❝ഗോളുകൾ നേടുകയും ടീമിനെ വിജയിപ്പിക്കുകയും ചെയ്യുന്നത് എല്ലായ്പ്പോഴും മികച്ച അനുഭവമാണ്❞: സഹൽ |Indian Football

എഎഫ്‌സി ഏഷ്യൻ കപ്പ് 2023 യോഗ്യതാ മത്സരത്തിൽ ഇന്ത്യ തുടർച്ചയായ രണ്ടാം ജയം നേടി. അഫ്ഗാനിസ്ഥാനെ 2-1ന് തോൽപ്പിച്ച് നീലപ്പട യോഗ്യതക്ക് അരികിൽ എത്തിയിരിക്കുകയാണ്.സുനിൽ ഛേത്രിയാണ് ആതിഥേയരുടെ സ്‌കോറിംഗ് തുറന്നത്. എന്നാൽ രണ്ടു മിനിറ്റിനുശേഷം സുബൈർ അമീരിയിലൂടെ ലയൺസ് ഓഫ് ഖൊറാസാൻ സമനില നേടിയതോടെ ലീഡ് അധികനാൾ നീണ്ടുനിന്നില്ല. സ്റ്റോപ്പേജ് ടൈമിൽ ആഷിഖ് കുരുണിയൻ പാസിൽ നിന്ന് സഹൽ അബ്ദുൾ സമദ് ഇന്ത്യയുടെ വിജയ ഗോൾ നേടി.

മത്സരത്തിൽ സബ്ബായി എത്തി ഇന്ത്യയുടെ വിജയ ഗോൾ നേടിയ സഹൽ അബ്ദുൽ സമദ് ഈ ഗോൾ താൻ തന്റെ കരിയറിൽ എന്നും ഓർമ്മിക്കുന്ന ഗോളിൽ ഒന്നായിരിക്കും എന്ന് പറഞ്ഞു. സഹലിന്റെ 91ആം മിനുട്ടിലെ ഗോളായിരുന്നു ഇന്ത്യക്ക് അഫ്ഗാനെതിരെ വിജയം തന്നത്. ഈ ഗോൾ വന്നത് ആരാധകരുടെ മുന്നിൽ ആണെന്നതും അത് കൊൽക്കത്തയിൽ ആണെന്നതും ഈ ഗോളിനെ പ്രത്യേകതയുള്ളതാക്കുന്നു എന്നും സഹൽ പറഞ്ഞു. ഈ ഗോൾ മാത്രമല്ല ഈ വിജയവും ഓർമ്മയിൽ നിക്കുന്നതാകും എന്ന് സഹൽ പറഞ്ഞു.

