കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ ഖത്തർ ലോകകപ്പ് വിജയത്തിലേക്ക് അർജന്റീനയെ നയിച്ച ലയണൽ മെസിക്കാണ് മികച്ച താരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും രണ്ടാമത്തെ ടോപ് സ്‌കോററുമായാണ് ലയണൽ മെസി മുപ്പത്തിയാറു വർഷത്തിനു ശേഷം അർജന്റീനക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്തത്. അതുകൊണ്ടു തന്നെ താരം ഫിഫ ബെസ്റ്റ് അവാർഡ് അർഹിക്കുന്നതു തന്നെയായിരുന്നു.
ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ വന്നത് ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പെയും കരിം ബെൻസിമയുമായിരുന്നു. 2022ലെ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയെങ്കിലും ലോകകപ്പിൽ കളിക്കാൻ കഴിയാതിരുന്നതാണ് ഫിഫ ബെസ്റ്റ് അവാർഡിൽ ബെൻസിമ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടാൻ കാരണം. എന്തായാലും മെസിക്ക് പുരസ്‌കാരം ലഭിച്ചതിലും താൻ മൂന്നാം സ്ഥാനത്തേക്ക് വീണതിലും ബെൻസിമ തൃപ്‌തനല്ലെന്നാണ് താരത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസമിട്ട ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ ബെൻസിമക്ക് അതൃപ്‌തിയുണ്ടെന്ന് വ്യക്തമാക്കുന്നത്. അവാർഡ് പ്രഖ്യാപനത്തിനു ശേഷമിട്ട ഈ സ്റ്റോറിയിൽ കഴിഞ്ഞ വർഷം താൻ സ്വന്തമാക്കിയ നേട്ടങ്ങൾ ഒന്നൊന്നായി ബെൻസിമ നിരത്തുന്നു. ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, നേഷൻസ് ലീഗ് തുടങ്ങിയ കിരീടങ്ങൾ, ചാമ്പ്യൻസ് ലീഗ്, ലാ ലിഗ തുടങ്ങിയവയിലെ ടോപ് സ്‌കോറർ, ബാലൺ ഡി ഓർ അടക്കമുള്ള വ്യക്തിഗത പുരസ്‌കാരങ്ങൾ എന്നിവയെല്ലാം ബെൻസിമ തന്റെ സ്റ്റോറിയിൽ വെളിപ്പെടുത്തുന്നു.
Benzema on IG. pic.twitter.com/yjL2kUHHyc
— Madrid Xtra (@MadridXtra) February 28, 2023
അതേസമയം ബെൻസിമ തന്റെ പ്രതിഷേധം അറിയിച്ച രീതി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെതു പോലെ തന്നെയാണെന്നാണ് ആരാധകർ പറയുന്നത്. ഇതിനു മുൻപ് ചില അവാർഡുകളിൽ തഴയപ്പെട്ടപ്പോൾ തന്റെ നേട്ടങ്ങൾ വിശദീകരിക്കുന്ന പോസ്റ്റുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോ സോഷ്യൽ മീഡിയയിൽ ഇട്ടിട്ടുണ്ട്. അതു തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. എന്തായാലും മെസിയുടെ ഫിഫ ബെസ്റ്റ് നേട്ടം ബെൻസിമക്ക് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു തന്നെയാണ് താരത്തിന്റെ സ്റ്റോറി വ്യക്തമാക്കുന്നത്.