കറുപ്പിന് അഴക് കൂടുതലാണ്, അർജന്റീനക്കും പോർച്ചുഗലിനും പിന്നാലെ തകർപ്പൻ വിജയം നേടി ബ്രസീൽ

ഇന്റർനാഷണൽ സൗഹൃദ മത്സരങ്ങളിൽ അർജന്റീനയും പോർച്ചുഗലും വിജയം ചൂടിയതിന് പിന്നാലെ ആഫ്രിക്കയിൽ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിച്ച അഞ്ച് തവണ വേൾഡ് ചാമ്പ്യൻമാരായ ബ്രസീലിനും തകർപ്പൻ സൗഹൃദ വിജയം. ആദ്യ സൗഹൃദ മത്സരത്തിൽ നാല് ഗോളുകളുടെ മികച്ച വിജയമാണ് ബ്രസീലിന്റെ പുതുതലമുറ നേടിയത്.

ആഫ്രിക്കൻ ടീമായ ഗനിയക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീലിന്റെ വിജയം. സൗഹൃദ മത്സരത്തിൽ വംശീയതക്കെതിരെ ഐക്യദാർഢ്ദ്യം പ്രഖ്യാപിച്ചുകൊണ്ട് ടീമിന്റെ ചരിത്രത്തിൽ ആദ്യമായി കറുപ്പ് നിറത്തിലുള്ള ജേഴ്സിയണിഞ്ഞു കളി ആരംഭിച്ച ബ്രസീൽ ടീം ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ സ്കോർ ചെയ്തു. 27-മിനിറ്റിൽ ജോലിങ്ട്ടനും പിന്നീട് 30-മിനിറ്റിൽ റോഡ്രിഗോയും സ്കോർ ചെയ്തതോടെ ബ്രസീൽ ലീഡ് നേടി തുടങ്ങി.

36-മിനിറ്റിൽ ഗൈറസി ഗനിയക്ക് വേണ്ടി ഒരു ഗോൾ നേടി മത്സരം തിരിച്ചുപിടിക്കുവാൻ ശ്രമിച്ചെങ്കിലും ആദ്യ പകുതി 2-1 ന് അവസാനിച്ചു. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ 47-മിനിറ്റിൽ എഡർ മിലിറ്റവോ ബ്രസീലിന്റെ മൂനാം ഗോളും സ്കോർ ചെയ്തു. 87-മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചു കൊണ്ട് മറ്റൊരു റയൽ മാഡ്രിഡ്‌ താരം വിനീഷ്യസ് ജൂനിയർ കൂടി ഗോൾ സ്കോർ ചെയ്തതോടെ ബ്രസീലിന്റെ നാല് ഗോൾ വിജയം ഗംഭീരമായി.

ബ്രസീലിന്റെ നാല് ഗോളുകളിൽ മൂന്നു ഗോളുകൾ നേടിയതും റോഡ്രിഗോ, മിലിറ്റവോ, വിനീഷ്യസ് ജൂനിയർ എന്നീ റയൽ മാഡ്രിഡ്‌ താരങ്ങളാണ്. ആഫ്രിക്കയിലെ സൗഹൃദ മത്സരങ്ങളിൽ ബ്രസീലിന്റെ രണ്ടാമത്തെ മത്സരത്തിൽ ആഫ്രിക്കയിലെ കരുത്തരായ സെനഗലിനെയാണ് ബ്രസീൽ നേരിടുന്നത്. ജൂൺ 21-നാണ്‌ ബ്രസീലിന്റെ രണ്ടാമത്തെ മത്സരം അരങ്ങേറുന്നത്.

Rate this post