രാജ്യത്തിനായി ഗോൾ നേടിയതിൽ സന്തോഷം ഉണ്ട്. ഞങ്ങൾ ജയിച്ചു എന്നത് കൂടുതൽ സന്തോഷം നൽകുന്നു എന്നും സഹൽ പറഞ്ഞു. ഇത് ഒരു ടീമിന്റെ വിജയം ആണെന്നും സഹൽ പറഞ്ഞു. അസിസ്റ്റ് നൽകിയ ആശിഖിന് നന്ദി പറയുന്നു എന്നും സഹൽ പറഞ്ഞു.ജയം എപ്പോഴും ഒരു ടീമിന് അത്ഭുതകരമായ കാര്യമാണെന്നും പ്രത്യേകിച്ച് ഒരു ഗോളിന് മുന്നിട്ട് നിന്ന ഈ സാഹചര്യത്തിൽ പിന്നീട് ഗോൾ വഴങ്ങി വീണ്ടും ഗോളടിച്ച് കളി ജയിച്ചു. ഇത് ടീം സ്പിരിറ്റ് വർധിപ്പിക്കുന്നുവെന്നും മിഡ്ഫീൽഡർ പറഞ്ഞു.ഇന്ത്യക്കായി 17 മത്സരങ്ങൾ കളിച്ച സഹലിന്റെ രണ്ടാമത്തെ മാത്രം അന്തരാഷ്ട്ര ഗോളാണിത്. കഴിഞ്ഞ വര്ഷം സാഫ് കപ്പ് ഫൈനലിൽ നേപ്പാളിനെതിരെ ആയിരുന്നു സഹലിന്റെ ഇന്ത്യൻ ജേഴ്സിയിലെ ആദ്യ ഗോൾ പിറന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) നിലവിൽ വന്നതിനുശേഷം ജീവിതം മാറ്റിമറിച്ച നിരവധി ഇന്ത്യൻ ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് സഹാൽ അബ്ദുൾ സമദ്.സഹലിനെ സംബന്ധിച്ചിടത്തോളം കേരള ബ്ലാസ്റ്റേഴ്സിനായി ഒപ്പിടാനുള്ള തീരുമാനം അദ്ദേഹത്തിന്റെ ജീവിതം വഴിതിരിച്ചുവിട്ടു.റിസർവ് ടീമിനൊപ്പം ആരംഭിച്ച സഹലിന്റെ പ്രകടനത്തിൽ ഡേവിഡ് ജെയിംസ് മതിപ്പുളവാക്കുകയും ആദ്യ ടീമിൽ സ്ഥാനം നേടി. അതിനുശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടതില്ല.

2018-19 സീസണിൽ സഹലിന്റെ മിന്നുന്ന മിഡ്ഫീൽഡ് ഡിസ്പ്ലേകൾ ടീം പ്രകടനം കാഴ്ചവയ്ക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും ഫുട്ബോൾ ആരാധകരുടെയും പണ്ഡിറ്റുകളുടെയും ശ്രദ്ധ ആകർഷിച്ചു. ഐ‌എസ്‌എല്ലിൽ നിന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ നിന്നും (എ ഐ എഫ് എഫ്) എമർജിംഗ് പ്ലെയർ ഓഫ് സീസൺ അവാർഡും നേടി. കഴിഞ്ഞ ജൂണിൽ കുറകാവോക്കെതിരായ കിംഗ്സ് കപ്പ് മത്സരത്തിൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു. ഇന്ത്യ അണ്ടർ 23, കേരള അണ്ടർ 21, കേരള സന്തോഷ് ട്രോഫി ടീമുകളിൽ കളിച്ചിട്ടുണ്ട്. ഐഎസ്എൽ എമർജിങ് പ്ലയർ ഓഫ് ദി സീസൺ, എഐഎഎഫ് എമർജിങ് പ്ലയർ ഓഫ് ദി ഇയർ എന്നീ പുരസ്കാരങ്ങളും ഇതിനകം ഈ 25 കാരനെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഐഎസ്എൽ ഫൈനലിൽ എത്തിക്കുന്നതിൽ സഹൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.

യുഎയിലെ അൽ ഐനിൽ ജനിച്ച സഹൽ 8ആം വയസ്സ് മുതൽ ഫുട്ബോൾ കളിച്ചു തുടങ്ങി.2010 ൽ പ്രൊഫഷണൽ ഫുട്ബോളറാവുക എന്ന ലക്ഷ്യത്തോടെ യുഎയിലെ പ്രശസ്ത ഫുട്ബോൾ അക്കാഡമികളിൽ ഒന്നായ എത്തിഹാദ് ഫുട്ബോൾ അക്കാദമിയിൽ ചേർന്നു. ബിരുദ പഠനത്തിനായി കണ്ണൂരിലേക്കു തിരിച്ചു വന്ന സഹൽ എസ് ൻ കോളേജിൽ ചേരുകയും യൂണിവേഴ്സിറ്റി മത്സരങ്ങളുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിൽ ഇടം നേടുകയും ചെയ്തു. 2017 ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമിൽ അംഗമായ സഹൽ 2017 -2018 സീസൺ മുതൽ ഐഎസ് ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സി അണിയുന്നു .

Rate this post