❝സുനിൽ ഛേത്രിക്കു ശേഷം ഇന്ത്യൻ ഫുട്ബോൾ നേരിടേണ്ട പ്രധാന വെല്ലുവിളിയും ഇത് തന്നെ ആയിരിക്കും❞| Sunil Chhetri

ഇന്ത്യൻ ഫുട്ബോൾ ടീമിന് വർഷങ്ങളായി ഇതിഹാസ താരം ഐ എം വിജയൻ, ബൈച്ചുങ് ബൂട്ടിയ, ഏറ്റവും ഒടുവിൽ സുനിൽ ഛേത്രി എന്നിവരിൽ മികച്ച സ്‌ട്രൈക്കർമാർ ഉണ്ടായിരുന്നു. ഇവരെല്ലാം ഒന്നിലധികം അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. അവരുടെ കാലഘട്ടത്തിലെ റെക്കോർഡ് സ്‌കോറർമാർ കൂടിയായിരുന്നു അവർ. 125 മത്സരങ്ങളിൽ നിന്ന് 80 ഗോളുകൾ നേടിയ ഛേത്രി ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന സ്‌കോററാണ്. കഴിഞ്ഞ വർഷത്തെ സാഫ് കപ്പിൽ നേടിയ അഞ്ചു ഗോളുകൾ ഉൾപെടെയാണിത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) ബെംഗളൂരു എഫ്‌സിക്ക് വേണ്ടിയും താരം ഈ പ്രായത്തിലും തന്റെ ഗോൾ സ്കോറിങ് തുടരുകയാണ്.ഈ സീസണിൽ ബിഎഫ്‌സിക്ക് വേണ്ടി മോശം കാമ്പെയ്‌നുണ്ടായിട്ടും അദ്ദേഹം ഇത്തവണ നാല് സ്കോർ ചെയ്തു. ഇന്ത്യയുടെ അവസാന മത്സരങ്ങളിൽ ഛേത്രിയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. അത്കൊണ്ട് തന്നെ ഇന്ത്യൻ ടീമിൽ ഇപ്പോൾ സ്വാഭാവിക ഗോൾസ്‌കോറർ അല്ലെങ്കിൽ നമ്പർ 9 ഇല്ല എന്ന് പറയേണ്ടി വരും.ബൽവന്ത് സിങ്ങും ജെജെ ലാൽപെഖ്‌ലുവയും ഛേത്രിയുടെ പിൻഗാമികളായ വന്നെങ്കിലും ഒരിക്കലും സ്ഥിരത പുലർത്താൻ അവർക്കായില്ല.

ഛേത്രിയെ കൂടുതലായും ആശ്രയിക്കുന്ന ശൈലിയാണ് ഇന്ത്യൻ പിന്തുടരുന്നത്.ഇത് മനസ്സിലാക്കാൻ കഴിഞ്ഞ വർഷത്തെ SAFF ചാമ്പ്യൻഷിപ്പിന്റെ കാര്യമെടുക്കാം. ടൂർണമെന്റ് വിജയിച്ചെങ്കിലും, ഇന്ത്യയുടെ മോശം ഗോൾ സ്കോറിംഗ് കഴിവുകളും ഛേത്രിയെ ആശ്രയിക്കുന്നതും പ്രകടമായിരുന്നു.ഇന്ത്യൻ ടീം നേടിയ എട്ട് ഗോളുകളിൽ അഞ്ചും സുനിൽ ഛേത്രിയാണ് നേടിയത്. ഒരു കളിയിൽ 16 ഷോട്ടുകൾക്ക് അടുത്താണ് ടീം ശരാശരി നേടിയത്, മൊത്തം 79 ഷോട്ടുകൾ.ഇത് സ്‌ട്രൈക്കർമാരുടെ കടുത്ത ആവശ്യത്തെ കാണിക്കുന്നു. ഇതിനായി ആഭ്യന്തര ലീഗിൽ വിദേശ താരങ്ങളുടെ കാര്യത്തിലും നിയന്ത്രണ മാറ്റങ്ങൾ വരുത്തി. പക്ഷെ വിചാരിച്ച ഫലമുണ്ടായില്ല.

