോളണ്ടിനു ആയി ഒരു ഗോൾ മടക്കി.തുടർന്ന് മൂന്നു മിനിറ്റിനുള്ളിൽ ഹോളണ്ട് സമനില കണ്ടത്തി. മെമ്പിസ് ഡീപായിയുടെ പാസിൽ നിന്നു ഡെൻസൽ ഡംഫ്രെയിസ് ഹോളണ്ടിനു സമനില ഗോൾ സമ്മാനിക്കുക ആയിരുന്നു.മത്സരത്തിൽ ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ കാശിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി എടുത്ത ഹോളണ്ട് ക്യാപ്റ്റൻ മെമ്പിസ് ഡീപായിയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുക ആയിരുന്നു. രണ്ടു മിനുട്ടിനു ശേഷം മെമ്പിസ് ഡീപായി എടുത്ത ഷോട്ട് ഒരിക്കൽ കൂടി പോസ്റ്റിൽ തട്ടി മടങ്ങിയതോടെ മത്സരം സമനിലയിൽ അവസാനിക്കുക ആയിരുന്നു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ വെയ്ൽസ് ബെൽജിയത്തെ സമനിലയിൽ തളച്ചു.ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു മത്സരം സമനിലയിൽ പിരിയുക ആയിരുന്നു.50 ആം മിനിറ്റിൽ ബെൽജിയത്തിന് ടിയെലമെൻസ് ലീഡ് സമ്മാനിച്ചു. നിശ്ചിത സമയം അവസാനിക്കാൻ നാല് മിനിറ്റ് മാത്രം ബാക്കി നിൽക്കെ ബ്രെന്നൻ ജോൺസൻ വെയ്ൽസിന്റെ സമനില ഗോൾ സ്വന്തമാക്കി.യുവേഫ നേഷൻസ് ലീഗിലെ ഗ്രൂപ്പ് ഡിയിൽ 7 പോയിന്റുമായി നെതർലൻഡ്സാണ് മുന്നിൽ. 4 പോയിന്റുള്ള ബെൽജിയം രണ്ടാമതാണ്. പോളണ്ടിനും 4 പോയിന്റ് ഉണ്ടെങ്കിലും ഗോൾ ഡിഫറൻസിൽ പിന്നിലാണ്. ഒരു പോയിന്റ് മാത്രമുള്ള വെയ്ൽസ് അവസാന സ്ഥാനത്താണ്.