ബ്രൂണോ !! ബ്രൂണോ !! ഉറുഗ്വേയെ തകർത്തെറിഞ്ഞ് പോർച്ചുഗലും അവസാന പതിനാറിലേക്ക് |Qatar 2022 |Portugal
ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എച്ചിൽ യൂറോപ്യൻ കരുത്തരായ പോർച്ചുഗൽ ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വെയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി പ്രീ ക്വാർട്ടർ ഉറപ്പിച്ചു.രണ്ടാം പകുതിയിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ട ഗോളുകൾ ആണ് പോർച്ചുഗലിന്റെ വിജയം എളുപ്പമാക്കിയത്.
പോർച്ചുഗൽ ആക്രമണവും ഉറുഗ്വായ് പ്രതിരോധവും തമ്മിലുള്ള പോരാട്ടമാണ് മത്സരത്തിന്റെ ആദ്യ പകുതിയിൽ കണ്ടത്. ഇരുടീമുകളും എണ്ണമറ്റ ഉജ്ജ്വല നീക്കങ്ങൾ നടത്തിയിട്ടും ഗോളുകൾ ഒന്നും പിറന്നില്ല.11-ാം മിനിറ്റിൽ ഉറുഗ്വായ് ഡിഫൻഡർ ഗിമെനെസ് ഒരു കോർണറിൽ തലവെച്ചെങ്കിലും പന്ത് ക്രോസ്ബാറിന് മുകളിലൂടെ പോയി. മത്സരത്തിലെ ആദ്യ അവസരമായിരുന്നു ഇത്. കളി അൽപ്പം പരുക്കനായി തുടങ്ങി. ആറാം മിനിറ്റിൽ ഉറുഗ്വേയുടെ ബെന്റാൻകുറിന് മഞ്ഞക്കാർഡ് ലഭിച്ചു. പോർച്ചുഗലിന്റെ റൂബൻ ഡയസും റഫറി മുന്നറിയിപ്പ് നൽകി.
പതിനേഴാം മിനിറ്റിൽ, നുനോ മെൻഡസിനെ വീഴ്ത്തിയതിന് ബോക്സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്കിൽ നിന്ന് റൊണാൾഡോയുടെ ഷോട്ട് ഉറുഗ്വെയുടെ പ്രതിരോധ മതിലിൽ തട്ടി പുറത്തേക്ക് പോയി.42-ാം മിനിറ്റിൽ പരിക്കേറ്റ ന്യൂനോയെ ഫെർണാണ്ടോ സാന്റോസിന് പിൻവലിക്കേണ്ടി വന്നു. പിഎസ്ജിയുടെ പോർച്ചുഗീസ് താരം നുനോ കളം വിടുന്നത് സങ്കടകരമായ കാഴ്ചയായിരുന്നു. അധികം വൈകാതെ ആദ്യ പകുതി അവസാനിച്ചു.ഒടുവിൽ കളിയുടെ 54-ാം മിനിറ്റിൽബ്രൂണോ ഫെര്‍ണാണ്ടസിലൂടെ പോര്‍ച്ചുഗല്‍ ലീഡെടുത്തു.
ഇടത് വിങ്ങില്‍ നിന്നുള്ള ബ്രൂണോയുടെ കിടിലന്‍ ഷോട്ട് ഗോളിയേയും മറികടന്ന് വലയിലേക്ക് പതിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും തലയില്‍ കൊള്ളാതെയാണ് പന്ത് വലയിലെത്തിയത്. ആദ്യം ഗോള്‍ ക്രിസ്റ്റിയാനോയുടെ പേരിലാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പരിശോധനകള്‍ക്ക് ശേഷം ഔദ്യോഗികമായി ഫിഫ ഗോള്‍ സ്കോറര്‍ ബ്രൂണോ ഫെര്‍ണാണ്‍സാണെന്ന് അറിയിക്കുകയായിരുന്നു. 75-ാം മിനിറ്റില്‍ ഉറുഗ്വേ താരം മാക്സി ഗോമസിന്റെ ഉഗ്രന്‍ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി.
തൊട്ടടുത്ത മിനിറ്റുകളില്‍ സുവാരസിനും അരസ്കാറ്റയ്ക്കും പെനാല്‍റ്റി ബോക്സിനുള്ളില്‍ വെച്ച് മികച്ച അവസരങ്ങള്‍ കിട്ടി. 90-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് പെനാല്‍റ്റി കിട്ടി. പോര്‍ച്ചുഗല്‍ മുന്നേറ്റങ്ങള്‍ പ്രതിരോധിക്കുന്നതിനിടയില്‍ പന്ത് ഡിഫെന്‍ഡറുടെ കൈയില്‍ തട്ടുകയായിരുന്നു.കിക്കെടുത്ത ബ്രൂണോ ഫെര്‍ണാണ്ടസ് അനായാസം വലകുലുക്കി. അവസാന മിനിറ്റുകളില്‍ ബ്രൂണോയ്ക്ക് മികച്ച അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളാക്കാനായില്ല.