പലപ്പോഴും സെന്റര് ഫോർവേഡ് എന്ന പേരിൽ വരുന്നവർ വിങ്ങർമാരോ വൈഡ് ഫോർവേഡുകളോ ആണ്. ലിസ്റ്റൺ കൊളാക്കോ, റഹീം അലി, മൻവീർ സിംഗ് എന്നിവർ ഇതിന് ഉദാഹരണമാണ്. അവർ സ്ഥിതിവിവരക്കണക്കിൽ മികവ് പുലർത്തിയിട്ടുണ്ട്, പക്ഷേ സെന്റർ ഫോർവേഡുകളായി മികവ് പുലർത്താൻ സാധിക്കാറില്ല.ഈ സീസണിൽ 20 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും ലിസ്റ്റൺ നേടിയിട്ടുണ്ട്. ഈ സീസണിൽ ബഗാന്റെ ടോപ് സ്കോറർ ആണ് ലിസ്റ്റൺ. പക്ഷെ അദ്ദേഹം ടീമിൽ വിങ്ങറായാണ് കളിക്കുന്നത് . ഒരു പരിധിവരെ ഛേത്രിയുടെ സ്ഥാനത്ത് ലിസ്റ്റണെ പരീക്ഷിക്കാവുന്നതാണ്.

9-ാം നമ്പറായി പ്രവർത്തിക്കാൻ കഴിയുന്ന ഇന്ത്യയിലെ അപൂർവ പ്രതീക്ഷകളിൽ ഒരാളാണ് റഹീം അലി. ഇഗോർ സ്റ്റിമാക്കിന്റെ കീഴിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. അണ്ടർ 23 എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഡിഫൻഡർമാരെ തന്റെ സാന്നിധ്യം കൊണ്ട് ബുദ്ധിമുട്ടിച്ചു. നന്നായി പന്ത് പിടിച്ചെടുക്കുകയും മികച്ച ഫിനിഷിങ്ങുമുണ്ട്.ടൂർണമെന്റിൽ അദ്ദേഹം ഒരു ഗോളും ഒരു അസിസ്റ്റും രജിസ്റ്റർ ചെയ്തു. പിന്നീട് സീനിയർ ടീമിന് വേണ്ടിയും SAFF ചാമ്പ്യൻഷിപ്പിലും കളിച്ചു.

നേപ്പാളിനെതിരായ ഫൈനലിൽ അലി അസിസ്റ്റന്റ് രജിസ്റ്റർ ചെയ്തു. എന്നിരുന്നാലും, ഈ സീസണിൽ പ്രതിസന്ധിയിലായ ചെന്നൈയിൻ ടീമിനായി 18 മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളും രണ്ടു അസിസ്റ്റും നേടി.പകരക്കാരനായി എത്താവുന്ന മറ്റൊരു താരമാണ് മൻവീർ.എന്നാൽ അദ്ദേഹം ഇന്ത്യയ്‌ക്കോ എടികെ മോഹൻ ബഗാനിനോ വേണ്ടി 9-ാം നമ്പറായി കളിക്കുന്നില്ല. ബാഗാനിൽ റോയ് കൃഷ്ണയും ഡേവിഡ് വില്യംസും പിന്നിലാണ് താരത്തിന്റെ സ്ഥാനം.ബ്രാൻഡൻ ഫെർണാണ്ടസ്, സഹൽ അബ്ദുൾ സമദ് തുടങ്ങിയ അറ്റാക്കിങ് മിഡ്ഫീൽഡർസ് ഇന്ത്യൻ ഫോർവേഡുകളേക്കാൾ കൂടുതൽ ഗോൾ നേടിയവരാണ്.

ഛേത്രിയുടെ പകരക്കാരനെ കണ്ടെത്തുക എന്നത് വളരെ വലിയൊരു കടമ്പയാണ്. ഇന്ത്യൻ ഫുട്ബോളിൽ ഐഎം വിജയൻ ,ബൂട്ടിയ എന്നി ഇതിഹാസങ്ങളേക്കാൾ ഉയരത്തിൽ നിൽക്കുന്ന താരമാണ് ഛേത്രി. പക്ഷേ ഫുട്ബോൾ ഒരു ടീം സ്പോർട് ആണ് ഒരു മത്സരം വിജയിക്കാൻ ടീമിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണ്, എ‌ഐ‌എഫ്, ഐ‌എസ്‌എൽ എന്നിവ ലീഗ് തലത്തിലും ഗ്രാസ്‌റൂട്ടിലും ഒരുപോലെ താരങ്ങളെ വളർത്തിക്കൊണ്ടു വരുന്നുണ്ട് . ഛേത്രി ഇന്ത്യൻ ഫുട്ബോളിന് നൽകിയ സംഭാവനകൾ അതാണ് വലുതാണ്. ഇന്ത്യൻ ഫുട്ബോൾ ആരാധകരെ വീണ്ടും ഇന്ത്യയുടെ മത്സരങ്ങൾക്ക് സ്റ്റേഡിയത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ് ഛേത്രി.

Rate this post
indian footballSunil Chhetri